തിരുവനന്തപുരം: 2023 ന്റെ അവസാന ദിവസങ്ങളില്‍ മന്ത്രിസഭാ പുനഃസംഘടന നടത്തുന്നതോടെ സര്‍ക്കാര്‍ ഡയറിയില്‍ മന്ത്രി സ്ഥാനമില്ലാതെ കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും. ഡിസംബര്‍ 29നാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്യുന്നത്.

എന്നാല്‍, രണ്ടുദിവസം കഴിഞ്ഞ് ഒരുലക്ഷം പേര്‍ ഉപയോഗിച്ചു തുടങ്ങുന്ന 2024 ലെ സര്‍ക്കാര്‍ ഡയറിയിലും നിയമസഭ ഡയറിയിലും ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും തന്നെയാണ് മന്ത്രിമാര്‍. പകരം മന്ത്രിയാകുന്ന ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും 2024 ലെ ഡയറിയില്‍ വെറും എം.എല്‍.എമാരും.

ഒരു ലക്ഷം സര്‍ക്കാര്‍ ഡയറിയാണ് പുറത്തിറക്കിയിരിക്കുന്നത്. ജി എസ് ടി ഉള്‍പ്പെടെ 313 രൂപയാണ് സര്‍ക്കാര്‍ ഡയറിയുടെ വില. 1 ലക്ഷം സര്‍ക്കാര്‍ ഡയറിയുടെ വില 3.13 കോടി. മന്ത്രിമാരായി ഗണേഷ്‌കുമാറും കടന്നപള്ളി രാമചന്ദ്രന്റേയും പേര് ഉള്‍പ്പെടുത്തി 2024 ല്‍ പുതിയ ഡയറി തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പൊതുഭരണ വകുപ്പ്.

രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന നവംബറില്‍ മുന്‍ നിശ്ചയ പ്രകാരം മന്ത്രിമാരാകേണ്ടവരായിരുന്നു ഗണേഷ് കുമാറും കടന്നപള്ളി രാമചന്ദ്രനും. നവകേരള സദസ് കാരണമാണ് ഇവരുടെ മന്ത്രി സ്ഥാനം ഒരു മാസം വൈകിയത്. പുതിയ മന്ത്രിമാരുടെ പേര് ഉള്‍പ്പെടുത്തി പുതിയ ഡയറി തയ്യാറാക്കാന്‍ പിണറായിയും അനുമതി നല്‍കിയതോടെ പുതിയ ഡയറി തയ്യാറാക്കല്‍ പരിപാടിയിലേക്ക് കടന്നിരിക്കുകയാണ് സര്‍ക്കാര്‍ പ്രസ്.

പുതിയ ഡയറിക്ക് വേണ്ടി വീണ്ടും ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി കാലത്ത് വീണ്ടും വിചാരമില്ലാതെ ഡയറി തയ്യാറാക്കിയതാണ് കോടികള്‍ നഷ്ടപെടാന്‍ കാരണം. സമാന അബദ്ധമാണ് സ്പീക്കര്‍ ഷംസിറിനും പറ്റിയത്. 20,000 ഡയറിയാണ് നിയമസഭ പുറത്തിറക്കുന്നത്. പുതിയ മന്ത്രിമാരുടെ പേര് ഉള്‍പ്പെടുത്തി നിയമസഭ ഡയറി വീണ്ടും ഇറങ്ങുമെന്നാണ് ലഭിക്കുന്ന കരുതുന്നത്.