വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സൈനികന്‍ നടത്തിയ വ്യാജ പരാതിയില്‍ വീണ്ടും പ്രതികരണവുമായി ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഈ സൈനികന്‍ വ്യാജനാണെന്നു തെളിഞ്ഞെങ്കിലും താന്‍ ഉന്നയിച്ച വിമര്‍ശനത്തിനു പ്രസക്തിയുണ്ടെന്ന് അനില്‍ ആന്റണി ന്യായീകരിച്ചു. തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി കേരളം മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ടെങ്കിലും, ഈ സൈനികന്റെ വിഷയം ഉയര്‍ത്തിക്കാട്ടി അതിനെ വെള്ളപൂശാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും അനില്‍ ആന്റണി എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കൊല്ലം കടയ്ക്കലിലായിരുന്നു പിഎഫ്‌ഐക്കാര്‍ ആക്രമിച്ചെന്ന സൈനികന്റെ വ്യാജ പരാതി. ഇത് കണ്ടപാടെ പ്രതികരിച്ച് കുഴിയില്‍ ചാടിയെങ്കിലും വീണ്ടും ന്യായീകരണങ്ങളും വിശദീകരണവും തുടരുകയാണ് ബിജെപി ദേശീയ സെക്രട്ടറി.

”ഭീകരവാദത്തോട് അനുഭാവം പുലര്‍ത്തുന്ന ചില രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍, ഫാക്ട് ചെക്ക് നടത്തുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഒരു വലിയ സംഘം, രണ്ടു ദിവസം മുന്‍പ് ഞാന്‍ നടത്തിയ ചില പ്രസ്താവനകളില്‍ അസ്വസ്ഥരായിക്കണ്ടു. ഞാന്‍ പരാമര്‍ശിച്ച സൈനികനും അയാളുടെ സുഹൃത്തും വ്യാജന്‍മാരാണെന്നു തെളിഞ്ഞെങ്കിലും തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം മാറുന്നുവെന്ന വസ്തുത ഇല്ലാതാകുന്നില്ല.

ഐഎസുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ഒന്നിലധികം രഹസ്യ നീക്കങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ദേശീയ അന്വേഷണ ഏജന്‍സി തകര്‍ത്തത്. ഈ ഭീകരസംഘടനകള്‍ക്ക് അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഒരു കേരള പൊലീസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തതും അടുത്തിടെയാണ്.

കോണ്‍ഗ്രസും സിപിഎമ്മും മുസ്‌ലിം ലീഗും ഉള്‍പ്പെടുന്ന പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുമായി ബന്ധം പുലര്‍ത്തുന്ന, അതേസമയം, ഭീകരവാദത്തോട് മമത കാട്ടുന്ന ചിലരും അവരുമായി ബന്ധപ്പെട്ട മാധ്യമങ്ങളും ഈ സംഭവം വച്ച് ഇവിടെ നടക്കുന്ന എല്ലാ ഇന്ത്യാവിരുദ്ധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും വെളുപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഇവരെല്ലാം കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്” കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്ത് അനില്‍ ആന്റണി കുറിച്ചു.

രാജസ്ഥാനില്‍ ജയ്‌സല്‍മേര്‍ 751 ഫീല്‍ഡ് വര്‍ക്ഷോപ്പില്‍ സൈനികനായ കടയ്ക്കല്‍ ചാണപ്പാറ ബി.എസ്. നിവാസില്‍ ഷൈനാണ് (35), ഒരു വിഭാഗം ആളുകള്‍ ആക്രമിച്ച് മുതുകില്‍ ‘പിഎഫ്‌ഐ’ എന്ന ചാപ്പകുത്തിയതായി പരാതിപ്പെട്ടത്. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ ഈ പരാതി പൊലീസ് വ്യാജമാണെന്നു കണ്ടെത്തി. സംഭവത്തില്‍ ഷൈനെയും സുഹൃത്ത് മുക്കട ജോഷി ഭവനില്‍ ജോഷിയെയും (40) കൊല്ലം റൂറല്‍ എസ്പി എം.എല്‍.സുനിലും സംഘവും അറസ്റ്റ് ചെയ്തിരുന്നു. പട്ടാളത്തിലേക്കു മടങ്ങാനുള്ള മടിയും പിഎഫ്‌ഐയോടുള്ള വിരോധവുമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ജനശ്രദ്ധ നേടാനും കൂടിയായിരുന്നു അക്രമ നാടകം.

അവധിക്കു നാട്ടിലെത്തിയ ഷൈന്‍ തിങ്കളാഴ്ച തിരിച്ചു പോകേണ്ടതായിരുന്നു. ഞായറാഴ്ച രാത്രി ഷൈനും ജോഷിയും ചേര്‍ന്നൊരുക്കിയ നാടകമാണെന്നാണു മൊഴി. എന്നാല്‍, നാട്ടില്‍ എത്തും മുന്‍പു തന്നെ ഷൈന്‍, ജോഷിയുമായി ചേര്‍ന്നു സംഭവം ആസൂത്രണം ചെയ്തിരുന്നുവെന്നാണു പൊലീസിനു ലഭിച്ച വിവരം. ഈ സംഭവത്തില്‍, സൈനികന്‍ പരാതി നല്‍കിയതിനു പിന്നാലെ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ആന്റണി കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഈ പരാതി വ്യാജമാണെന്നു തെളിഞ്ഞതോടെ, അനില്‍ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തിയതിനു കേസെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്തെത്തിയിരുന്നു.

എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനില്‍ ആന്റണി പറഞ്ഞത്:

തീവ്ര ഇസ്ലാമിക ആശയങ്ങള്‍ പിന്തുടരുന്ന ആളുകള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ സാഹചര്യമൊരുക്കുന്ന കേരളം, കമ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ രാജ്യത്തെത്തന്നെ പ്രതിസന്ധിയിലാക്കുന്ന ഒരു ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുന്നു. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ കേരളത്തില്‍ സ്ത്രീകളും കുട്ടികളും പോലും സാമൂഹിക വിരുദ്ധരാല്‍ ക്രൂരമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഒട്ടേറെ കണ്ടു. ഇന്നലെയും സമാനമായ ഒരു സംഭവമുണ്ടായി. ഒരു ഇന്ത്യന്‍ സൈനികനെ ചിലര്‍ പിടിച്ചുവച്ച് കൈകള്‍ ബന്ധിച്ച് മുതുകില്‍ പെയിന്റുകൊണ്ട് പിഎഫ്‌ഐ എന്ന് എഴുതി. ഇതാണ് ഇപ്പോള്‍ കേരളത്തിന്റെ ഞെട്ടിക്കുന്ന അവസ്ഥ. ഇതേക്കുറിച്ച് സിപിഎമ്മില്‍നിന്നോ കോണ്‍ഗ്രസില്‍നിന്നോ ഒരു നേതാവു പോലും പ്രതികരിച്ചില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഇവരെല്ലാം ചില പ്രത്യേക വിഭാഗം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന തിരക്കിലാണ്. വെറും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലാണ് ഇവര്‍ ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ച് പ്രീതിപ്പെടുത്തുന്നത്.