തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഖജനാവിൽ നിന്ന് കോടികൾ മുടക്കി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നത്. 1.05 കോടി മുടക്കി ആഡംബര ബസിലായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്ര. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ് ഐ പ്രവർത്തകർ മൃഗീയമായി ആക്രമിച്ചു.

ജീവൻ രക്ഷാ പ്രവർത്തനം എന്ന ഓമന പേരാണ് ഡിവൈ എഫ് ഐ ആക്രമണത്തെ കുറിച്ച് പിണറായി പ്രതികരിച്ചത്. എല്ലാ ജില്ലകളിലും നടന്ന പ്രതിഷേധ സമരത്തിൽ ആലപ്പുഴ ജില്ല വരെ അടി കൊണ്ട യൂത്ത് കോൺഗ്രസുകാർ കൊല്ലം ജില്ലയിലെത്തിയപ്പോൾ തിരിച്ചടിച്ചു. തല്ലു മേളയായി മാറി നവകേരള സദസ്.349 കേസുകളാണ് പ്രതിഷേധിച്ച യുവജനസംഘടനകളുടെ പേരിൽ രജിസ്റ്റർ ചെയ്തത്.

പ്രതിപക്ഷ യുവജന സംഘടനയിലെ 1491 പേരെ അറസ്റ്റ് ചെയ്തെന്ന് മുഖ്യമന്ത്രി നിയമസഭയിൽ എ.പി അനിൽകുമാർ എം എൽ എ യുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി. 26 കേസുകൾ മാത്രമാണ് ആക്രമിച്ച ഭരണാനുകൂല യുവജന സംഘടന അംഗങ്ങൾക്കെതിരെ എടുത്തത്. അറസ്റ്റ് ചെയ്തത് വെറും 39 പേരെ. ആക്രമിച്ച ഭരണ അനുകൂല സംഘടന അംഗങ്ങളിൽ 5 ശതമാനം പേർക്കെതിരെ പോലും കേസെടുക്കുകയോ,അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.