തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഈ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുള്ള 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഗഡു കേന്ദ്ര വിഹിതം ഇതുവരെ ലഭ്യമായിട്ടില്ലെന്നും അത് ലഭിക്കുന്ന മുറക്ക് ആനുപാതികമായ സംസ്ഥാന വിഹിതവും ചേര്‍ത്ത് അടിയന്തരമായി തുക വിതരണം ചെയ്യും എന്ന് ശിവന്‍ കുട്ടി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, പി.ജെ. ജോസഫ്, മാണി സി. കാപ്പന്‍ എന്നി യു.ഡി.എഫ് എം എല്‍ എ മാരാണ് ശിവന്‍കുട്ടിയുടെ ചോദ്യം ഉന്നയിച്ചത്. 6 മാസമായി സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിന് നയാപൈസ കൊടുത്തില്ലെന്ന് ഇതോടെ വ്യക്തം. ഉച്ചഭക്ഷണത്തിന് തുക അവസാനമായി വര്‍ദ്ധിപ്പിച്ചത് 2016 സെപ്റ്റംബറില്‍ ആയിരുന്നു.

ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വന്‍ വര്‍ധനവാണ് 2016 നു ശേഷം ഉണ്ടായത്. എന്നിട്ടും ആനുപാതികമായി തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഒന്നു മുതല്‍ 150 കുട്ടികള്‍ വരെയുള്ള സ്‌ക്കൂളുകളില്‍ കുട്ടിയൊന്നിന് പ്രതിദിനം 8 രൂപയാണ് അനുവദിക്കുന്നത്. 151 മുതല്‍ 500 കുട്ടികള്‍ വരെയുള്ള സ്‌ക്കൂളുകളില്‍ കുട്ടിയൊന്നിന് പ്രതിദിനം 7 രൂപയും 500 ന് മുകളില്‍ കുട്ടിയൊന്നിന് 6 രൂപയും ആണ് അനുവദിക്കുന്നത്.

പിടിഎ പ്രസിഡണ്ട് ചെയര്‍മാനും പ്രഥമ അധ്യാപകന്‍ കണ്‍വീനറുമായ സ്‌ക്കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റിക്കാണ് ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് ചുമതല. സ്‌ക്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക 6 മാസമായി ലഭിക്കാത്തതിനാല്‍ അധ്യാപകര്‍ പ്രതിസന്ധിയിലാണ്.

സ്‌കൂളിലെ ഉച്ചഭക്ഷണത്തിനു പച്ചക്കറിയും സാധനങ്ങളും നല്‍കിയവര്‍ പണം ചോദിച്ചു വീട്ടിലേക്കു വരുന്നതില്‍ മനം മടുത്ത പ്രഥമാധ്യാപകന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കത്ത് ഏറെ ചര്‍ച്ചയായിരുന്നു.

പ്രഥമാധ്യാപകന്‍ ആയിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് കടക്കാരെ പേടിച്ച് നാണംകെട്ട് ജീവിക്കേണ്ട അവസ്ഥയാണ്. ഇത്തരത്തില്‍ ജീവിതം മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. ആയതിനാല്‍ ഉച്ചഭക്ഷണ പദ്ധതിക്ക് പണം അനുവദിക്കാത്ത പക്ഷം, വിദ്യാധിരാജ എല്‍.പി.എസില്‍ ഉച്ചഭക്ഷണ പദ്ധതി 07.09.2023 മുതല്‍ നിര്‍ത്തുകയാണെന്ന വിവരം അങ്ങയെ അറിയിക്കുകയാണ്’ – അധ്യാപകന്റെ കത്തിലെ വരികള്‍ ഇങ്ങനെയായിരുന്നു.

കരകുളം എട്ടാംകല്ല് വിദ്യാധിരാജ എയ്ഡഡ് എല്‍പി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ ജെ.പി.അനീഷാണ് നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസര്‍ക്കും നൂണ്‍ മീല്‍ സൂപ്രണ്ടിനും കത്തുനല്‍കിയിരുന്നത്.

കരകുളം സഹകരണ ബാങ്കില്‍നിന്നു 11.50% പലിശയ്ക്കു 2 ലക്ഷം രൂപ വായ്പ എടുത്തതിന്റെ രസീതും ചേര്‍ത്തിട്ടുണ്ട്. സ്‌കൂളില്‍ 607 വിദ്യാര്‍ഥികളുണ്ടെന്നും ഇവര്‍ക്കുള്ള ഉച്ചഭക്ഷണം ഇതുവരെ മുടങ്ങിയിട്ടില്ലെന്നും കത്തിലുണ്ട്. പക്ഷേ, സര്‍ക്കാരില്‍ നിന്നു 3 മാസമായി തുക ലഭിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി വന്നതുകൊണ്ടാണു ഉച്ചഭക്ഷണ വിതരണം നിര്‍ത്താന്‍ തീരുമാനിച്ചതെന്നു പ്രഥമാധ്യാപകന്‍ ജെ.പി.അനീഷ്. എന്തെങ്കിലും ഇടപെടലുണ്ടായാല്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ വിതരണം തുടരുമെന്നും ജെ.പി.അനീഷ് പറയുന്നു.

സാമ്പത്തിക പ്രതിസന്ധി ഉണ്ടായതുകൊണ്ടാണു ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു കത്തു കൊടുക്കേണ്ടി വന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ഫണ്ടു ലഭിക്കാത്തതിനാലാണു പണം നല്‍കാന്‍ കഴിയാത്തതെന്നാണു വിദ്യാഭ്യാസവകുപ്പ് അറിയിച്ചത്. വിദ്യാഭ്യാസമന്ത്രി അടക്കം വിഷയത്തില്‍ ഇടെപടുമെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും കിട്ടിയ വിവരമെന്നും ജെ.പി.അനീഷ് പറഞ്ഞു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ രണ്ടര ലക്ഷത്തോളം രൂപയുടെ ചിലവുണ്ടായി. രണ്ടുലക്ഷം രൂപ വായ്പ എടുത്ത് ജൂലൈ വരെയുള്ള കടങ്ങള്‍ വീട്ടി. ഇനി ഓഗസ്റ്റിലെ പകുതി കടങ്ങള്‍ കൂടി വീട്ടാനുണ്ടെന്നും അനീഷ് പറഞ്ഞു.

ഓഗസ്റ്റ് 27നു കരകുളം സഹകരണ ബാങ്കില്‍ നിന്നും 11.50% പലിശയ്ക്കു രണ്ടുലക്ഷം രൂപ വായ്പ എടുത്താണ് കടകളില്‍ നല്‍കാനുള്ള പണം അധ്യാപകന്‍ നല്‍കിയത്. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ വേറെ വഴിയില്ലാത്തതിനാലാണു അധ്യാപകന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു കത്ത് നല്‍കിയത്.

”കടക്കാരെ പേടിച്ചു നാണംകെട്ടു ജീവിക്കേണ്ട അവസ്ഥയാണ്. ശമ്പളത്തേക്കാള്‍ വലിയ തുകയാണു ഉച്ചഭക്ഷണ പദ്ധതിക്കായി ചെലവാക്കേണ്ടി വരുന്നത്. ലഭിക്കുന്ന ശമ്പളം കൂടാതെ, കടം കൂടി എടുത്താണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ഇതു താങ്ങാനുള്ള സാമ്പത്തികശേഷിയില്ല. മക്കളുടെ പഠനവും വീട്ടു ചെലവുകളും ഒന്നും നടക്കുന്നില്ല. ജീവിതം ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. ഉച്ചഭക്ഷണ പദ്ധതിക്കു പണം അനുവദിക്കാത്തതിനാല്‍ വരുന്ന വ്യാഴാഴ്ച മുതല്‍ ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തുകയാണ്” അധ്യാപകന്‍ പറയുന്നു.