കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിപിഎം പ്രാദേശിക നേതാക്കളുടെ ഒത്താശയോടെ നടന്നതാണെന്ന് ആരെക്കാളും നന്നായി ഈ കേരളത്തില്‍ അറിയാവുന്നത് സിപിഎമ്മിനാണ്, അവരുടെ പാര്‍ട്ടി സംവിധാനത്തിനാണ്. തലകള്‍ പലതും ഉരുളും, സത്യങ്ങള്‍ പലതും വെളിച്ചം കാണും എന്നതിനാല്‍ എങ്ങനെയും ന്യായീകരിക്കുക എന്നതിലപ്പുറം യാതൊന്നും അവര്‍ക്ക് ചെയ്യാനില്ല. സിപിഎം സംസ്ഥാന സെക്രട്ടറി താത്വികമായി ഈ സംഭവത്തെക്കുറിച്ച് പ്രതിപാദിച്ചാല്‍ എങ്ങനെയിരിക്കും…. ഒരു ചെറിയ ശ്രമം.

സഖാക്കളെ,

നിരവധി സഹകരണ ബാങ്കുകള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്‌നങ്ങളിലും തട്ടിപ്പുകളിലും നയതന്ത്രപരമായ ഇടപെടലുകള്‍ നടത്തുന്ന സ: എ സി മൊയ്തീന്‍, സ: എം കെ കണ്ണന്‍, സ: പി ആര്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നവരാണ്. അമേരിക്കന്‍ സാമ്രാജ്യത്വം ഉള്‍പ്പെടെ, നിരവധി വികസിത സമ്പന്ന രാജ്യങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അപ്പോഴാണ്, ഒരു കരുവന്നൂരും, ഒരു അയ്യന്തോളും. തട്ടിപ്പ് എന്ന ആശയം മസ്തിഷ്‌കത്തിലേയ്ക്ക് പ്രവേശിച്ചാല്‍, ആ പ്രവേശിച്ച ആശയത്തിന് കൂട്ടായ്മ ലഭിച്ചാല്‍, ആ ലഭിച്ച ആശയം കേവലമായ ഒരു ആശയമല്ല, അതൊരു ഭൗതിക ശരീരമാകുമെന്നുള്ള ശരിയായ ശാസ്ത്രമാണ് കരുവന്നൂരില്‍ ദൃഷ്ടാന്തമായത്.

സാമ്പത്തിക മേഖലയിലും സൈനിക മേഖലയിലും ലോകത്തെ ഒന്നാം നമ്പര്‍ ശക്തിയെന്ന് അഭിമാനിക്കുന്ന അമേരിക്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ഒന്നാംകിട ബാങ്കുകളാണ് തകര്‍ന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരമായ 500 കോടിയുടെ തിരിമറി ചര്‍ച്ച ചെയ്യുന്നത് സാമ്രാജ്യത്വ ശക്തികളെ സഹായിക്കാന്‍ കോണ്‍ഗ്രസ്സ്, ബിജെപിയുമായി ചേര്‍ന്ന് തൊഴിലാളികളുടെ ഉന്നമനത്തിനായി അഹോരാത്രം അധ്വാനിക്കുന്ന സിപിഎം എന്ന പ്രസ്ഥാനത്തെ തളര്‍ത്താനും, തകര്‍ക്കാനും വേണ്ടിയാണ്. ഗുരുതരമായ സാമ്പത്തിക മാന്ദ്യം അമേരിക്കയെ ബാധിച്ചിട്ടും, കരുവന്നൂരില്‍ മാന്ദ്യമില്ല. കാരണഭൂതന്റെ ജനകീയ സര്‍ക്കാര്‍ കേരളം ഭരിക്കുന്നിടത്തോളം കാലം, നമ്മുടെ സംസ്ഥാനം ആടിയുലയുകയില്ല.

അധ്വാനിക്കുന്ന വര്‍ഗത്തിനും ഇടതുപക്ഷ ശക്തികള്‍ക്കും മുന്നോട്ട് പോകാന്‍ അനുകൂലമായ സാര്‍വദേശീയ സാമ്പത്തിക പശ്ചാത്തലം രൂപപ്പെടുത്തുന്നതില്‍,
സ: മൊയ്തീന്‍, സ:കണ്ണന്‍, സ:അരവിന്ദാക്ഷന്‍ എന്നിവരുടെ പരിശ്രമങ്ങള്‍ വലുതായി കാണണം. കരുവന്നൂര്‍ മാത്രമല്ല, അയല്‍ പ്രദേശങ്ങളിലെ പ്രാദേശിക നേതാക്കന്മാര്‍ക്കും പ്രചോദനമായ ഈ സഹകരണ പ്രസ്ഥാന തട്ടിപ്പ്, കിഴക്കന്‍ ഏഷ്യ, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി നിരവധി വിദേശ രാജ്യങ്ങള്‍ ഉറ്റു നോക്കുകയാണ്. നിക്ഷേപത്തിലും, വായ്പയിലും, സ്വര്‍ണ്ണ പണയത്തിലും നയതന്ത്രപരമായി ഇടപെട്ട് സൗഹൃദപരമായി മുച്ചൂടും അടിച്ചു മാറ്റി മുന്നോട്ട് പോകാനുള്ള ഇവരുടെ ദൃഢമായ നിലപാട് ചൈന കുറച്ചു കാലമായി സസൂക്ഷ്മം വീക്ഷിച്ചു വരുന്നു. ഇത് ലോകത്തെ ജനങ്ങളെ സംബന്ധിച്ച്, ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതാണ്.

കരുവന്നൂരിനെ വളയാന്‍ എന്താണ് വഴി എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ്, കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ചേര്‍ന്നുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഇഡി അന്വേഷണത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ജനകീയ ചൈനയ്‌ക്കെതിരായി വലിയ കടന്നാക്രമണത്തിന്റെ അമേരിക്കന്‍ സഖ്യശക്തിയായി ഇന്ത്യ മാറുമ്പോള്‍, അതിന് എല്ലാവിധ ഒത്താശയും കോണ്‍ഗ്രസ്സ് ചെയ്ത് കൊടുക്കുമ്പോള്‍, അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും എന്ന് സംഘപരിവാര്‍ ശക്തികള്‍ക്കും ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. കേരളത്തില്‍ വീണ്ടും കോ-ലീ-ബീ സഖ്യം സജീവമാകുന്നതിന്റെ പരസ്യമായ സൂചന കൂടിയാണെന്നത്, മതേതര വിശ്വാസികളും, ന്യൂനപക്ഷ സമുദായങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.

സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചവര്‍, നിക്ഷേപത്തെ സ്വപ്നമായി കാണണം. എല്ലാ സ്വപ്നവും പൂവണിയണമെന്നില്ലല്ലോ. കരുവന്നൂരില്‍ ക്രമക്കേട് നടന്നു എന്ന ക്യാമ്പയിന്‍ വ്യാപകമായി നടക്കുന്നുണ്ട്. അതിനോട് സിപിഎമ്മിന് തെല്ലും യോജിപ്പില്ല. അറസ്റ്റിലായ സ:അരവിന്ദാക്ഷന്‍ ശക്തമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്ന ഒരു നേതാവാണ്. ഇഡി മര്‍ദ്ദിച്ച് അവശനാക്കിയപ്പോഴും ഒരു നേതാവിന്റെ പേര് പോലും പറഞ്ഞ്, പ്രസ്ഥാനത്തെ ഒറ്റിയില്ല. മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിട്ടും ഒരാഴ്ചക്ക് ശേഷമായിരുന്നു ആശുപത്രിയില്‍ പോലും പോയത്. ആ ദൃഡനിശ്ചയം ആരും കാണാതെ പോകരുത്. ഇതായിരിക്കണം തൃശൂരിലെ ഓരോ സഖാക്കളും മാതൃകയാക്കേണ്ടത്. ശാസ്ത്രീയമായ നിലപാട് ഊന്നി ഊന്നി പറയുക എന്നതാണ് പാര്‍ട്ടി നിലപാട്. ഇനിയും അത് തുടരും. എല്ലാവരോടും അതാണ് നിലപാട്.
സംശുദ്ധ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഉടമകളായ, മാതൃകാപരമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് ജീവിക്കുന്ന സഖാക്കളെ കടന്നാക്രമിക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ നാം ഒന്നിക്കേണ്ട സമയമാണിത്. കേവലം 500 കോടിയുടെ ഇടപാടില്‍ തീവ്രത കുറഞ്ഞ ജാഗ്രതക്കുറവ് പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. ഈ ചെറിയ തെറ്റിന്റെ പേരില്‍ നമ്മുടെ സഖാക്കളെ വേട്ടയാടാന്‍ അനുവദിക്കരുത്. ദേശീയവും, സാര്‍വ്വദേശീയവുമായ വര്‍ഗ്ഗ ശക്തികളുടെ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ട്, മൃദു ഹിന്ദുത്വ നിലപാടുകളെ അപലപിച്ചു കൊണ്ട് നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാം.
ലാല്‍ സലാം
ചെത്തരുത്, കുടിക്കരുത്, വില്‍ക്കരുത് എന്ന് ശ്രീനാരായണ ഗുരു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതിന് ശേഷം;
”പറയരുത്, മിണ്ടരുത്, ഒറ്റരുത്” എന്ന മാസ്സ് ഡയലോഗുമായി
എം വി ഗോവിന്ദന്‍…

(കടപ്പാട്: വിവിധ മാധ്യമങ്ങളില്‍, വിവിധ സന്ദര്‍ഭങ്ങളില്‍ വന്ന വാര്‍ത്തകള്‍,വിവിധ പ്രസ്താവനകള്‍)

സി. കൃഷ്ണചന്ദ്രൻ