പഴയ അവതാരങ്ങള്‍ വീണ്ടും സെക്രട്ടേറിയറ്റിലേക്ക് വരാന്‍ വഴി തുറക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നാല് ഐ.ടി ഫെലോയെ നിയമിക്കുന്നു. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാന്റിംഗ് ആന്റ് മാര്‍ക്കറ്റിംഗ്, സ്റ്റാര്‍ട്ടപ്പുകളും എസ്.എം.ഇകളും എന്നി നാല് മേഖലകളിലാണ് ഇവരെ നിയമിക്കുക. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന പേരിലാകും ഇവരുടെ നിയമനം.

ടെക്‌നോപാര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറിനാണ് നിയമന ചുമതല. ടെക്‌നോപാര്‍ക്കിലായിരുന്നു ഇവരുടെ ലാവണം (ലീന്‍). മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീക രിച്ചായാരിക്കും പ്രവര്‍ത്തനം.

ഐ.ടി മേഖലയിലെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ രൂപികരിച്ച ഹൈ പവര്‍ ഐ.റ്റി കമ്മിറ്റിയെ സഹായിക്കുകയാണ് ഇവരുടെ ചുമതല. ഐ.ടി. മേഖലയിലെ വിദഗ്ധരാണ് ഹൈ പവര്‍ കമ്മിറ്റിയില്‍ ഉള്ളത്. വിദഗ്ധരെ സഹായിക്കാന്‍ എന്തിനാണ് ഐ.ടി. ഫെലോ എന്ന ചോദ്യമാണ് ഉയരുന്നത്.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആയി ഐ.ടി. ഫെലോക്ക് പ്രതിമാസം 2 ലക്ഷം രൂപ കിട്ടും എന്നാണ് ലഭിക്കുന്ന സൂചന. 4 ഐ.ടി ഫെലോക്ക് പ്രതിമാസം 8 ലക്ഷം . സാമ്പത്തിക പ്രതിസന്ധി കാലത്തെ ഐ.ടി ഫെലോ നിയമനത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നേക്കും. ഒന്നാം പിണറായി സര്‍ക്കാരില്‍ ഒരു ഐ.ടി ഫെലോയാണ് ഉണ്ടായിരുന്നത്. അരുണ്‍ ബാലചന്ദ്രനായിരുന്നു മുഖ്യമന്ത്രിയുടെ ഐ.ടി. ഫെലോ.

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് വേണ്ടി സെക്രട്ടേറിയേറ്റിന് അടുത്തുള്ള ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുണ്‍ ബാലചന്ദ്രനാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന്റെ പങ്ക് പുറത്ത് വന്നതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം സംഘടിപ്പിച്ചത്.

‘പകല്‍ മുഖ്യമന്ത്രിയുടെ ഐടി ഫെലോ, രാത്രി സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെ കൂടെ. ഐടി വകുപ്പിന് ഒരു ഹൈപവര്‍ ഡിജിറ്റല്‍ അഡൈ്വസറി കമ്മറ്റിയുണ്ട്. ഇന്‍ഫോസിന്റെ ഫൗണ്ടര്‍ ചെയര്‍മാന്‍, മുന്‍ സിഇഒ, നിസ്സാന്റെ സിഐഒ, റെഡിഫ് മെയിലിന്റെ സിഇഒ, ഐബിഎസിന്റെ മുന്‍ ചെയര്‍മാന്‍, ടിസിഎസിന്റെ വൈസ് പ്രസിഡണ്ട്, നാസ്സ് കോം റീജിയണല്‍ ഡയറക്ടര്‍ എന്നിവരാണ് അംഗങ്ങള്‍.

കഥാപാത്രം ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് ആന്റ് ഓപ്പറേഷന്‍സ്. പ്രധാന ഓപ്പറേഷന്‍ കള്ളക്കടത്തുകാര്‍ക്ക് വീട് ഏര്‍പ്പാടാക്കി കൊടുക്കല്‍ എന്താല്ലേ?’ എന്നായിരുന്നു വി.ഡി. സതീശന്റെ വിമര്‍ശനം. അരുണ്‍ ബാലചന്ദ്രന്‍ കയ്യോടെ പിടിക്കപ്പെട്ടതോടെ മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി ഐ.ടി ഫെലോയെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു അരുണ്‍ ബാലചന്ദ്രന്‍. അന്ന് ഒഴിവാക്കിയ അരുണ്‍ ബാലചന്ദ്രന്‍ പുതിയ 4 ഐ.ടി. ഫെലോമാരില്‍ ഒരാളായി കയറി കൂടാന്‍ സാധ്യതയുണ്ടെന്നാണ് ഐ.ടി വകുപ്പില്‍ നിന്നുള്ള സൂചന.