ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 120 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 7 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് നേടാനേ സാധിച്ചുള്ളൂ.

ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് കുതിച്ച പാകിസ്ഥാനെ ബൂംറയും ഹാർദിക്കും ചേർന്ന് പിടിച്ചു കെട്ടുകയായിരുന്നു. 4 ഓവറിൽ 14 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ ജസ്പ്രീത് ബൂംറയാണ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ട് വന്നത്.

വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ നായകൻ ബാബർ അസമിനെ പുറത്താക്കി ബൂംറ ബ്രേക്ക്‌ത്രൂ നൽകിയെങ്കിലും മുഹമ്മദ്‌ റിസ്വാൻ ടീമിനെ മുന്നോട്ട് നയിച്ചു. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ മത്സരം തിരിച്ചുപിടിക്കുകയായിരുന്നു.

ഇരുപതാം ഓവറിൽ പാകിസ്താന് വേണ്ടിയിരുന്നത് 18 റൺസ്. എന്നാൽ അർഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ പാകിസ്താന് 11 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. അതോടെ ജയം ഇന്ത്യ കൈപ്പിടിയിലൊതുക്കി.

നേരത്തെ പാക് ബൗളർമാരായ നസീം ഷായും ഹാരിസ് റൗഫുമാണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ ബാറ്റിങ് നിരയിൽ മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. 31 പന്തിൽ 42 റൺസെടുത്ത ഋഷഭ് പന്താണ് ടോപ് സ്കോറർ.. ഋഷഭ് പന്തും അക്സർ പട്ടേലും ശ്രദ്ധയോടെ ബാറ്റു വിശീയാണ് ടീമിനെ അർധ സെഞ്ച്വറി കടത്തിയത്.

പന്തിനെ പുറത്താക്കാനുള്ള ഒന്നിലധികം അവസരങ്ങളാണ് പാക് താരങ്ങൾ നഷ്ടപ്പെടുത്തിയത്. പിന്നാലെ 18 പന്തിൽ 20 റൺസെടുത്ത അക്സർ നസീം ഷായുടെ പന്തിൽ ക്ലീൻ ബൗൾഡ്. സൂര്യകുമാറിനും ശിവം ദുബെക്കും നിലയുറപ്പിക്കാനായില്ല.

18ാം ഓവറിൽ ഹാരിസ് റൗഫ് അടുത്തടുത്ത പന്തുകളിൽ ഹാർദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും മടക്കി. 13 പന്തിൽ ഒമ്പത് റൺസെടുത്ത അർഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. പാകിസ്താനുവേണ്ടി മുഹമ്മദ് ആമിർ രണ്ടു വിക്കറ്റും അഫ്രീദി ഒരു വിക്കറ്റും നേടി.