തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ സ്വന്തം പേഴ്‌സണല്‍ സ്റ്റാഫുകളെ മുന്‍കാല പ്രാബല്യത്തോടെ പുറത്താക്കുന്ന മന്ത്രി വീണ ജോര്‍ജിന്റെ നടപടി സംശയാസ്പദം. വീണ ജോര്‍ജ്ജ് ആരോഗ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം പ്രധാനമായും രണ്ട് വിവാദങ്ങളാണ് തന്റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ കാരണം ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് രണ്ടുപേരെ മുന്‍കാല പ്രബല്യത്തോടെ മന്ത്രി വീണ ജോര്‍ജ്ജ് പുറത്താക്കിയത്. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ക്ലാര്‍ക്കായിരുന്ന ഗൗതമന്‍ വി.എസ്, ഓഫീസ് അറ്റന്റണ്ടായിരുന്ന അവിഷിത്ത് കെ.ആര്‍ എന്നിവരെയാണ് മന്ത്രി പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയത്.

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം, നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന വിവാദം ഉയര്‍ന്ന ദിവസങ്ങളിലാണ് ക്ലാര്‍ക്ക് ഗൗതമന്‍ വി.എസിനെ പുറത്താക്കിയിരിക്കുന്നത്. ഈമാസം 23ന് മന്ത്രി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് 26ാം തീയതി ഗൗതമനെ പുറത്താക്കി ഉത്തരവിറങ്ങിയത്. 15 ദിവസം മുന്‍കാല പ്രബാല്യത്തോടെ അതായത് സെപ്റ്റംബര്‍ 11 ന് ഇയാളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയതായാണ് ഉത്തരവ്. പ്രൈവറ്റ് സെക്രട്ടറി കൈക്കൂലി വാങ്ങിയെന്ന പരാതി മന്ത്രിയുടെ ഓഫീസിലെത്തുന്നത് 13ാം തീയതിയാണ്. ഇതിന് രണ്ട് ദിവസം മുമ്പ് ക്ലാര്‍ക്കിനെ പുറത്താക്കിയെന്നായിരിക്കും രേഖകള്‍ ഉണ്ടാകുക.

ആരോഗ്യമന്ത്രിയുടെ ക്ലാർക്കായിരുന്ന ഗൗതമൻ വി.എസിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ്

ഇതിന് മുമ്പ് 2022 ജൂണ്‍ 25നാണ് ഓഫീസ് അറ്റന്റന്റായിരുന്ന അവിഷിത്ത് കെ.ആറിനെ പുറത്താക്കി ഉത്തരവിറങ്ങിയത്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം.പി ഓഫീസ് ആക്രമണത്തിന് നേതൃത്വം കൊടുത്തത് അവിഷിത്താണെന്ന വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് മുന്‍കാല പ്രാബല്യത്തോടെ പുറത്താക്കിയത്. ജൂണ്‍ 15 മുതല്‍ പ്രാബല്യത്തിലാണ് ഇയാളെ പുറത്താക്കിയത്. ഉത്തരവ് ഇറങ്ങിയത് 2022 ജൂണ്‍ 25നും. ജൂണ്‍ 24നായിരുന്നു. രാഹുല്‍ഗാന്ധിയുടെ ഓഫീസ് അവിഷിത്തിന്റെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ടത്.

ആരോഗ്യമന്ത്രിയുടെ ഓഫീസ് അറ്റൻഡന്റായിരുന്ന അവിഷിത്തിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ്

ഇങ്ങനെ വിവാദം ഉയരുന്ന ദിവസങ്ങളില്‍ തന്നെ മുന്‍കാല പ്രാബല്യത്തോടെ സ്റ്റാഫുകള്‍ പുറത്താക്കപ്പെടുന്നതാണ് സംശയം ജനിപ്പിക്കുന്നത്. ക്ലാർക്കിനെ പുറത്താക്കാൻ കത്ത് നല്‍കിയത് ആരോഗ്യമന്ത്രി നേരിട്ടും, ഓഫീസ് അസ്റ്റന്റിനെ പുറത്താക്കാൻ കത്ത് നല്‍കിയത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. കൈക്കൂലി വിവാദത്തില്‍ നില്‍ക്കുന്നയാളാണ് പ്രൈവറ്റ് സെക്രട്ടറി. ഇതെന്തിനാണ് ക്ലാർക്കിനെ പോലെ ജൂനിയർ ലെവല്‍ സ്റ്റാഫിനെ പുറത്താക്കാൻ പ്രൈവറ്റ് സെക്രട്ടറിയെ ഒഴിവാക്കി മന്ത്രി നേരിട്ട് കത്ത് നല്‍കിയെന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേസമയം, നിയമനം വാഗ്ദാനം ചെയ്ത് ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് പണം തട്ടിയെന്ന പരാതിയില്‍ ഹരിദാസിന്റെ പരാതിയില്‍ കേസെടുക്കാതെ പൊലീസ് . ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനക്ക് ശേഷം കേസെടുക്കുമെന്നാണ് മലപ്പുറം പൊലീസ് പറയുന്നത്. ഹരിദാസിന്റെ പരാതി ആരോഗ്യമന്ത്രിയുടെ ഓഫീസ് ഡി.ജി. പിക്ക് കൈമാറിയിരുന്നു.

അതേസമയം കൈക്കൂലി ആരോപണത്തില്‍ അഖില്‍ മാത്യു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പണം നല്‍കിയെന്ന ആരോപണം വ്യാജമാണെന്നും അന്വേഷണം നടത്തണമെന്നും അഖില്‍ മാത്യു ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട സി.ഐ.ടി.യു ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവും പണം തട്ടിയെന്നാണ് പരാതി. മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടി പണം നല്‍കിയ മലപ്പുറം സ്വദേശി ഹരിദാസാണ് തട്ടിപ്പിന് ഇരയായത്. ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി ഹോമിയോ വിഭാഗത്തില്‍ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയത്. താത്കാലിക നിയമനത്തിന് 5 ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉള്‍പ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പും നല്‍കി.

തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കിയെന്നാണ് പരാതിക്കാരന്റെ ആരോപണം. നിയമനത്തിന് ആരോഗ്യ വകുപ്പില്‍ അപേക്ഷ നല്‍കിയപ്പോള്‍ അഖില്‍ സജീവ് നിയമനം ഉറപ്പ് നല്‍കി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹരിദാസ് പറയുന്നു.