താരതമ്യേന വേഗത കുറഞ്ഞ പിച്ച്.. രസംകൊല്ലിയായി ഇടയ്ക്കിടെ മഴ.. രോഹിത് ശർമ്മയുടെ സിക്സറോടെ തുടക്കം. ഇന്ത്യൻ ആരാധകർ കരഘോഷങ്ങൾ മുഴക്കിയ നിമിഷങ്ങൾ. എന്നാൽ അധികസമയം നീണ്ടുനിന്നില്ല ആഘോഷാരവങ്ങൾ.. ഓപ്പണർ സ്ഥാനത്തേക്ക് പ്രൊമോഷൻ ലഭിച്ച വിരാട് കോഹ്ലി രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. 4 റൺസ് നേടി പുറത്തായി. വൈകാതെ തന്നെ നായകൻ രോഹിത് ശർമ്മയും പുറത്തായി.

12 പന്തിൽ നിന്നും 13 റൺസ്. വൺഡൗൺ ആയെത്തിയ ഋഷഭ് പന്ത് മാത്രമാണ് അല്പമെങ്കിലും ഗൗരവത്തോടെ ബാറ്റ് വീശിയത്. 31 പന്തിൽ 42 റൺസ് ആയിരുന്നു പന്തിന്റെ സമ്പാദ്യം. സൂര്യകുമാർ യാദവ്, ശിവം ദുബൈ, ജഡേജ, പാണ്ട്യ എന്നിവർ വന്നതും പോയതും അറിഞ്ഞില്ല.. അവസാനം പാകിസ്താന് 120 എന്ന വിജയലക്ഷ്യം.

ഒരു ഘട്ടത്തിൽ മികച്ച സ്കോർ നേടുമെന്ന നിലയിൽ നിന്നായിരുന്നു ഇന്ത്യയുടെ പതനം തുടങ്ങിയത്. അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ച ബാറ്റർമാർ പുറത്താക്കുന്നതിന് ന്യൂയോർക്ക് സാക്ഷിയായി. സ്പെഷ്യലിസ്റ്റ് ഓപ്പണർ ആയ ജയസ്വാൾ ടീമിൽ ഉണ്ടായിരിക്കെ വിരാട് കോഹ്ലിയെ വീണ്ടും ആശ്രയിച്ചത് വീണ്ടും പരാജയപ്പെട്ടു.

പാക് നിരയിൽ നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ്‌ ആമിർ എന്നിവർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ വലിയ സ്കോർ എന്ന ഇന്ത്യൻ സ്വപ്നങ്ങൾ വീണുടഞ്ഞു. ഇനി അറിയേണ്ടത് പാക്കിസ്ഥാന് 120 എന്ന വിജയലക്ഷ്യം മറികടക്കാൻ ആകുമോ എന്നതാണ്. പാക് ബാറ്റർ മാറി പിടിച്ചു കെട്ടാൻ ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് സാധിച്ചാൽ ഇന്ത്യയ്ക്ക് അഭിമാനവിജയം നേടാം. അതല്ലായെങ്കിൽ ടിട്വന്റി ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ പരാജയം. അതും ചില വൈരികളായ പാക്കിസ്ഥാനോട്.