
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രകാരം, കേരളത്തിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ താപനില 2°C മുതൽ 3°C വരെ സാധാരണയേക്കാൾ കൂടുതൽ ഉയരാനുള്ള സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ചേർന്ന് അസ്വസ്ഥതയുള്ള കാലാവസ്ഥ ഉണ്ടാകാനിടയുണ്ട്. ഇതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA) പൊതുജനങ്ങൾക്ക് ഒരു കൂട്ടം മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, ജനങ്ങൾ ഇനിപ്പറയുന്ന മുൻകരുതലുകൾ പാലിക്കണമെന്ന് SDMA ഉണർത്തിച്ചു:
ആരോഗ്യ-സുരക്ഷാ നിർദേശങ്ങൾ
- വസ്ത്രധാരണം: അയഞ്ഞതും ഇളം നിറമുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷ ധരിക്കുക. കുട അല്ലെങ്കിൽ തൊപ്പി ഉപയോഗിക്കുക.
- ജലസേവനം: പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക.
- സൂക്ഷ്മ വിഭാഗങ്ങൾ: വൃദ്ധർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിയുള്ളവർ, രോഗികൾ തുടങ്ങിയവർ പ്രത്യേക ശ്രദ്ധ പുലർത്തണം. ഇത്തരം വിഭാഗങ്ങൾ പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
തീപിടുത്ത സുരക്ഷ
താപനില ഉയരുന്നതോടെ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ തീപിടുത്ത സാധ്യത വർദ്ധിച്ചിട്ടുണ്ട്. ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അധികൃതർ ഉണർത്തിച്ചു. ഇത്തരം സ്ഥലങ്ങളോട് ചേർന്ന് താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.
കാട്ട് തീ മുന്നറിയിപ്പ്
ചൂട് കൂടുന്നതോടെ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയും ഉണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ശ്രദ്ധിക്കണം. കാട്ടുതീ ഉണ്ടാകാനിടയാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കുക. പരീക്ഷാക്കാലത്ത് പരീക്ഷാഹാളുകളിൽ ജലലഭ്യത ഉറപ്പാക്കണം. കുട്ടികളുടെ പുറത്തെ പ്രവർത്തനങ്ങൾ പകൽ 11 മുതൽ 3 വരെ ഒഴിവാക്കുക. സ്കൂൾ ട്രിപ്പുകൾ സമയക്രമീകരിക്കുകയും കുട്ടികൾ നേരിട്ട് ചൂട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
അംഗനവാടി കുട്ടികൾ
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം ഉറപ്പാക്കാൻ പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേക ശ്രദ്ധ പുലർത്തണം.
മറ്റ് നിർദേശങ്ങൾ
- ഇരുചക്ര വാഹനക്കാർ: ഓൺലൈൻ ഭക്ഷണ വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഉച്ചസമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് ഉറപ്പാക്കണം. ചൂട് ഏൽക്കാതിരിക്കാൻ ഉചിതമായ വസ്ത്രധാരണം നടത്തുകയും ആവശ്യമെങ്കിൽ ഇടയ്ക്ക് വിശ്രമിക്കുകയും ചെയ്യണം.
- മാധ്യമപ്രവർത്തകർ, പോലീസ്: പ്രവർത്തന സമയത്ത് കുട ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കുകയും ചെയ്യണം.
- പൊതുപരിപാടികൾ: പകൽ 11 മുതൽ 3 വരെ സമ്മേളനങ്ങൾ ഒഴിവാക്കുക. പങ്കെടുക്കുന്നവർക്ക് കുടിവെള്ളവും തണലും ലഭ്യമാണെന്ന് ഉറപ്പാക്കണം.
- തൊഴിലാളികൾ: നിർമാണ തൊഴിലാളികൾ, കർഷകർ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുകയും വിശ്രമം ഉറപ്പാക്കുകയും ചെയ്യണം.
- മൃഗങ്ങൾ: ഉച്ചവെയിലിൽ മൃഗങ്ങളെ മേയാൻ വിടുന്നത് ഒഴിവാക്കുക. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
- വാഹനങ്ങൾ: കുട്ടികളെയോ മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
- ജലസംരക്ഷണം: ജലം പാഴാക്കാതെ ഉപയോഗിക്കുക. മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കുക. എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.
- അസ്വസ്ഥത: അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.