
തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമങ്ങൾക്ക് 13.96 കോടി രൂപ അനുവദിച്ച് സർക്കാർ. പത്ര-ദൃശ്യമാധ്യമങ്ങളുടെ പരസ്യകുടിശികയാണ് നാലാം വാർഷിക ആഘോഷവേളയിൽ തീർത്തിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള മാധ്യമ വിമർശനങ്ങളുടെ രൂക്ഷത കുറയ്ക്കുന്നതിനായാണ് ഇത്രയും കോടികൾ ഒരുമിച്ച് അനുവദിച്ചത് എന്ന വിമർശനമാണ് ഉയരുന്നത്.
500 കോടിയോളം രൂപ ചെലവാക്കി രണ്ടാം പിണറായി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നതിനെതിരെ ശക്തമായ വിമർശനങ്ങളായിരുന്നു ജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഉയർന്നിരുന്നു. ഇതോടുകൂടി മാധ്യമങ്ങളെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് തന്നെ നിർദ്ദേശം നൽകുകയായിരുന്നു.
ഡിസ്‌പ്ലേ ആന്റ് അഡ്വർടൈസ്‌മെന്റ് വകയിൽ 6.8 കോടി രൂപയും പ്രിന്റ് മീഡിയ പരസ്യവകയിൽ അഞ്ച് കോടി രൂപയും ഇലക്ട്രോണിക് ആന്റ് വിഷ്വൽ മീഡിയക്ക് 2.16 കോടി രൂപയും അനുവദിച്ചത്. കടുത്ത സാമ്പത്തിക പ്രയാസത്തിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഇത്രയും വലിയ തുക ഒരുമിച്ച് മാധ്യമങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമേ നാലാം വാർഷിക ആഘോഷങ്ങളുടെ വമ്പൻ പരസ്യങ്ങളും മാധ്യമങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ കഴിഞ്ഞ 70 ദിവസമായി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ വേതനം 100 രൂപ പോലും വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് സാമ്പത്തിക അവസ്ഥ ഇല്ലെന്ന് പറയുമ്പോഴാണ് ഇത്രയും വലിയ കോടികൾ മുടക്കി മാധ്യമങ്ങളെയും കൈയിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാർഷിക ആഘോഷം. ഇത്രയും കോടി രൂപ ഒരുമിച്ച് കിട്ടിയ സ്ഥിതിക്ക് കുറച്ച് ദിവസത്തേക്ക് എങ്കിലും പിണറായി വിജയനെതിരെയുള്ള കടുത്തവാക്കുകൾ മാധ്യമങ്ങൾ മാറ്റിവെക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.