തിരുവനന്തപുരം: മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ്സിനെതിരെ കോണ്‍ഗ്രസും തെരുവിലിറങ്ങിയതോടെ കേരളമൊട്ടാകെ രാഷ്ട്രീയ സംഘര്‍ഷം. മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോഴേക്കും ‘അടികേരള സദസ്സായി’ മാറിയിരിക്കുകയാണ്.

കല്യാശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയതിനെതിരെ ആരംഭിച്ച കരിങ്കൊടി പ്രതിഷേധത്തെ പോലീസും ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകര്‍ സംഘടിതമായി നേരിടുന്ന കാഴ്ച്ചകളാണ് കണ്ടിരുന്നതെങ്കില്‍ കൊല്ലം ജില്ലമുതല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ സംഘടിച്ച് തിരിച്ചടിക്കുന്ന കാഴ്ച്ചകളാണ് കാണുന്നത്. ആദ്യ ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലുവാങ്ങിക്കൂട്ടിയെങ്കിലും കാര്യമായ തിരിച്ചടികള്‍ക്ക് മുതിര്‍ന്നിരുന്നില്ല.

മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് ആരംഭിച്ച കാസര്‍കോട് കാര്യമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, കണ്ണൂര്‍ ജില്ല മുതല്‍ യാത്രയുടെയും പ്രതിഷേധങ്ങളുടെയും സ്വഭാവം മാറുകയായിരുന്നു. പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു കരിങ്കൊടി കാണിച്ചവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ജനം മുഴുവന്‍ കണ്ടിട്ടും അതിനെ ‘രക്ഷാപ്രവര്‍ത്തനം’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കൊടിയുമായി തന്റെ ബസിന്റെ മുന്നിലേക്ക് ചാടിയവരെ ബസ് ഇടിക്കാതിരിക്കാനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിച്ചുമാറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മുഖ്യമന്ത്രിയുടെ വിശദീകരണം വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്നു. മുഖ്യമന്ത്രിയുടെ ഉറച്ച പിന്തുണകൂടി ലഭിച്ചതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ‘രക്ഷാപ്രവര്‍ത്തനം’ ഊര്‍ജിതമാക്കി. മുഖ്യമന്ത്രി പോകുന്ന വഴിയിലെവിടെയെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിന്നാല്‍ വടിയും കല്ലുമായി ‘രക്ഷാപ്രവര്‍ത്തനം’ ആരംഭിക്കുന്ന സ്ഥിതിയായി. പൊലീസ് മാറിനിന്ന് ‘രക്ഷാപ്രവര്‍ത്തനം’ വീക്ഷിച്ചു.

എറണാകുളത്തും ആലപ്പുഴയിലുമെത്തിയപ്പോളാണ് സാഹചര്യം കൂടുതല്‍ രൂക്ഷമായത്. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ചുമതലയിലുള്ള മറ്റൊരു ഉദ്യോഗസ്ഥനും വടിയുമായി ചാടിയിറങ്ങി. പൊലീസ് പിടിച്ചുവച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ പൊതിരെ തല്ലി.

പ്രതിഷേധിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇതിനിടെ നവകേരള ബസിന് നേരെ ഷൂ ഏറുണ്ടായി. ആദ്യം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയെങ്കിലും നിവര്‍ത്തിയില്ലാത്തതുകൊണ്ടാണ് ചെയ്യേണ്ടി വന്നതെന്ന് ന്യായീകരിച്ചു. ഷൂ എറിഞ്ഞവരുടെ നേരെ വധശ്രമത്തിന് പൊലീസ് കേസും ചാര്‍ത്തി.

പ്രവര്‍ത്തകര്‍ക്കുനേരെ മര്‍ദനം തുടര്‍ന്നാല്‍ തിരിച്ചടിക്കേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും തുടര്‍ച്ചയായി പ്രസ്താവന ഇറക്കി. എന്നാല്‍ കാര്യങ്ങള്‍ പ്രസ്താവനയില്‍ മാത്രം ഒതുങ്ങാന്‍ തുടങ്ങിയതോടെ പ്രവര്‍ത്തകരില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു. കെ.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി.

നവകേരള യാത്രയ്‌ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദിച്ചതടക്കമുള്ള സംഭവങ്ങളില്‍ പ്രതിഷേധം പ്രസ്താവനകളിലൊതുക്കാതെ തെരുവിലിറങ്ങാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനു പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം വന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും ഡിവൈഎഫ്‌ഐക്കാരും തെരുവില്‍ നേരിടുമ്പോള്‍ അതിനെതിരെ സംസ്ഥാന നേതൃത്വം നടത്തുന്ന പ്രതിഷേധങ്ങള്‍ക്കു വീര്യം പോരെന്നു വിലയിരുത്തിയാണിത്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ചര്‍ച്ച നടത്തി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പിന്തുണയുമായി സംസ്ഥാന നേതൃത്വം മുന്നിട്ടിറങ്ങണം. അതിനാവശ്യമായ സമരപരിപാടികള്‍ക്കു രൂപം നല്‍കണമെന്നും വേണുഗോപാല്‍ നിര്‍ദേശിച്ചു.

കൊല്ലത്ത് നവകേരള ബസ് പ്രവേശിച്ചപ്പോള്‍ ആദ്യമുണ്ടായ പ്രതിഷേധം യുവമോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു. ‘രക്ഷാപ്രവര്‍ത്തനത്തിന്’ എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ യുവമോര്‍ച്ചക്കാര്‍ കമ്പും വടിയുമായി നേരിട്ടു. യുവമോര്‍ച്ച അതേ നാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ ഇത്രയും കാലം തല്ലുകൊണ്ട യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ‘ജാള്യത’ തോന്നിത്തുടങ്ങി.

ഇതോടെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന് യൂത്ത് കോണ്‍ഗ്രസും കച്ചമുറുക്കി. കൊല്ലത്ത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് സാന്നിധ്യത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലും തടിക്കഷണങ്ങളും കൊണ്ടു മര്‍ദിച്ചു. വടിയും മുളക് സ്‌പ്രേയും കയ്യില്‍ കരുതിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചതോടെ നഗരം അര മണിക്കൂറോളം യുദ്ധക്കളമായി.

ബുധനാഴ്ച സെക്രട്ടേറിയറ്റിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസുമായുള്ള തെരുവ് യുദ്ധത്തിന് വേദിയായി. മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ വി.ഡി. സതീശന്‍, നടപടിയുണ്ടായില്ലെങ്കില്‍ എണ്ണിയെണ്ണി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു. ഒരു കടലാസുപോലും ചുരുട്ടിയെറിയരുതെന്നാണ് കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞുകൊണ്ടിരുന്നതെങ്കിലും പുതിയ സാഹചര്യത്തില്‍ അതു മാറ്റിപ്പറയാനാണ് മാര്‍ച്ചില്‍ വന്നതെന്നും പ്രഖ്യാപിച്ചു.

ഡിജിപി ഓഫിസിലേക്കു വ്യാഴാഴ്ച കെഎസ്‌യുവും 23നു കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ച് നടത്തും. 23നു നവകേരള സദസ്സ് സമാപിക്കുന്ന ദിവസം വരെ പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തുകയാണു കോണ്‍ഗ്രസിന്റെ ഉദ്ദേശ്യം.

കോണ്‍ഗ്രസ് തെരുവിലിറങ്ങിയതോടെ ഡിവൈഎഫ്‌ഐ ‘രക്ഷാപ്രവര്‍ത്തനം’ ഊര്‍ജിതമാക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പൊലീസിനൊപ്പം നിന്ന് യൂത്ത് കോണ്‍ഗ്രസിനെ നേരിടാന്‍ ഡിവൈഎഫ്‌ഐയും ഇറങ്ങിത്തിരിച്ചാല്‍ വരും ദിവസങ്ങളില്‍ തലസ്ഥാന നഗരം യുദ്ധക്കളമായി മാറിയേക്കും. നവകേരള സദസിനും മുഖ്യമന്ത്രിക്കും വന്‍ സുരക്ഷ ഒരുക്കുന്നതിനൊപ്പം കോണ്‍ഗ്രസ് പ്രതിഷേധത്തെ നേരിടുകയെന്ന ഇരട്ട വെല്ലുവിളിയാണ് പൊലീസിനെ കാത്തിരിക്കുന്നത്.