നന്ദി രാജാവേ! വിശ്വം കീഴടക്കി കിങ് കോഹ്ലി; ഇത് വിരാടിന്റെയും രോഹിത്തിന്റെയും പടിയിറക്കം

– ലിജിൻ. ജി –

രാജ്യം വീഴ്ത്തണമെങ്കിൽ ആദ്യം രാജാവിനെ വീഴ്ത്തണം! രാജാവിനെ വീഴ്ത്താൻ പറ്റിയില്ല എങ്കിൽ നിങ്ങൾ പരാജയപ്പെട്ടു എന്നർഥം. അതെ അതായിരുന്നു കഴിഞ്ഞ രാത്രി ലോകം കണ്ടത്… പരാജയങ്ങൾക്കൊടുവിൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽപ്പ്. ഒടുവിൽ രാജ്യം കൊതിച്ച ആ കിരീടം നെറുകയിൽ ചാർത്തി തന്നു.. അതാണ് രാജാവ്…. The Real King… King Kohli….

സീനിയേഴ്സിന്റെ ‘ഫൈനൽ’ എന്നുതന്നെയാണ് ടി20 ലോകകപ്പ് ഫൈനൽ ഇത്തവണ അറിയപ്പെട്ടത്. രോഹിത് ശർമയുടെയും വിരാട് കോലിയുടെയും ‘ഫൈനൽ’ രാജ്യാന്തര ട്വന്റി20 മത്സരം കൂടിയായിരുന്നു. ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങുന്നതിനിടെയാണ് ടി20യിൽ നിന്നു കോലി വിരമിക്കൽ പ്രഖ്യാപിച്ചത്. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ രോഹിത്തും.

അങ്ങനെ പുതുതലമുറയിലെ രണ്ട് ഇതിഹാസ താരങ്ങൾ ഒരുദിവസം തന്നെ വിരമിക്കൽ പ്രഖ്യാപിക്കുന്ന അപൂർവതയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് സാക്ഷിയായി. ഇതൊരു പരസ്യമായ രഹസ്യമാണെന്നും കിരീടനേട്ടത്തോടെ പടിയിറങ്ങുന്നതിൽ അഭിമാനമുണ്ടെന്നുമായിരുന്നു കോലിയുടെ വാക്കുകൾ.

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയശേഷമാണ് വിരാട് കോഹ്ലിയുടെ ഈ പടിയിറക്കം. 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാംപ്യൻസ് ട്രോഫി നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. ഇപ്പോൾ കരിയറിന്റെ അവസാനഘട്ടത്തിൽ ട്വന്റി20 ലോകകപ്പും. ഏകദിന ലോകകപ്പ് മാത്രമാണ് രോഹിത്തിന്റെ പേരിൽ ഇല്ലാത്തത്. ഐസിസി ട്രോഫികൾ ഇരുവരും നേടിയിട്ടുണ്ടെങ്കിലും അവയെല്ലാം ധോണി, സച്ചിൻ, യുവരാജ് തുടങ്ങിയവരുടെ ക്രെഡിറ്റിലാണ്. അതുകൊണ്ടു തന്നെ ഈ ട്വന്റി20 ലോകകപ്പ് കിരീടം രോഹിത്തിനും കോലിക്കും ഒരുപോലെ സ്പെഷൽ ആകുന്നു.

സമാനമായ രീതിയിൽ 2014 ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചതിനു പിന്നാലെ ശ്രീലങ്കൻ ഇതിഹാസങ്ങളായ മഹേള ജയവർധനെയും കുമാർ സംഗക്കാരയും ട്വന്റി20യിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. കോലിയുടെയും രോഹിത്തിന്റെയും വിരമിക്കാൽ ചരിത്രത്തിന്റെ തനിയാവർത്തനമായി.

ടൂർണമെന്റിൽ തുടക്കത്തിൽ തിളങ്ങാനാകാതെ പോയതിന്റെ നിരാശ കോഹ്ലിക്ക് ഉണ്ടെങ്കിലും ടീമിന്റെ കിരീടനേട്ടവും ഫൈനൽ മത്സരത്തിലെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും ആ മുറിവ് ഒരു പരിധിവരെ ഉണക്കിയേക്കാം.

തോൽവിയിലും ചെറുപുഞ്ചിരിയോടെ മാത്രം എപ്പോഴും കാണുന്ന രോഹിത്തിന്റെ കണ്ണുകളിൽ നനവ് പടർന്നിരുന്ന ഒരു ദിവസം കായികലോകം കണ്ടിരുന്നു. 2023 നവംബർ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ നാലാം ലോക കിരീടമെന്ന സ്വപ്നം പൊലിഞ്ഞ നിമിഷം.ഒരു ഐസിസി കപ്പു പോലും നേടാനാകാത്ത നായകനായി കരിയർ അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്ക ആ മനുഷ്യനെ വല്ലാതെ വേട്ടയാടിയിട്ടുണ്ടാകും.

എന്നാൽ കരീബിയൻ മണ്ണിൽവച്ച്, ഈ സങ്കടങ്ങൾക്കും ചോദ്യമുനകൾക്കുമെല്ലാം പകരംവീട്ടിയിരിക്കുകയാണ് ഹിറ്റ്മാൻ. 37–ാം വയസ്സിൽ, നായകനായും ബാറ്ററായുമെല്ലാം ടീമിനെ മുന്നിൽനിന്നു നയിച്ച് ഇന്ത്യയ്ക്ക് നാലാം ലോകകിരീടം (രണ്ട് ഏകദിന കിരീടങ്ങൾ, രണ്ടു ട്വന്റി20 കിരീടങ്ങൾ) നേടിക്കൊടുത്തിരിക്കുന്നു ഈ മറാഠക്കാരൻ. 21–ാം നൂറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ക്യാപ്റ്റന്മാരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു രോഹിത്. സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോണി, വിരാട് കോലി എന്നിവർ പിന്തുടർന്നിരുന്ന ശൈലിയായിരുന്നില്ല അയാളുടേത്.

സഹതാരങ്ങൾക്ക് സുഹൃത്തായ ‘ഭായ്’ ആണ് രോഹിത്. സഹതാരങ്ങൾ പലപ്പോഴും അയാളെ പുകഴ്ത്തുന്നത് നാം കണ്ടിട്ടുണ്ട്. ജയിക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ സമ്മർദ നിമിഷങ്ങളിൽ വൈകാരികമായി പ്രതികരിക്കുന്ന ഒരാൾ. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോഴും വികാരഭരിതനായ രോഹിത്തിനെയാണ് ഡ്രസിങ് റൂമിൽ കണ്ടത്. കിരീടനേട്ടശേഷം മൈതാനത്ത് കുമ്പിടുന്ന രോഹിത്തിനെയും. ഇന്ത്യയ്ക്ക് ലോകകിരീടം നേടിത്തന്ന നായകന്മാരുടെ പട്ടികയിൽ ഇനി രോഹിത്തിന്റെ പേരുമുണ്ടാകും. വിശ്വം കീഴടക്കിയ വിശ്വനായകനായി. ‌ ഫിറ്റ്നസിന്റെ പേരിൽ എന്നും പഴി കേട്ടിട്ടുള്ള രോഹിത്തിനു പക്ഷേ ഹിറ്റ്മാൻ എന്ന വിളിപ്പേരു വന്നത് വെറുതെയല്ല. ആ പേര് അന്വർഥമാക്കുന്ന തരത്തിലായിരുന്നു ഈ ടൂർണമെന്റിലും രോഹിത്തിന്റെ പ്രകടനം. റൺവേട്ടക്കാരിൽ രണ്ടാമൻ.

ഇന്ത്യ ജയിക്കണമെന്ന് ആരാധകർ എപ്പോഴും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ രോഹിത്തിനു വേണ്ടി ഇന്ത്യ ജയിക്കണമെന്ന് ആഗ്രഹിക്കുന്നവർ കൂടിയുണ്ട് എന്നതാണ് അയാളുടെ വിജയം. ആ ആഗ്രഹം സഫലമാകുകയും ചെയ്തിരിക്കുന്നു.എങ്കിലും ഏകദിന ലോകകപ്പ് എന്ന മോഹം രോഹിത്തിനുള്ളിൽ വീണ്ടും അവശേഷിക്കും. 2011ൽ ഏകദിന ലോകകപ്പ് നേടിയ ടീമിൽ രോഹിത് അംഗമായിരുന്നില്ല. അതിന്റെ സങ്കടം രോഹിത് തുറന്നുപറഞ്ഞിട്ടുമുണ്ട്. 2027ലെ ഏകദിന ലോകകപ്പ് വരെ രോഹിത്തിന്റെ കരിയർ ഉണ്ടാകുമോ എന്നത് ചോദ്യചിഹ്നമാണ്.

രോഹിത്തും കോലിയും ട്വന്റി20യിൽനിന്ന് കളമൊഴിഞ്ഞതോടെ വലിയൊരു തലമുറ മാറ്റത്തിനാണ് ഇന്ത്യൻ ടീം സാക്ഷ്യംവഹിക്കുന്നത്. ലോകകപ്പിനു തൊട്ടുപിന്നാലെ ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനം ട്വന്റി20 ടീമിൽ വരുന്ന മാറ്റങ്ങളിലേക്ക് സൂചന നൽകുന്നതാണ്. ലോകകപ്പിനായി രണ്ടു വർഷം മുൻപെങ്കിലും ഒരു ടീമിനെ വാർത്തെടുക്കേണ്ടതുണ്ട്. ഫൈനൽ മത്സരത്തിൽ തിളങ്ങിയ ഹാർദിക് പാണ്ഡ്യ ഇനി ഇന്ത്യയുടെ സ്ഥിരം ട്വന്റി20 ക്യാപ്റ്റനാകാനാണ് സാധ്യത.

എന്തായാലും രാജാവിനും, ഹിറ്റ്‌മാനും ഇനി ഒന്നും തെളിയിക്കാനില്ല. ഈ കിരീടം അവർക്കുവേണ്ടി ഇന്ത്യ നേടിയതാണ്.

നന്ദി രാജാവേ…. നന്ദി ഹിറ്റ്‌മാൻ….

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments