റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ലഘുഭക്ഷണത്തിനുള്ള ചെലവ് ചുരുക്കണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കുട്ടികളെ പിഴിഞ്ഞും അവരുടെ ആവശ്യങ്ങള്‍ വെട്ടിച്ചുരുക്കിയുമാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. ഇപ്പോള്‍, റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലഘുഭക്ഷണ ചെലവ് ചുരുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്‍കാന്‍ അനുവദിച്ച തുക പരമാവധി കുറച്ച് ഉപയോഗിക്കണമെന്ന വിവാദ ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് റിഹേഴ്‌സലിനുള്‍പ്പെടെയുള്ള ലഘുഭക്ഷണം നല്‍കുന്നതിനായി വിവിധ ജില്ലാ കളക്ടര്‍ക്ക് മുന്‍കാലങ്ങളിലെ പോലെ സര്‍ക്കാര്‍ തുക അനുവദിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയ്ക്ക് 1.5 ലക്ഷവും ബാക്കി ജില്ലകള്‍ക്ക് 75000 രൂപയും ആണ് അനുവദിച്ചത്. പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പില്‍ നിന്ന് ഈ മാസം 19 ന് ഇറങ്ങിയ ഉത്തരവിലാണ് അനുവദിച്ച തുക നിയന്ത്രിച്ച് ചെലവഴിക്കണം എന്ന് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്.
കുട്ടികള്‍ക്ക് കൊടുക്കുന്ന ലഘുഭക്ഷണം നിയന്ത്രിച്ച് ചെലവഴിക്കണമെന്ന വിചിത്ര നിര്‍ദ്ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് ടൈംസ് ഓഫ് ഇന്ത്യ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൗരപ്രമുഖര്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ച് സല്‍ക്കാരം സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ കുട്ടികളുടെ ലഘുഭക്ഷണ ചെലവ് വെട്ടിക്കുറയ്ക്കണമെന്ന ഇരട്ടത്താപ്പ് താരതമ്യം ചെയ്താണ് ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റന്റ് എഡിറ്റര്‍ കെ.പി സായ് കിരണിന്റെ റിപ്പോര്‍ട്ട്.
പൗരപ്രമുഖര്‍ക്കായി 32 ഇനങ്ങളാണ് ക്രിസ്മസ് വിരുന്നിനായി പിണറായി ഒരുക്കിയത്. 10 ലക്ഷമായിരുന്നു ഭക്ഷണത്തിന് മാത്രം ചെലവ്. പൗരപ്രമുഖരുടെ ഓണസദ്യക്ക് 65 ഇനങ്ങള്‍ ആണ് മുഖ്യമന്ത്രി ഒരുക്കിയത്. 20 ലക്ഷമായിരുന്നു ചെലവായത്.