സ്വർണാഭരണങ്ങൾ നിർമ്മിക്കുന്നതിനുള്ള അനുബന്ധ ഘടകങ്ങൾക്കും ഇറക്കുമതി നികുതി 15 ശതമാനമായി കൂട്ടി കേന്ദ്രസർക്കാർ. മൂക്കുത്തി, കമ്മൽ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന കൊളുത്ത് (hooks), സ്‌ക്രൂ, പിൻ തുടങ്ങിയവയുടെ ഇറക്കുമതി നികുതിയാണ് കൂട്ടിയത്. വെള്ളി അനുബന്ധ വസ്തുക്കൾക്കും നികുതി വർധന ബാധകമാണ്. പുതുക്കിയ നിരക്ക് ഇന്നലെ (ജനുവരി 22) പ്രാബല്യത്തിൽ വന്നു. പുതിയ നിരക്കിൽ 10 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവയും (BCD) 5 ശതമാനം കാർഷിക, അടിസ്ഥാന സൗകര്യ വികസന സെസുമാണ് (AIDC).

നിലവിൽ സ്വർണത്തിന് 12.5 ശതമാനമാണ് ഇറക്കുമതി തീരുവ. ഇതോടൊപ്പം 2.5 ശതമാനം കാർഷിക, അടിസ്ഥാനസൗകര്യ വികസന സെസുമുണ്ട്. അതായത്, മൊത്തം ഇറക്കുമതി നികുതി 15 ശതമാനം.

അതേസമയം കൊളുത്ത്, പിൻ, സ്‌ക്രൂ തുടങ്ങിയ നിർമ്മാണ അനുബന്ധ വസ്തുക്കൾ അസംസ്‌കൃതവസ്തുക്കൾ എന്ന പേരിൽ ചില വ്യാപാരികൾ ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യുമ്പോൾ നികുതി 5 ശതമാനത്തിലും താഴെയാണ്.
ഈ പഴുത് ദുരുപയോഗം ചെയ്ത് ചില വ്യാപാരികൾ സ്വർണാഭരണങ്ങൾ നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഇവയുടെ നികുതിയും 15 ശതമാനത്തിലേക്ക് കേന്ദ്രം കൂട്ടിയതെന്നാണ് വിലയിരുത്തൽ. ഇത്തരം വസ്തുക്കളുടെ (Gold, silver findings) ഇറക്കുമതി കഴിഞ്ഞ രണ്ട് മാസങ്ങളിലായി കൂടിയത് പരിഗണിച്ചുമാണ് കേന്ദ്ര നടപടി.

അമൂല്യ രത്‌നങ്ങളുള്ള (Precious metals) ആഷിനും (Spent Catalyst or Ash) 14.35 ശതമാനമായി ഇറക്കുമതി നികുതി കൂട്ടിയിട്ടുണ്ട്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 4.35 ശതമാനം കാർഷിക, അടിസ്ഥാനസൗകര്യ വികസന സെസുമാണ്.
ഉപയോക്താക്കളെ ബാധിക്കില്ല

അതേസമയം, ഇറക്കുമതി തീരുവ കൂട്ടിയ നടപടി ഉപയോക്താക്കളെ ബാധിക്കില്ല. കാരണം, ഉപഭോക്താവ് വാങ്ങുന്ന ആഭരണങ്ങൾക്ക് നിലവിൽ 15 ശതമാനം ഇറക്കുമതി തീരുവ തന്നെയാണുള്ളത്. നിയമാനുസൃതമായി 15 ശതമാനം ഇറക്കുമതി തീരുവ നൽകി സ്വർണം ഇറക്കുമതി ചെയ്യുന്ന വ്യാപാരികൾക്കും നികുതി വർധന തിരിച്ചടിയല്ല.

അസംസ്‌കൃത വസ്തുവെന്ന പേരിൽ നികുതിയിളവോടെ സ്വർണം ഇറക്കുമതി ചെയ്ത്, ആഭരണങ്ങളിൽ ചേർത്ത് വിറ്റ് ലാഭമുണ്ടാക്കിയിരുന്നവർക്കാണ് കൂടിയ നികുതി തിരിച്ചടിയാവുക.