ഗുരുവായൂർ: വ്യാജരേഖ ചമച്ച് ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടിയ ജീവനക്കാരനെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പുറത്താക്കി. ഇയാൾ ശമ്പള ഇനത്തിൽ വാങ്ങിയ 12 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കണം.
ദേവസ്വത്തിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തൃശൂർ കോലഴി കെൽട്രോൺ നഗറിൽ കാട്ടുങ്ങൽ അനൂപ് ചന്ദ്രനെയാ ണ് കെ.ഡി.ആർ.ബി പുറത്താക്കിയത്. ജനുവരി 23ന് ചേർന്ന റിക്രൂട്ട്‌മെന്റ് ബോർഡ് യോഗമാണ് തീരുമാനമെടുത്തത്.
ദേവസ്വം ബോർഡ് നടത്തുന്ന പരീക്ഷകളിൽ നിന്ന് ഇയാളെ ഡീബാർ ചെയ്തു. തന്റെ അവസരം വ്യാജ രേഖ ഉപ യോഗിച്ച് തട്ടിയെടുത്തെന്നാരോപിച്ച് മറ്റൊരു ഉദ്യോഗാർത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, ഹൈക്കോ ടതി വിജിലൻസിനോട് അന്വേഷിക്കാൻ ഉത്തരവ് നൽകുകയായിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യാജരേഖ ഉപയോഗിച്ചാണ് ജോലിയിൽ പ്രവേശിച്ചതെന്ന് കണ്ടെത്തിയത്. വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോർഡ് നടപടിയെടുത്തു.
വ്യാജ രേഖ ചമച്ച് ജോലി നേടിയവർ ഇനിയും ഉണ്ടെന്നാണ് സൂചന. രാഷ്ട്രിയ പാർട്ടികളുടെ പിൻബലം ഉള്ളതു കൊണ്ടാണ് ഇത്തരം തട്ടിപ്പുകൾ പുറത്ത് വരാത്തത്.
2015 ൽ ആണ് ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് സ്ഥാപിച്ചത്. സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിൽ പി.എസ് സി പുലർത്തുന്ന കാര്യമക്ഷത ബോർഡിനില്ല. ദേവസ്വം റിക്രൂട്ട്മെൻ്റ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടാൽ ഇതുപോലുള്ള തട്ടിപ്പുകൾക്ക് അറുതി വരുത്താൻ സാധിക്കും.