നിങ്ങൾ സെക്ഷ്വലി ആക്റ്റീവ് ആയ ഒരു വ്യക്തിയാണോ? എങ്കിൽ ലൈംഗിക ബന്ധത്തിലൂടെ ഹ്യൂമൻ പാപിലോമ വൈറസ് (HPV) എത്തിച്ചേരാനുള്ള സാധ്യത കൂടുതലാണ്. ഈ വൈറസ് ആണ് സെർവിക്കൽ ക്യാൻസർ അഥവാ ഗർഭാശയമുഖ അർബുദത്തിന് കാരണമാകുന്നത്. ചെറുപ്രായത്തിലേ ഉള്ള ലൈംഗിക ബന്ധങ്ങൾ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം തുടങ്ങിയവയെല്ലാം ഈ ക്യാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ ഏറ്റവും അപകടകരമായ ഒന്നാണിത്. ഇന്ത്യയിൽ ഓരോ എട്ടുമിനിറ്റിലും ഒരു സ്ത്രീ സെർവിക്കൽ ക്യാൻസർ മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകൾ പറയുന്നത്. മരണനിരക്ക് കൂടുന്നതിന്റെ പ്രധാന കാരണം തുടക്കത്തിൽ തന്നെ രോഗ ലക്ഷണങ്ങൾ തിരിച്ചറിയാൻ പലർക്കും സാധിക്കാത്തതാണ്.

സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇന്ന് വാക്‌സിൻ ലഭ്യമാണ്. സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനേഷൻ അഥവാ HPV വാക്സിനേഷൻ വിവിധ കാരണങ്ങളാൽ പരമപ്രധാനമാണ്. പ്രാഥമികമായി HPV അണുബാധ തടയുന്നതിനും അനുബന്ധ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിനും ഇത് ഫലപ്രദമാണ്.

പല വിധ അർബുദങ്ങൾ ഉണ്ടാകാൻ കാരണമാകുന്ന വൈറസ് ആണ് ഹ്യൂമൻ പാപ്പിലോമ വൈറസ്. അതുകൊണ്ട് തന്നെ HPV വാക്സിനേഷൻ എടുക്കുന്നത് ഇത്തരം ക്യാൻസറുകൾ ഉണ്ടാകുന്നതിനുള്ള സാധ്യത ക്രമാതീതമായി കുറയ്ക്കുന്നു. പ്രധാനമായും സ്ത്രീകളിൽ കണ്ടുവരുന്ന സെർവിക്കൽ ക്യാൻസർ ചില തരം ഹ്യൂമൻ പാപ്പിലോമാ വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ HPV വാക്സിനേഷൻ ചെയ്യുന്നത് ഇത്തരം വൈറസുമായുള്ള സമ്പർക്കത്തെ പ്രതിരോധിക്കുകയും സെർവിക്കൽ ക്യാൻസർ സാധ്യതയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

സ്ത്രീകളും പുരുഷന്മാരനും ഈ വാക്‌സിൻ എടുക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ നേതൃത്വം വ്യക്തമാക്കുന്നുണ്ട്. കാരണം ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കുന്നു. മാത്രമല്ല HPV സംബന്ധമായ എല്ലാ രോഗങ്ങളുടെയും സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ചിലരിൽ ജനനേന്ദ്രിയത്തിൽ അരിമ്പാറ പോലുള്ളവർ വളരാൻ HPV കാരണമാകുന്നു. ഇത് ശാരീരികമായും മാനസികമായി ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാൽ HPV വാക്സിനേഷൻ ഇത്തരം അരിമ്പാറ പോലുള്ള വളർച്ച ഉണ്ടാകുന്നത് തടയുകയും മൊത്തത്തിലുള്ള ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യാൻ ഗുണകരമാണ്.

ലൈംഗിക ബന്ധത്തിന് മുമ്പായി എത്രയും നേരത്തെ വാക്‌സിൻ എടുക്കുന്നുവോ അത്രയും ഫലപ്രദമായി വാക്സിൻ പ്രവർത്തിക്കുന്നു. ചെറിയ പ്രായത്തിലുള്ള ലൈംഗിക ബന്ധം സെർവിക്കൽ ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുമെന്നതിനാൽ കൗമാരക്കാർക്കും ചെറുപ്പക്കാർക്കും ഇത് പരമാവധി പ്രയോജനം നൽകുന്നു. ആദ്യ ലൈംഗിക ബന്ധത്തിന് മുമ്പായി വാക്‌സിനേഷൻ നൽകുന്നതാണ് ഫലപ്രദം എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.