തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയും ഗണേഷ് കുമാറും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് സിബിഐ റിപ്പോര്‍ട്ടിലെ പരാമര്‍ശം മലയാളം മീഡിയ ലൈവ് റിപ്പോര്‍ട്ട് ചെയ്തത് മാധ്യമങ്ങളില്‍ വൈറലായി ഓടുകയാണ്.
പരാതിക്കാരി ഗണേഷ് കുമാറിനെ 2009ല്‍ സെക്രട്ടേറിയറ്റില്‍ വച്ച് പരിചയപ്പെട്ട ശേഷം അവര്‍ പ്രണയത്തിലായെന്നും, വഴുതക്കാട് ടാഗോര്‍ ലെയ്‌നിലെ വീട്ടില്‍ സ്ഥിരമായി കാണുമായിരുന്നുവെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2009 ആഗസ്റ്റില്‍ പരാതിക്കാരി ഗര്‍ഭിണിയായി. ഗണേഷ് കുമാറിന്റെ അമ്മയില്‍ നിന്ന് ഉറപ്പു ലഭിച്ചതിനെ ത്തുടര്‍ന്ന് പരാതിക്കാരി ഗര്‍ഭം അലസിപ്പിച്ചില്ലായെന്നുമാണ് സിബിഐ റിപ്പോര്‍ട്ടിന്റെ പന്ത്രണ്ടാം പാരഗ്രാഫില്‍ പറയുന്നത്. ഗണേഷിന്റെ പിതാവും മുന്‍ മന്ത്രിയുമായ ആര്‍.
ബാലകൃഷ്ണപിള്ളയ്ക്കെതിരെയുണ്ടായ ഒരു സ്ത്രീപീഡന കേസിനെക്കുറിച്ച് താന്‍ നിയമസഭയില്‍ ഉന്നയിച്ചകാര്യം മുന്‍മന്ത്രിയും സിപിഎം എംഎല്‍എയുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ ‘സഞ്ചരിക്കുന്ന വിശ്വാസി’ എന്ന ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. ‘അച്ഛന്‍ വേലി ചാടിയാല്‍ മകന്‍ മതില്‍ ചാടും’ എന്ന തലക്കെട്ടിലാണ് ഇക്കാര്യം വിവരിച്ചിരിക്കുന്നത്.
അച്ഛന്‍ വേലി ചാടിയാല്‍ മകന്‍ മതില്‍ ചാടും
‘ചെറുപ്പം മുതല്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ ജീവിതം ആഡംബര പൂര്‍വ്വമായിരുന്നു. അദ്ദേഹം ജനിച്ചത് ഒരു സമ്പന്നകുടുംബത്തിലാണ്.
വിവാഹത്തിനു മുമ്പ് ഒരു സ്ത്രീയെ പീഡിപ്പിച്ചെന്നാരോപിച്ച് പിള്ളയ്‌ക്കെതിരെ ഒരു കേസ് കോടതിയിലെത്തി. വിചാരണയോടെ കേസ് ശിക്ഷിക്കുമെന്ന് ഉറപ്പായി.
ബാലകൃഷ്ണപിള്ളയുടെ പിതാവു കീഴൂട്ട് രാമന്‍പിള്ള മജിസ്‌ട്രേറ്റിനെ രഹസ്യമായി കണ്ടു. മകനെ രക്ഷിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒടുവില്‍ മജിസ്‌ട്രേറ്റിന്റെ മകളെ തന്റെ മകനായ ബാലകൃഷ്ണപിള്ളയെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്ന വ്യവസ്ഥയില്‍ കേസ് വെറുതെ വിട്ടു.
അന്നത്തെ വ്യവസ്ഥപ്രകാരമാണ് ബാലകൃഷ്ണപിള്ളയുടെ വിവാഹം പിന്നീട് നടന്നത്.
ഈ കേസ്സിനെപ്പറ്റിയുള്ള വിവരങ്ങള്‍ കേരള ലോ ടൈംസില്‍ (1954 KLT 544) റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമസഭാലൈബ്രറിയില്‍നിന്നും പ്രസ്തുത റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളുന്ന കേരള ലോ ടൈംസ് എടുത്തുകാണിച്ചു ഞാന്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചു. അന്നു വക്കം പുരുഷോത്തമനായിരുന്നു സ്പീക്കര്‍.
പ്രസംഗത്തിനു ശേഷം ഞാന്‍ സീറ്റിലിരുന്നപ്പോള്‍ സ്പീക്കര്‍ എന്നെ വിളിപ്പിച്ചു. കേരള ലോ ടൈംസ് എന്നില്‍നിന്നും വാങ്ങി വായിച്ചു നോക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേഷ്‌കുമാറും അച്ഛന്റെ പാതയിലായിരുന്നു. ചെറുപ്പം മുതല്‍ ഗണേഷും സുഖിച്ചാണു ജീവിച്ചത്. ഗണേശനെ സംബന്ധിച്ച് ഒരു സുപ്രധാനവിവരം ഞാനറിഞ്ഞു. ഞാന്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ബാലകൃഷ്ണപിള്ള മണത്തറിയുകയുണ്ടായി. അദ്ദേഹം എന്നെ സമീപിച്ച് ദയവായി ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കരുതെന്ന് അപേക്ഷിച്ചു. ‘എന്റെ കുടുംബം നശിപ്പിക്കരുത്.’ പിള്ള യാചിച്ചു.
ഇതിനു പുറമേ സ്പീക്കര്‍ ഉള്‍പ്പെടെ പല നേതാക്കളെക്കൊണ്ടും എന്നോടു പറയിപ്പിച്ചു. നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് ഞാന്‍ സഭയില്‍ ഇക്കാര്യം ഉന്നയിച്ചില്ല. ഞാന്‍ ഗതാഗതമന്ത്രി യായിരിക്കുമ്പോള്‍ അദ്ദേഹം എനിക്കെതിരെ നടത്തിയ നീക്കങ്ങള്‍ ഓര്‍ത്താല്‍ സഭയില്‍ ഉന്നയിക്കണമായിരുന്നു. പക്ഷേ, ഞാന്‍ അതില്‍നിന്നും
പിന്‍വാങ്ങി ‘(ലോനപ്പന്‍ നമ്പാടന്റെ ആത്മകഥ – സഞ്ചരിക്കുന്ന വിശ്വാസി പേജ്: 44)
1953 മാര്‍ച്ച് 14 നു രാത്രിയിലാണ് കേസിനാസ്പദമായ സംഭാവമുണ്ടായതെന്ന് കേരള ലോ ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരിയെ ബാലകൃഷ്ണപിള്ള പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 354 പ്രകാരമാണ് കേസെടുത്തത്. പുനലൂര്‍ മജിസ്ട്രേറ്റ് കോടതി ബാലകൃഷ്ണപിള്ളയെ വെറുതേവിട്ടുവെങ്കിലും ജില്ലാക്കോടതി ആ വിധി സ്റ്റേചെയ്തു . ഇതിനെതിരെ ബാലകൃഷ്ണപിള്ള ഹൈക്കേടതിയെ സമീപിക്കുകയും കേസില്‍നിന്ന് വിടുതല്‍ സമ്പാദിക്കുകയും ചെയ്തു.