മാധ്യമങ്ങളെ അകറ്റി നിർത്തിയത് തിരിച്ചടിയായി, സിപിഎമ്മിന്റെ ബഹുജന സ്വാധീനം വന്‍തോതില്‍ ഇടിഞ്ഞുവെന്ന് പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ലേഖനം

തിരുവനന്തപുരം: സിപിഎമ്മിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടെന്ന് തുറന്ന് സമ്മതിച്ച് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്കിന് പിന്നാലെയാണ് എം.എ. ബേബിയുടെ തുറന്നുപറച്ചിലും അതിരൂക്ഷ വിമര്‍ശനവും. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയത് തിരിച്ചടിയായെന്നും പച്ചക്കുതിര മാസികയില്‍ ബേബി എഴുതിയ ലേഖനത്തില്‍ പറയുന്നു.

മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞതിന് മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റേതായ ന്യായീകരണങ്ങളുണ്ടെങ്കിലും പിന്നീട് അതൊരു പിണറായി ശൈലിയായി മാറിയത് ബഹുജന സ്വാധീനത്തില്‍ ഇടിവ് ഉണ്ടാകാന്‍ കാരണമായെന്നാണ് ബേബിയുടെ വിലയിരുത്തല്‍. മാധ്യമങ്ങളെ വിലക്കിയതും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും തിരിച്ചടിയായി. സമൂഹമാധ്യമങ്ങളിലെ മാധ്യമ വിര്‍ശനങ്ങള്‍ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷകരമായി ബാധിച്ചു. ബംഗാളിലെ സിപിഎം 15 വര്‍ഷം കൊണ്ട് ഈര്‍ക്കില്‍ പാര്‍ട്ടിയായത് ഓര്‍ക്കണമെന്നും എത്രയും പെട്ടെന്ന് തിരുത്തലുകള്‍ വേണമെന്നും ബേബി ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട്- ചാനല്‍ ക്യാമറാമേന്‍മാരോട്- കടക്കൂ പുറത്തെന്ന് പറഞ്ഞത്. അതില്‍ തെറ്റായോ അസ്വാഭാവികമായോ ഒന്നുമില്ല. യോഗം തുടങ്ങുന്നതിനു മുമ്പ് പുറത്തേക്കുപോകാന്‍ സന്നദ്ധരല്ലാത്ത ക്യാ മറാമേന്‍മാരോട് പുറത്തുപോകാനാ ണ് മുഖ്യമന്ത്രി പറഞ്ഞത്. ആ വാക്കുകള്‍ പിന്നീട് പിണറായിയുടെ ശൈലിയാക്കി അവതരിപ്പിക്കുകയായിരുന്നു മനോരമയടക്കമുള്ള മാധ്യമങ്ങള്‍. അതെല്ലാം ശരിയാണ്. എന്നാല്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയുമാകെ ഒറ്റപ്പെടുത്തേണ്ടതും അപഹസിക്കേണ്ടതുമാണ് എന്ന തീരുമാനത്തില്‍ എത്താനാവുമോ- പക്ഷേ, സൈബറിടത്തില്‍ അങ്ങനെ സംഭവിക്കുന്നു. ഗുണത്തേക്കാളേറെ ദോഷമാണിത്തരം പ്രക്രിയകള്‍ എത്തിക്കുന്നതെന്ന് വൈകിയാണെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ദൃശ്യമാധ്യ മങ്ങളിലെ ചര്‍ച്ചകള്‍ പിന്നീട് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നു. ഈ രംഗത്ത് ഇട തുപക്ഷത്തിന് വേണ്ടത്ര ശോഭിക്കാന്‍ കഴിയുന്നുണ്ടോ എന്ന ആത്മപരിശോധനയും ആവശ്യമാണ്. – എം.എ. ബേബി പറയുന്നു

ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപയാമണിയാണെന്നും ‘തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും’ എന്ന ലേഖനത്തില്‍ പറയുന്നു. ഇന്നത്തേക്കാള്‍ പലമടങ്ങ് സ്വാധീനവും ബഹുജന വിശ്വാസവും ആര്‍ജ്ജിക്കുവാനുള്ള നിലയ്ക്കാത്ത പോരാട്ടങ്ങളും പരിശ്രമങ്ങളും ഇടതുപക്ഷം തുടരേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ബോധ്യമാകുംവിധം സത്യസന്ധവും നിര്‍ഭയവും ഉള്ളുതുറന്നതുമായ സ്വയം വിമര്‍ശനലൂടെയും മാത്രമേ, വാക്കിലും പ്രവൃത്തിയിലും അനുഭവവേദ്യമാവുന്ന തിരുത്തലുകളിലൂടെ മാത്രമേ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട ബഹുജന സ്വാധീനം വീണ്ടെടുക്കാനാവൂവെന്നാണ് എം.എ. ബേബി വിലയിരുത്തുന്നത്. ഇടതുപക്ഷത്തിന് തോല്‍വി ഒരു പുത്തരിയല്ല. പക്ഷേ, ഈ തെരഞ്ഞെടുപ്പിലുണ്ടായത് അതീവ ഗുരുതരമായ തോല്‍വിയാണ്. സംഘടനാപരമായ വീഴ്ച്ച, യുവാക്കളുടെ പ്രവര്‍ത്തന ശൈലിയിലെ പോരായ്മ, കാലഘട്ടത്തിന് അനുസൃതമായ മുദ്രാവാക്യമില്ലായ്മയൊക്കെയും ബഹുജന സ്വാധീനം കുറയ്ക്കുന്നതിന് കാരണമായി.