മലയോര മേഖലയിലെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് സർക്കാരിന് ഇൻ്റലിജൻസിൻ്റെ മുന്നറിയിപ്പ്. തുടർച്ചയായി ഉണ്ടാകുന്ന വന്യ ജീവി ആക്രമണങ്ങളിൽ ജീവഹാനിയിലും കൃഷി നഷ്ടത്തിലും സർക്കാർ നിസംഗത പുലർത്തുന്നു എന്ന പ്രചരണം മലയോര മേഖലയിൽ ശക്തമാണ്.
നഷ്ടപരിഹാരം വൈകുന്നതും വന്യമൃഗ ശല്യം പരിഹരിക്കാൻ സാധിക്കാത്തതും വീഴ്ചയാണെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. വനം മന്ത്രി എ.കെ. ശശീന്ദ്രനോട് മലയോരമേഖലയിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്നു വെന്നും റിപ്പോർട്ടിലുണ്ട്. മന്ത്രിയുടെ പെരുമാറ്റവും അനാവശ്യ ഡയലോഗുകളും എതിർപ്പിന് ആക്കം കൂട്ടുന്നു.വിവാദമായ വനം കരട് ബിൽ പിൻവലിച്ചത് നന്നായെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
പൊതുവെ നില നിൽക്കുന്ന അതൃപ്തി ഇല്ലാതാക്കിയില്ലെങ്കിൽ മലയോര മേഖലയിൽ തിരിച്ചടി ഉണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.യു.ഡി.എഫിൻ്റെ മലയോര ജാഥ നാളെ സമാപിക്കുന്ന പശ്ചാത്തലത്തിൽ ആണ് സർക്കാർ ഇൻ്റലിജൻസ് റിപ്പോർട്ട് തേടിയത്.റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ബജറ്റിൽ വനം മേഖലക്ക് കൂടുതൽ ഫണ്ട് വകയിരുത്തിയേക്കും. നഷ്ടപരിഹാരം ഉൾപ്പെടെയുള്ളവ അടിയന്തിരമായി വിതരണം ചെയ്യും.