തോമസ് ചാഴിക്കാടിന് വിജയ സാധ്യതയില്ലെന്ന സി പി എം വിലയിരുത്തൽ തള്ളി ജോസ് കെ. മാണി. ചാഴിക്കാടനെ കോട്ടയത്ത് വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചായിരുന്നു ജോസിൻ്റെ തിരിച്ചടി. കോട്ടയം കൂടാതെ ഇടുക്കി, പത്തനംതിട്ട ലോകസഭ സീറ്റുകളും ജോസ് കെ മാണി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയ സി പി എം കോട്ടയം മാത്രമാണ് നൽകിയത്.

ചാഴിക്കാടന് പകരം ജോസ് കെ മാണി കോട്ടയത്ത് മത്സരിക്കണം എന്ന ആവശ്യവും മുഖ്യമന്ത്രി ഉന്നയിച്ചു. ഏപ്രിലിൽ ഒഴിവു വരുന്ന ജോസിൻ്റെ രാജ്യസഭ സീറ്റ് കൈക്കലാക്കാൻ വേണ്ടിയുള്ള സിപിഎം തന്ത്രത്തിൽ ജോസ് കൊത്തിയില്ല. സംസ്ഥാന ഭരണത്തിനെതിരെ അതിശക്തമായ വികാരമാണ് സംസ്ഥാനത്തുള്ളതെന്നും കോട്ടയത്ത് നിന്നാൽ പച്ച തൊടില്ലെന്ന് ജോസ് കെ മാണിക്കറിയാം. അതുകൊണ്ടാണ് ചാഴിക്കാടനെ ഇറക്കി കളിക്കാൻ ജോസ് മുതിർന്നതും.

വന്യമൃഗ ശല്യത്തിലും റബറിൻ്റെ തകർച്ചയിലും ഒന്നും ചെയ്യാതെ കൈയും കെട്ടി നോക്കി ഇരിക്കുന്ന ഇടത് സർക്കാരിനെതിരെ മലയോര മേഖലയിൽ ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. സഭാ പിതാക്കൻമാരാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നതും. എതിർഘടകങ്ങൾ നിരവധിയാണെന്ന് മാണി പുത്രന് നന്നായറിയാം. രാജ്യസഭ സീറ്റ് വീണ്ടും കിട്ടിയില്ലെങ്കിൽ ജോസും കൂട്ടരും ഇടതു മുന്നണി വിടും. 3 രാജ്യസഭ സീറ്റുകളാണ് 2024 ഏപ്രിൽ അവസാനം ഒഴിവ് വരുന്നത്.

ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി എന്നിവരുടെ കാലാവധിയാണ് കഴിയുന്നത്. കക്ഷി നില അനുസരിച്ച് 2 സീറ്റിൽ എൽ ഡി എഫും 1 സീറ്റിൽ യു.ഡി എഫും വിജയിക്കും. ബിനോയ് വിശ്വത്തിൻ്റെ ഒഴിവ് വരുന്ന സീറ്റ് സി പി ഐ വിട്ടുകൊടുക്കില്ല എന്ന് കട്ടായം പറഞ്ഞിരിക്കുകയാണ്. പിന്നെയുള്ള ഒരു സീറ്റിനു വേണ്ടി ജോസും സി പി എമ്മും അടി തുടങ്ങി കഴിഞ്ഞു. താൻ ഒഴിയുന്ന രാജ്യ സഭ സീറ്റ് തനിക്കു തന്നെ വേണമെന്ന ശാഠ്യത്തിലാണ് ജോസ്.

ലോകസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം പ്രതീക്ഷിക്കുന്ന സി പി എമ്മിന് രാജ്യസഭ സീറ്റ് ജോസിന് കൊടുക്കുന്നതിൽ എതിർപ്പാണ്. ജോസും കൂട്ടരും യു.ഡി.എഫിലേക്ക് എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടും എന്നും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു.

കെ.വി. തോമസ്, എ.കെ. ബാലൻ, ചിന്ത ജെറോം, തോമസ് ഐസക്ക് എന്നിവർ രാജ്യസഭ സീറ്റിനായി രംഗത്തുണ്ട്. ചിന്ത ജെറോമിന് മന്ത്രി മുഹമ്മദ് റിയാസിൻ്റെ പിന്തുണയും ഉണ്ട്. എ.എ റഹീമിനെ രാജ്യസഭ എം.പിയാക്കിയതിൻ്റെ പിന്നിൽ മുഹമ്മദ് റിയാസ് ആയിരുന്നു. കെ.വി തോമസ് രാജ്യസഭയിലെത്തുമെന്ന സൂചനകളും ശക്തമാണ്.