തിരുവനന്തപുരം: ഇടതുമുന്നണിയുടെ രാജ്യസഭാ സീറ്റിലേക്ക് ആഗ്രഹം പ്രകടിപ്പിച്ച് ഡോ. ടി.എം. തോമസ് ഐസക്ക്. മുഖ്യമന്ത്രി പിണറായി വിജയനോട് തന്റെ താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇതിനോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല.

ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച രീതിയിലുള്ള പ്രചാരണം നയിച്ചുവെന്നും വിജയിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്ന ടി.എം. തോമസ് ഐസക്കിന് ഏറ്റ പരാജയം പത്തനംതട്ടയിലെ പാർട്ടിക്കേറ്റ വലിയ തിരിച്ചടിയായിരുന്നു. കെ. രാധാകൃഷ്ണന് മാത്രമാണ് സി പി എമ്മിൽ നിന്ന് ജയിക്കാനായത്.

പതിഞ്ഞ സ്വാഭാവക്കാരനായ രാധാകൃഷ്ണന് പാർലമെൻ്റിൽ ശോഭിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ സി പി എമ്മിന് പോലും സംശയമുണ്ട്. അതുകൊണ്ട് തന്നെ ഐസക്കിനെ പോലൊരാൾ പാർലമെൻ്റിൽ ഉള്ളത് ഇടതുപക്ഷത്തിന് മുതൽകൂട്ടാകും.

2 സീറ്റുകളാണ് രാജ്യസഭയിൽ എൽ.ഡി.എഫിന് ജയിക്കാൻ കഴിയുന്നത്. ഏതൊക്കെ കക്ഷികൾക്ക് രാജ്യസഭ സീറ്റ് നൽകും എന്ന് എൽ.ഡി.എഫിൽ ധാരണ ആയിട്ടില്ല. ജോസ് കെ മാണിയെ തഴഞ്ഞാൽ ക്രൈസ്ത വിഭാഗത്തിലുള്ള ആൾ സി പി എമ്മിൻ്റെ സ്ഥാനാർത്ഥിയാകും. അങ്ങനെ വന്നാൽ ഐസക്കിൻ്റെ സാധ്യത തെളിയും.

എന്നാല്‍ മുന്നണിയിലെ ഘടകകക്ഷികളെ എങ്ങനെ സമാശ്വാസിപ്പിക്കുമെന്ന ചിന്തയിലുള്ള മുഖ്യമന്ത്രി ജോസ് കെ മാണിക്ക് അനുകൂലമായ തീരുമാനങ്ങള്‍ക്കായി വഴി തേടുകയാണ്. സിപിഐയുടെ സീറ്റ് ജോസ് കെ മാണി ഗ്രൂപ്പിന് നല്‍കുമോയെന്ന സിപിഎമ്മിന്റെ ആവശ്യം സിപിഐ അപ്പാടെ തള്ളിക്കളഞ്ഞിരുന്നു. ഇനിയൊരിക്കല്‍ കൂടി ഭരണത്തിലേറാൻ മാണി കോണ്‍ഗ്രസിന്റെ സന്തോഷം ആവശ്യമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് ബിനോയ് വിശ്വം തള്ളിക്കളഞ്ഞിരുന്നു.

ഒരു കാരണവശാലും സീറ്റ് വിട്ട് കൊടുക്കില്ലെന്നാണ് സി പി ഐ യുടെ കട്ടായം. എൽ.ഡി. എഫിലെ രണ്ടാമത്തെ കക്ഷിയാണ് സി.പി.ഐ എന്ന് പിണറായിയെ ഓർമിപ്പിക്കാനും ബിനോയ് വിശ്വം മറന്നില്ല.

എൽ.ഡി. എഫിന് തുടർഭരണം പിടിക്കാൻ സാധിച്ചത് തങ്ങൾ കൂടെ വന്നത് കൊണ്ടാന്നെന്നാണ് ജോസ് കെ മാണിയുടെ അവകാശവാദം. ഇത് പിണറായിയും അംഗികരിച്ചു എന്നാണ് രാജ്യസഭ ചർച്ച വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും രാജ്യസഭ സീറ്റ് ജോസിന് നൽകാനാണ് സി പി എം നീക്കം. ജോസിന് കൊടുത്തില്ലേൽ ജോസ് ഇറങ്ങി പോകും.

സിപി.ഐക്ക് കൊടുത്തില്ലേൽ പ്രത്യാഖ്യാതം അതിലും രൂക്ഷമാകും. വല്ലാത്തൊരു പൊല്ലാപ്പിലാണ് പിണറായി. രാജ്യ സഭ സീറ്റ് തർക്കം എൽ.ഡി. എഫിൽ ഇതിന് മുമ്പുണ്ടായിട്ടില്ല. ശ്രേയസ് കുമാറും രാജ്യ സഭ സീറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. പി.സി. ചാക്കോയ്ക്കും രാജ്യസഭ സീറ്റ് വേണം. ഇതൊന്നും അംഗീകരക്കണ്ട എന്ന നിലപാടിലാണ് സി പി എം.

ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി എന്നിവരുടെ ഒഴിവുകളിലേക്കാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. 2 സീറ്റ് എൽ.ഡി. എഫിനും 1 സീറ്റിൽ യു.ഡി. എഫിനും കക്ഷി നില അനുസരിച്ച് ജയിക്കാം. യു.ഡി. എഫിൻ്റെ സീറ്റ് മുസ്ലീം ലീഗിന് കൊടുക്കാം എന്ന് നേരത്തെ ധാരണ ആയിരുന്നു. എൽ.ഡി. എഫിന് ജയിക്കാനാവുന്ന രണ്ട് സീറ്റിലാണ് പൊരിഞ്ഞ അടി. ജൂൺ 25 നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്.