അശ്ലീല പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നത് കുറ്റമല്ല, പങ്കുവെച്ചാല്‍ കുറ്റം; കോടതി

പ്രയാഗ്‌രാജ്: സമൂഹ മാധ്യമങ്ങളില്‍ വരുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ ലൈക്ക് ചെയ്യുന്നത് കുറ്റമായി കാണാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. എന്നാല്‍ അവ പ്രസിദ്ധീകരിക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും നിയമപരമായി കുറ്റകരമാണെന്നും കോടതി ബുധനാഴ്ച പറഞ്ഞു. അശ്ലീല ഉള്ളടക്കങ്ങള്‍ പങ്കുവെക്കുമ്പോള്‍ അത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഐടി നിയമം സെക്ഷന്‍ 67 അനുസരിച്ച് അത് കുറ്റകരമാണ്. ജസ്റ്റിസ് അരുണ്‍ കുമാര്‍ സിങ് ദേശ്‌വാള്‍ പറഞ്ഞു. ആഗ്ര സ്വദേശിയായ മുഹമ്മദ് ഇമ്രാന്‍ കാസി എന്നയാള്‍ക്കെതിരെ ഐടി സെക്ഷന്‍ 67 നും ഐപിസിയിലെ മറ്റ് സെക്ഷനുകളും അടിസ്ഥാനമാക്കി ചുമത്തിയ കേസുകള്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. മറ്റൊരാളുടെ പോസ്റ്റ് ലൈക്ക് ചെയ്തതിനാണ് കാസി നിയമനടപടി നേരിട്ടത്.

നിയമവിരുദ്ധമായ ഒത്തുകൂടലിന് വേണ്ടി ഫര്‍ഹാന്‍ ഉസ്മാന്‍ എന്നയാള്‍ പങ്കുവെച്ച ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിനാണ് ഇമ്രാന്‍ കാസിക്കെതിരെ ഐടി നിയമം അനുസരിച്ച് കേസെടുത്തത്. ജാഥയ്ക്ക് വേണ്ടി മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരെ വിളിച്ചുചേര്‍ക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ആയിരുന്നു അത്. സോഷ്യല്‍ മീഡിയയില്‍ ‘പ്രകോപനപരമായ’ സന്ദേശങ്ങള്‍ ലൈക്ക് ചെയ്തു എന്ന കുറ്റം ചുമത്തിയാണ് ഇമ്രാന്‍ കാസിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് ആഗ്ര ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കുറ്റപത്രം പരിഗണിക്കുകയും ജൂണ്‍ 30ന് ഇമ്രാന്‍ കാസിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറത്തിറക്കുകയും ചെയ്തു.

എന്നാല്‍ കുറ്റകരമായ പോസ്റ്റുകളും അപേക്ഷകനും തമ്മില്‍ ബന്ധം വ്യക്തമാക്കുന്ന തെളിവുകളൊന്നും തനിക്ക് ലഭിച്ചില്ലെന്ന് ഹൈക്കോടതി ജഡ്ജി പറയുന്നു. അപേക്ഷകന്റെ ഫേസ്ബുക്കിലോ വാട്‌സാപ്പ് അക്കൗണ്ടുകളിലോ കുറ്റകരമായ പോസ്റ്റുകള്‍ ഒന്നും തന്നെയില്ല. മാത്രവുമല്ല ഐടി നിയമത്തിലെ സെക്ഷന്‍ 67 അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്ളതാണ് പ്രകോപനപരമായ ഉള്ളടക്കത്തിന് വേണ്ടിയുള്ളതല്ല എന്നും കോടതി നിരീക്ഷിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments