
തലസ്ഥാനത്തെ സിപിഎം എംഎൽഎ ബിജെപിയിലേക്ക്. തലമുതിർന്ന സിപിഎം നേതാവിനെ തന്നെ ബിജെപിയിലേക്ക് എത്തിക്കാൻ ചുക്കാൻ പിടിക്കുന്നത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരനാണ്. ഇരുവരും രണ്ട് വട്ടം ചർച്ച നടത്തി എന്നാണ് ലഭിക്കുന്ന സൂചന. സിപിഎമ്മിൻ്റെ ഔദ്യോഗിക നേതൃത്വവുമായി കുറച്ചുകാലമായി അകല്‍ച്ചയിലാണ് ഈ എംഎല്‍എ. ഇനിയൊരു തെരഞ്ഞെടുപ്പില്‍ സിപിഎം ചിഹ്നത്തില്‍ ഈ നേതാവിന് മത്സരിക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് കൂടുമാറ്റത്തിന് ഒരുങ്ങുന്നത്.
തിരുവനന്തപുരത്തെ മുതിർന്ന നേതാവായ എംഎല്‍എയുടെ ബിജെപി പ്രവേശനം തടയാൻ സിപിഎം സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ട് അനുനയ നീക്കം നടക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം നടത്തുന്നതിനായി ചേർന്ന സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി യോഗത്തില്‍ ഈ എംഎല്‍എയും വിമർശനം ഏറ്റുവാങ്ങിയിരുന്നു. സർക്കാരിനെതിരെ വിമർശനം നടത്തുന്നുവെന്നതായിരുന്നു ജില്ലാ കമ്മിറ്റിയംഗങ്ങള്‍ ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം. അതിന് പിന്നാലെ ഇന്നലെ ചേർന്ന ഇടതുമുന്നണി പാർലമെന്ററി യോഗത്തില്‍ മുഖ്യമന്ത്രിയും ഇദ്ദേഹത്തിന് ശാസനാ സ്വരത്തിലുള്ള താക്കീത് നല്‍കിയിരുന്നു. തിരുവനന്തപുരത്തെ ജില്ലാ നേതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് മുൻമന്ത്രി കൂടിയായ ഇദ്ദേഹം.
സിപിഎമ്മില്‍ വി.എസ് – പിണറായി ഗ്രൂപ്പ് പോര് ശക്തമായിരുന്ന കാലത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ പിണറായിക്കൊപ്പം ചേർത്തുകെട്ടിയ നേതാവാണ് ഇപ്പോള്‍ പാർട്ടി വിടാൻ ഒരുങ്ങുന്നത്. ഒരുകാലത്ത് വി.എസിന്റെ ശക്തമായ കോട്ടയായിരുന്ന തിരുവനന്തപുരം ജില്ല കമ്മിറ്റിയെ പിണറായിക്കൊപ്പം നിർത്തിയത് വമ്പൻ പരിശ്രമത്തിലൂടെയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരത്തെ ബിജെപി നേതൃത്വം വലിയ ആത്മവിശ്വാസത്തിലാണ്. നിയമസഭ തെരഞ്ഞെടുപ്പിന് ആത്മവിശ്വാസം പകരുന്ന വോട്ട് ശതമാന വളർച്ചയാണ് തിരുവനന്തപുരത്ത് ബിജെപിക്ക് ഉണ്ടായത്. സിപിഎം വിടാനൊരുങ്ങുന്ന നേതാവിന്റെ മണ്ഡലത്തില്‍ ബിജെപി ഒന്നാമതെത്തിയിരുന്നു.
ശശി തരൂർ ജയിച്ച തിരുവനന്തപുരം ലോകസഭ സീറ്റിൽ നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നി നിയമസഭ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖറായിരുന്നു മുന്നിൽ. ഈ 3 മണ്ഡലങ്ങളിൽ ശക്തനായ സ്ഥാനാർത്ഥികളെ നിർത്താനാണ് ബി.ജെ.പി ആലോചിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ മൽസരിക്കും എന്നാണ് സൂചന. ബി.ജെ.പിയിലേക്ക് ചേരാൻ ഒരുങ്ങുന്ന സിപിഎം എംഎൽഎ കഴക്കൂട്ടത്തോ വട്ടിയൂർക്കാവിലോ മൽസരിക്കും.