NationalPolitics

ഇന്ത്യ മുന്നണി വിട്ട് മമത; ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കും

ബംഗാളില്‍ ഇന്ത്യ മുന്നണിയിലില്ലാതെ ഒറ്റക്ക് മത്സരിക്കാൻ മമത ബാനർജി. തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കും.

താന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളിയെന്ന് മമത ബാനര്‍ജി പറഞ്ഞു. ചര്‍ച്ചകള്‍ പരാജയപ്പെട്ടു, ബംഗാളിലൂടെയുള്ള ന്യായ് യാത്ര അറിയിച്ചില്ല. കോണ്‍ഗ്രസ് മര്യാദ കാണിച്ചില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കാനാണ് തൃണമുല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇന്ത്യ മുന്നണിയുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും.

‘എനിക്ക് കോൺഗ്രസുമായി ഒരു ബന്ധവുമില്ല… ബംഗാളിൽ ഞങ്ങൾ ഒറ്റയ്ക്ക് പോരാടും. തെരഞ്ഞെടുപ്പിനു ശേഷം ദേശീയ തലത്തിൽ തീരുമാനമെടുക്കും.’’– മമത ബാനർജി പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് വരുന്ന കാര്യം തന്നെ അറിയിക്കാനുള്ള മര്യാദ പോലും കോൺഗ്രസിനില്ലെന്നും മമത തുറന്നടിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ 2 സീറ്റ് നൽകാമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാഗ്ദാനം കോൺഗ്രസ് തള്ളിയിരുന്നു. 6 സീറ്റെങ്കിലും വേണമെന്ന് കോൺഗ്രസും അത്രയും ജയിക്കാനുള്ള കെൽപ് കോൺഗ്രസിനില്ലെന്നു തൃണമൂലും വ്യക്തമാക്കിയതോടെ ‘ഇന്ത്യ’ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകളിൽ പ്രതിസന്ധി രൂക്ഷമായി.

നിലവിൽ കോൺഗ്രസിന്റെ കൈവശമുള്ള 2 സീറ്റ് നൽകാമെന്നു തൃണമൂൽ നിലപാടെടുത്തതാണു കല്ലുകടിയായത്. ഈ സീറ്റുകളിൽ മത്സരിക്കാൻ തൃണമൂലിന്റെ ഔദാര്യം ആവശ്യമില്ലെന്നു പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു.

തൃണമൂലുമായി സഖ്യം വേണ്ടെന്നും സിപിഎമ്മുമായി കൈകോർക്കാമെന്നുമാണു സംസ്ഥാന കോൺഗ്രസിലെ ഭൂരിപക്ഷാഭിപ്രായം. എന്നാൽ, തൃണമൂലിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡ്. ഇതിനിടെയാണ് ഒറ്റയ്ക്കു മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം വരുന്നത്.

#Congress #MamataBanerjee #TMC #WestBengal #INDIAAlliance #LokSabhaElections2024

Leave a Reply

Your email address will not be published. Required fields are marked *