കോഴിക്കോട്: ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണ് വെടിക്കെട്ടെന്ന് കെ. മുരളീധരന്‍ എം.പി. രാത്രി നടത്തേണ്ട വെടിക്കെട്ട് പകല്‍ നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ ആഘോഷങ്ങളുടെ ഭാഗമാണ് വെടിക്കെട്ട്. വര്‍ണങ്ങളൊക്കെ വിടരുന്നത് രാത്രിയല്ലേ കാണാന്‍ പറ്റൂ. എല്ലാ മതങ്ങളുടെ ആഘോഷങ്ങളിലും വെടിക്കെട്ട് നടത്താറുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.

മുസ്ലിം ലീഗുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണ്. ഈ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ല. സി.പി.എം നടത്തുന്ന പാലസ്തീന്‍ റാലിയില്‍നിന്ന് അവര്‍ വിട്ടുനിന്നത് ഒരു ഓഫറിന്റെയും അടിസ്ഥാനത്തിലല്ല. മുന്നണി നിലനില്‍ക്കണമെന്ന് തങ്ങളേക്കാള്‍ കൂടുതല്‍ അവര്‍ ആഗ്രഹിക്കുന്നു. മൂന്നാം സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയവും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതെല്ലാം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ചചെയ്യേണ്ട വിഷയമാണ്, മുരളീധരന്‍ പറഞ്ഞു.

കേരളീയം കാണാന്‍ പോയാല്‍ ബിസ്‌ക്കറ്റും ചായയും ലഭിക്കും. എന്നാല്‍, റേഷന്‍ കടകളിലും സപ്ലൈക്കോയിലും സാധനങ്ങളില്ല. കേരളീയം ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് സിപിഎം സംസ്ഥാന സമിതി വ്യക്തമാക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, യേശുദാസ് എന്നിവര്‍ കഥാപാത്രമായി വരുന്ന കേരളീയം കാണാന്‍ ജനങ്ങള്‍ പോകുന്നത് പിണറായിയോടുള്ള ഇഷ്ടം കൊണ്ടല്ല. മറിച്ച് അവരുടെ പ്രയാസങ്ങള്‍ മറക്കാനാണ്.

ലൈറ്റ് ഇട്ടാല്‍ കാശ് കൂടുതല്‍, വെള്ളമെടുത്താല്‍ കാശ് കൂടുതല്‍. ഈ ദുരിതങ്ങളൊക്കെ മറക്കാന്‍ ഒരു നൃത്തം കാണാം. ഒരു ഗാനമേള വയ്ക്കാം എന്ന് കരുതുന്നത് നല്ല കാര്യമാണ് -മുരളീധരന്‍ പറഞ്ഞു.