രാജസ്ഥാനിലും, ഛത്തിസ്ഗഡിലും, മധ്യപ്രദേശിലും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ സി.പി.എമ്മും സി.പി.ഐയും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകളാണ് അഞ്ച് സംസ്ഥാനങ്ങളില്‍ ഈമാസം നടക്കുന്നത്. ഇതില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ ഇടതു പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മല്‍സരിക്കും.

കോണ്‍ഗ്രസുമായി സീറ്റ് ധാരണയ്ക്കുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ വേണമെന്ന ഇടതുപാര്‍ട്ടികളുടെ ആവശ്യമാണ് ചര്‍ച്ച പൊളിയാന്‍ കാരണം. സഖ്യം നടക്കാത്തതില്‍ യെച്ചൂരി നിരാശനാണ്.

2024 ലെ പാര്‍ലമെന്റ് ഇലക്ഷനെ മുന്നില്‍ കണ്ട് രൂപീകരിച്ച ഇന്ത്യാ മുന്നണിയെ സഹായിക്കുന്ന നിലപാടല്ല കോണ്‍ഗ്രസിന്റേതെന്നാണ് യെച്ചൂരിയുടെ കുറ്റപ്പെടുത്തല്‍. സംസ്ഥാനങ്ങളിലും സഖ്യം പുലര്‍ത്താന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യാ മുന്നണിയുടെ കെട്ടുറുപ്പ് ശക്തിപ്പെട്ടേനെയെന്ന് യച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് ഭാവിയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയും പറഞ്ഞു.

24 സീറ്റിലാണ് സി.പി.എം മല്‍സരിക്കുന്നത്. രാജസ്ഥാനില്‍ 17 സീറ്റിലും ഛത്തീസ്ഗഡില്‍ 3 സീറ്റിലും മധ്യപ്രദേശില്‍ 4 സീറ്റിലും സി.പി.എം മല്‍സരിക്കും. 37 സീറ്റില്‍ സി.പി.ഐയും മല്‍സരിക്കും. ഛത്തീസ് ഗഡില്‍ 16 സീറ്റിലും രാജസ്ഥാനില്‍ 12 സീറ്റിലും മധ്യപ്രദേശില്‍ 9 സീറ്റിലും ആണ് സി.പി.ഐ മല്‍സരിക്കുന്നത്.

തെലങ്കാനയില്‍ 5 സീറ്റാണ് സി.പി.എം ആവശ്യപ്പെട്ടത്. 2 സീറ്റ് കൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. സി.പി.എം 2 സീറ്റിലും സി.പി.ഐ 2 സീറ്റിലും കോണ്‍ഗ്രസ് സഖ്യത്തില്‍ തെലങ്കാനയില്‍ മല്‍സരിക്കും. ചന്ദ്രശേഖര്‍ റാവു ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ കാലില്‍ വീണത്. 230 സീറ്റുകള്‍ ഉള്ള മധ്യപ്രദേശിലും 90 സീറ്റുള്ള ഛത്തീസ്ഗഡിലും ഇടതു പാര്‍ട്ടികള്‍ക്ക് ഒരു എം.എല്‍.എ പോലുമില്ല. രാജസ്ഥാനില്‍ സി.പി.എമ്മിന് 2 എം.എല്‍.എ മാരാണ് ഉളളത്.