തിരുവനന്തപുരം മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആഘോഷത്തിനിടെയുണ്ടായ കൂട്ടയടിയില്‍ പോലീസ് നടപടി തുടങ്ങി. അക്രമവുമായി ബന്ധപ്പെട്ട ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. തിരുവനന്തപുരം കരമന സ്വദേശി ശിവ എന്നയാളാണ് പിടിയിലായിരിക്കുന്നത്. മ്യൂസിയം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളുടെ കസ്റ്റഡിയിലേക്ക് നയിച്ചത്.

ഒരാളെ താഴെയിട്ട് മര്‍ദ്ദിക്കുന്ന സംഘത്തില്‍ ശിവ ഉണ്ടായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടു എന്നുകരുതുന്ന വേറെ ചിലരും പൊലീസിന്റെ നീരീക്ഷണത്തിലാണ്. വൈകാതെ ഇവരെയും കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. നൈറ്റ് ലൈഫിനിടെ ഡാന്‍സ് കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഡാന്‍സ് കളിക്കുന്നതിനിടയില്‍ കൈ തട്ടിയതാണ് എതിര്‍സംഘത്തിന് പ്രകോപനം ഉണ്ടാക്കിയത്.

വാക്കുതര്‍ക്കത്തിനിടയില്‍ ഒരു യുവാവിനെ എതിര്‍സംഘം നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. പൂന്തുറ സ്വദേശിയായ ആക്‌സലിനാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ ഇന്നലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.

യുവാവിനെ മര്‍ദ്ദിക്കുമ്പോള്‍ മറ്റുള്ളവര്‍ ചുറ്റും നിന്ന് പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചവിട്ടുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ചിലര്‍ ഷര്‍ട്ട് ഊരിയും നൃത്തം ചെയ്യുന്നുണ്ട്. വിസിലടിച്ചും കൂകി വിളിച്ചും സംഘര്‍ഷത്തെ പ്രോത്സോഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാക്കള്‍ മദ്യപിച്ചതായും ലഹരി ഉപയോഗിച്ചതായും ആരോപണമുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മ്യൂസിയം പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. തല്ലിയവര്‍ മാനവീയം വീഥിയില്‍ സ്ഥിരം എത്താറുള്ളവരല്ലെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. മാനവീയം വീഥി തുറന്നതിന് ശേഷം നിരവധി സംഘര്‍ഷങ്ങള്‍ സമാന രീതിയില്‍ ഉണ്ടായിട്ടുണ്ട്.