NewsPolitics

പിഎസ്‌സി അംഗത്വത്തിന് കോഴ: പ്രമോദ് കോട്ടൂളിയെ സി.പി.എം പുറത്താക്കി

പിഎസ്‌സി അംഗത്വം നൽകാൻ സി.പി.എം മന്ത്രിയുടെ പേര് പറഞ്ഞ് കോഴ വാങ്ങിയെന്ന പരാതിയിൽ സിപിഎം ഏരിയ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. റിയൽ എസ്റ്റേറ്റ് ബന്ധം ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രമോദിനെതിരെ പാര്‍ട്ടിയുടെ നടപടി. ആയുഷിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രമോദ് ആരോഗ്യമന്ത്രിയുടെ സെക്രട്ടറി സജീവന്‍റെ സഹായം ഉണ്ടാകും എന്ന് തെറ്റിദ്ധരിപ്പിച്ചെന്നും പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇതിനായി നഗരത്തിലെ ഒരു ബിജെപി നേതാവുമായി ചേർന്ന് പ്രമോദ് പ്രവർത്തിച്ചെന്നും കണ്ടെത്തലുണ്ട്. പാർട്ടിക്ക് നിരക്കാത്ത നിരവധി പ്രവർത്തനങ്ങള്‍ പ്രമോദ് നടത്തിയെന്നതിന്‍റെ പേരിലാണ് നടപടി. ജില്ല കമ്മറ്റി തീരുമാനം പ്രമോദ് ഉൾപ്പെടുന്ന ടൗൺ ഏരിയ കമ്മറ്റിയിൽ അവതരിപ്പിച്ചു.

വിഷയം കൈകാര്യം ചെയ്യുന്നതിൽ ജില്ല കമ്മറ്റിക്ക് വീഴ്‌ച സംഭവിച്ചതായും സംസ്ഥാന നേതൃത്വം യോഗത്തെ അറിയിച്ചു. ഇന്നത്തെ സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി യോഗത്തിൽ വാക്ക്‌പോരും ഉണ്ടായി. പി എസ് സി കോഴ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയുടെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ ചൊല്ലിയാണ് കമ്മിറ്റിയിൽ വാക്കുതർക്കം ഉണ്ടായത്.

പരസ്യ കമ്പനിയുള്ള ഒരു ജില്ല കമ്മിറ്റി അംഗത്തിനും ബിനാമി ഇടപാടുകൾ ഉണ്ടെന്നാണ് ഒരു വിഭാഗം പറഞ്ഞത്. ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ല സെക്രട്ടറി അടക്കം സ്വീകരിയ്ക്കുന്നതെന്നും വിമർശനം ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *