നിർമല സീതാരാമൻ്റെ ബജറ്റിൽ കേരളത്തിന് എന്ത് കിട്ടും? ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിന് മുന്നോടിയായി നിർമല സീതാരാമനെ കണ്ട് കേരളത്തിൻ്റെ ആവശ്യങ്ങൾ അറിയിച്ചിരുന്നുന്നു. അതിനോട് നിർമല സീതാരാമൻ്റെ പ്രതികരണം ബജറ്റിൽ അറിയാം.
വിഴിഞ്ഞം തുറമുഖ തുടർ വികസനത്തിന് 5000 കോടി രൂപ, വയനാടിന് പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ്, 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങളാണ് കേന്ദ്രത്തിന് മുന്നിൽ കേരളം ഉന്നയിച്ചിരിക്കുന്നത്.
ജി എസ് ടി നഷ്ട പരിഹാരം തുടരണമെന്ന ആവശ്യവും കേരളം മുന്നോട്ടു വച്ചിട്ടുണ്ട്. കേന്ദ്ര സ്ക്രാപ്പ് പോളിസിക്ക് പകരം സർക്കാർ വാഹനങ്ങൾക്കായി 800 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ നേരിടാൻ 4500 കോടി തുടങ്ങിയവയും കേരളത്തിന്റെ ആവശ്യങ്ങളാണ്. തീരദേശ ശോഷണം നേരിടാൻ 2329 കോടി രൂപ അനുവദിക്കണമെന്നും കേരളത്തിന്റെ ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.
കടമെടുപ്പ് പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ കേസ് പോയിരുന്നുവെങ്കിലും കേസ് അനക്കമില്ലാതെ നിശ്ചലാവസ്ഥയിലാണ്. ആ കേസിൽ കേരളത്തിനായി വാദിക്കാൻ ഇറക്കിയ കപിൽ സിബലിന് 1 കോടി രൂപയാണ് കേരളം ഫീസായി നൽകിയതെങ്കിലും കേസിൽ യാതൊരു ഗുണവും ഉണ്ടായില്ല. അതുകൊണ്ട് തന്നെ നിർമല സീതാരാമൻ്റെ ബജറ്റിലാണ് കെ.എൻ. ബാലഗോപാലിൻ്റെ പ്രതീക്ഷകൾ.