ജീവിതത്തിലെ തന്റെ ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടി പാർവ്വതി തിരുവോത്ത്. പാർവ്വതി തിരിവോത്ത് എന്നാൽ മലയാളത്തിലെ ബോൾഡ് നടിമാരുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. അഭിപ്രായം പറയേണ്ടിടത്ത് ആരെയും ഭയക്കാതെ അത് പറയുകയും പ്രതികരിക്കുകയും ചെയ്യുന്ന നടി. എന്നാൽ ജീവിതത്തിൽ ചില ഇടങ്ങളിൽ താൻ പതറിപ്പോയിട്ടുണ്ട് എന്നാണ് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ പാർവ്വതി തിരുവോത്ത് പറഞ്ഞത്.

2014, ബാഗ്ലൂർ ഡെയ്‌സിന് ശേഷം ആണ് മനസ്സും ശരീരവും രണ്ട് ദിശയിലാണ് എന്ന് തനിക്ക് ബോധ്യമായതെന്ന് പാർവ്വതി പറയുന്നു. മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ ശരീരം അതിനോട് പ്രതികരിച്ചു. ഒരു ദിവസം കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയായിരുന്നു. ആ ഡീപ്പ് ഡിപ്രഷൻ സ്റ്റേജിൽ നിന്ന് കടന്നു വന്നത് ഉയരെ എന്ന ചിത്രത്തിനൊക്കെ ശേഷമാണ്. സിനിമകൾ ചെയ്തു തുടങ്ങിയപ്പോഴാണ് എന്ന് പാർവ്വതി പറയുന്നു.

തിരിഞ്ഞു നോക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമായി തോന്നുന്നത് എന്താണ് എന്ന് ചോദിച്ചപ്പോഴായിരുന്നു പാർവ്വതിയുടെ പ്രതികരണം, ഞാൻ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്നതു തന്നെ. അതിന്റെ പാടുകളാണ് കൈയ്യിലൊക്കെയുള്ളത് എന്നും പാർവ്വതി പറയുന്നുണ്ട്. ഞാൻ കടന്നുവന്ന മാനസിക സമ്മർദ്ദത്തിൽ നിന്ന് നോക്കുമ്പോൾ അങ്ങനെ പറയാനേ സാധിയ്ക്കുന്നുള്ളൂ. ആ അവസ്ഥയൊക്കെ തരണം ചെയ്ത് ഞാൻ ഇവിടെ വരെ വന്നിരിക്കുന്നുണ്ടെങ്കിൽ അതിന് ദൈവത്തിന് നന്ദി- എന്നാണ് പാർവ്വതി പറഞ്ഞത്.

റിലേഷൻഷിപ് സ്റ്റാറ്റസിനെ കുറിച്ചും പാർവ്വതി സംസാരിക്കുന്നുണ്ട്. ഇപ്പോൾ എന്റെ കംപാനിയൻ ഞാൻ തന്നെയാണ്. എന്റെ കാര്യങ്ങൾ എല്ലാം ഞാൻ എന്നോട് തന്നെയാണ് സംസാരിക്കുന്നത്. അതല്ലാതെ ജീവിതത്തിലേക്ക് ഒരു വ്യക്തി കടന്നു വന്നു കഴിഞ്ഞാൽ അദ്ദേഹവുമായി എനിക്കിതെല്ലാം പങ്കുവയ്ക്കാൻ സാധിക്കണം. എന്നെ സംബന്ധിച്ച് അത് രണ്ടും വളരെ വ്യത്യസ്തമായ ഒന്നാണ്.

എന്റെ ജീവിതത്തിൽ ചില മനോഹരമായ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ദിവസങ്ങളിൽ ചിന്തിയ്ക്കുമ്പോൾ ഞാൻ എത്ര ഭാഗ്യവതിയാണ് എന്ന് തോന്നു. പക്ഷെ ഇപ്പേൾ ഞാൻ സിംഗിളാണ്. എന്റെ സുഹൃത്തുക്കളിൽ പലരും പല കാറ്റഗറിയിൽ ഉള്ളവരാണ്. വിവാഹം ചെയ്തവരുണ്ട്, വിവാഹം ചെയ്ത് കുട്ടികളൊക്കെയായി ജീവിക്കുന്നവരുണ്ട്, വിവാഹം കഴിഞ്ഞ് ഡിവോഴ്‌സ് ആയിട്ടുള്ളവരുണ്ട്. ഞാനും മറ്റൊരു സുഹൃത്തും മാത്രമാണ് ഇപ്പോഴും സിംഗിളായി തുടരുന്നതുള്ളൂ.

നൈറ വഹീദിന്റെ ഒരു വരിയുണ്ട്, ചിലരെ കാണുമ്പോൾ മാത്രമാണ് നമുക്ക് അത് അനുഭവപ്പെടുന്നത് എന്ന്. അതുവരെ ബോധ്യമാകാത്തത് ചിലതുണ്ട്. എനിക്ക് അതുപോലെയാണ്. വളരെ സെൻസിറ്റീവ് ആയിട്ടുള്ള ആളാണ് ഞാൻ. അതുകൊണ്ട് എനിക്ക് അങ്ങനെ ഒറു മാറ്റം വരുമ്പോൾ, ആരുടെയെങ്കിലും സാമിപ്യം എന്നിൽ മാറ്റമുണ്ടാക്കുമ്പോൾ എനിക്കത് തിരിച്ചറിയാൻ സാധിയ്ക്കും- പാർവ്വതി തിരുവോത്ത് പറഞ്ഞു.