തിരുവനന്തപുരം: നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഓരോദിവസം ദുരൂഹതകള്‍ വര്‍ദ്ധിപ്പിച്ച് മുന്നോട്ടുപോകുകയാണ്. വിവാദത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നത് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജാണ്.

അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റ് പരിസരത്തുവെച്ച് കോഴ കൊടുത്തുവെന്നും വാങ്ങിയെന്നും പറയപ്പെടുന്ന സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതൊന്ന് പരിശോധിച്ചാല്‍ തീരാവുന്ന വിവാദമേ ഇപ്പോഴുള്ളൂവെന്നാണ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്തോ മറയ്ക്കാനുള്ളതുകൊണ്ടാണ് അതിന് കാലതാമസം നേരിടുന്നതെന്ന ആക്ഷേപമാണ് ശക്തമാകുന്നത്.
പരാതി കിട്ടി ദിവസങ്ങളോളം മുക്കിയ ആരോഗ്യ മന്ത്രിയുടെ ഓഫിസില്‍ മറച്ച് വയ്ക്കാന്‍ എന്തൊക്കെയോ ഉണ്ട് എന്ന് വ്യക്തം.

വാര്‍ത്ത പുറത്ത് വന്നതോടെയാണ് വീണ ജോര്‍ജ് പോലീസില്‍ പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ സി.സി.ടി.വി തകരാര്‍ എന്ന പഴയ നമ്പര്‍ ഇറക്കാന്‍ സാധ്യതയെന്നാണ് സെക്രട്ടേറിയേറ്റ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. സെക്രട്ടേറിയേറ്റ് കേന്ദ്രികരിച്ചു നടന്ന വിവാദങ്ങളില്‍ ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ സി.സി.ടി.വി തകരാര്‍ എന്ന ശൈലിയാണ് മുഖ്യമന്ത്രി സ്ഥിരം പയറ്റുന്നത്.

സ്വര്‍ണ്ണ കടത്ത് വിവാദ സമയത്ത് സ്വപ്ന സുരേഷിന്റെ തുടരെയുള്ള സെക്രട്ടേറിയേറ്റ് സന്ദര്‍ശനത്തിന്റേയും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കുള്ള സന്ദര്‍ശനത്തിന്റേയും ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ സി.സി.ടി.വിക്ക് മിന്നലേറ്റു എന്ന ക്യാപ്‌സൂള്‍ ആണ് മുഖ്യമന്ത്രിയിറക്കിയത്. സെക്രട്ടേറിയേറ്റിലെ മാത്രമല്ല ക്ലിഫ് ഹൗസിലെ സി.സി.ടി.വിക്കും മിന്നലേറ്റു എന്നായിരുന്നു അടുത്ത ദിവസത്തെ മുഖ്യമന്ത്രിയുടെ ക്യാപ്‌സൂള്‍.

ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു സ്വപ്ന സുരേഷ്. സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ മുന്‍കൂട്ടിയുള്ള ഏറ്. സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും മാത്രം മിന്നലോ എന്നായി പ്രതിപക്ഷത്തിന്റെ ചോദ്യം. പതിവ് പോലെ മൗനത്തിന്റെ വാല്‍മീകത്തിലായി മുഖ്യമന്ത്രി . സെക്രട്ടേറിയേറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിന് 25 മീറ്റര്‍ അകലെയുള്ള ലക്ഷ്മി നായരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഹെദര്‍ ഗ്രൂപ്പിന്റെ ഫ്‌ലാറ്റിലായിരുന്നു സ്വര്‍ണ്ണ കടത്ത് ഗൂഢാലോചന നടന്നത്.

ശിവശങ്കര്‍ ജോലിയുടെ സമ്മര്‍ദ്ദം താങ്ങാന്‍ വിശ്രമിക്കുന്ന ഫ്‌ലാറ്റാണിത്. ശിവശങ്കറും സ്വര്‍ണ്ണ കടത്ത് പ്രതികളും തമ്മിലുള്ള രാത്രികാല കൂടികാഴ്ച നടന്നത് ഈ ഫ്‌ലാറ്റിലാണ്. സി.സിടി.വികള്‍ ഉറങ്ങാത്ത കനത്ത സുരക്ഷ സന്നാഹങ്ങള്‍ ഉള്ള പ്രദേശമാണിത്. എജിസ് ആഫിസ് മുതല്‍ സെക്രട്ടേറിയേറ്റ് അനക്‌സ് -2 വരെയുള്ള ഭാഗത്താണ് ഏറ്റവും സുരക്ഷ സജ്ജികരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ പാതയിലാണ് കോഴ ഇടപാട് നടന്നത്. സെക്രട്ടേറിയേറ്റ് അനക്‌സ് -2 വിലാണ് വീണ ജോര്‍ജിന്റെ ഓഫിസ്.

മന്ത്രിമാരായ ശിവന്‍കുട്ടി, പ്രസാദ്, ചിഞ്ചുറാണി, മുഹമ്മദ് റിയാസ്, ആര്‍. ബിന്ദു എന്നിവരുടെ ഓഫിസും അനക്‌സ് -2 വിലാണ്. ഏഴാം നിലയിലാണ് വീണ ജോര്‍ജിന്റെ ഓഫിസ്. ഇവിടെ നിന്ന് ഇറങ്ങി വന്ന് അഖില്‍ മാത്യു എന്ന പേഴ്‌സണല്‍ സ്റ്റാഫ് തന്റെ കയ്യില്‍ നിന്ന് പണം കൈപറ്റി എന്നാണ് ഹരിദാസിന്റെ ആരോപണം. കന്റോണ്‍മെന്റ് ഗേറ്റ് മുതല്‍ അനക്‌സ് -2 വരെയുള്ള, പരമാവധി തൊട്ടടുത്ത പ്രസ് ക്ലബ് വരെയുള്ള സി.സി.ടി.വി പരിശോധിച്ചാല്‍ ഇതിലെ വാസ്തവം തിരിച്ചറിയാന്‍ സാധിക്കും. പണം കൈ പറ്റിയ ദിവസം അഖില്‍ മാത്യു പത്തനം തിട്ടയില്‍ കല്യാണത്തിന് പങ്കെടുക്കുകയായിരുന്നു എന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ മന്ത്രി വീണ ജോര്‍ജിന്റെ ക്യാമ്പ് പ്രചരിപ്പിക്കുന്നുണ്ട്. പണം കൈപറ്റിയത് അഖില്‍ മാത്യു തന്നെയാണ് എന്ന് ഹരിദാസ് ഉറപ്പിച്ച് പറയുന്നു.ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസറായി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് ഹരിദാസിന്റെ പരാതി.

75000 രൂപ അഖില്‍ സജീവും ഒരു ലക്ഷം രൂപ അഖില്‍ മാത്യുവും വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. 15,00,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. താല്‍ക്കാലിക നിയമനത്തിന് അഞ്ച് ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേര്‍ത്താണ് 15 ലക്ഷം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി. തുക ഗഡുക്കള്‍ ആയി നല്‍കാനായിരുന്നു നിര്‍ദേശം.

അഖില്‍ മാത്യുവിനെതിരെ പരാതിയുമായി ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത് എഐഎസ്എഫ് മലപ്പുറം ജില്ല മുന്‍ പ്രസിഡന്റ് കെ പി ബാസിതാണ്. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് ക്കൈക്കൂലി വാങ്ങിയെന്ന പരാതി ഉന്നയിച്ച ഹരിദാസന്റെ സുഹൃത്തായ ബാസിത് മന്ത്രിയുടെ പിഎസിനെയാണ് ഇക്കാര്യം ആദ്യം ധരിപ്പിച്ചത്. പണം കൈപ്പറ്റിയ ശേഷം അഖില്‍ മാത്യു നേരില്‍ കാണാന്‍ തയാറായില്ലെന്നായിരുന്നു പരാതി. ഇമെയില്‍ പകര്‍പ്പ് അടക്കം പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഓഗസ്റ്റ് 17നാണ് ബാസിത് മന്ത്രിയുടെ ഓഫീസില്‍ എത്തി പരാതി നല്‍കിയത്. വീണ ജോര്‍ജ് കയ്യോടെ നിഷേധിക്കുമ്പോഴും ഹരിദാസ് ഉറച്ച് നില്‍ക്കുകയാണ്.

6 മാസം വരെയുള്ള ദൃശ്യങ്ങള്‍ കാത്ത് സൂക്ഷിക്കാവുന്ന സി.സി.റ്റി.വി യാണ് അനക്‌സ് – 2 വിലേത്. മന്ത്രിമാരുടെ സുരക്ഷക്ക് വേണ്ടി 2.53 കോടിക്ക് സ്ഥാപിച്ച അത്യാധുനിക സി.സി.റ്റിവി യാണിത്. മന്ത്രി ഓഫിസിന്റെ ഒളിച്ചു കളിയും പോലിസിന്റെ മെല്ലെപ്പോക്കും സി.സി. റ്റി.വി തകരാറിലാണ് എന്ന ക്യാപ്‌സൂള്‍ ഇറക്കാന്‍ വേണ്ടിയാണോ എന്ന സംശയം ജനിപ്പിക്കുന്നത്. വിവാദങ്ങള്‍ ഉണ്ടാകുന്ന സമയത്തെ തീ പിടിക്കലും സി.സി.റ്റി വി ക്ക് തകരാര്‍ സംഭവിക്കുന്നതും പിണറായി കാലത്ത് പുതുമയല്ല. എ.ഐ ക്യാമറ വിവാദം ഉയര്‍ന്ന് വന്ന സമയത്ത് മന്ത്രി പി. രാജീവിന്റെ ഓഫിസില്‍ തീ പിടിച്ചു. സ്വപ്ന സുരേഷ് വിവാദ സമയത്ത് പ്രോട്ടോക്കോള്‍ ഓഫിസിന് തീ പിടിച്ചു. ഹരിദാസ് പരാതിയില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലിസ് നിര്‍ബന്ധിതനാകും എന്ന ആശങ്കയിലാണ് മന്ത്രി വീണ ജോര്‍ജ് .