തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതോടെ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ സജീവമാകുകയാണ് മുന്‍ എം.പി. എ. സമ്പത്ത്. അടൂര്‍ പ്രകാശിനെ നേരിടാന്‍ സമ്പത്ത് അല്ലാതെ മറ്റാര് എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പാര്‍ട്ടി നേതൃത്വത്തിന് ഇതുവരെ ഉത്തരം നല്കാനായിട്ടില്ലെന്നതാണ് സമ്പത്തിന്റെ പ്രതീക്ഷ. മൂന്ന് തവണ ഇവിടെ നിന്ന് (ചിറയിന്‍കീഴ്, ആറ്റിങ്ങല്‍) ലോക്സഭയിലെത്തിയ സമ്പത്തിനെ രാഷ്ട്രീയ വനവാസത്തിലേക്ക് പറഞ്ഞയച്ച അടൂര്‍ പ്രകാശിന് തിരിച്ചടി നല്കാന് തനിക്കാകുമെന്നാണ് സമ്പത്തിന്റെ പ്രതീക്ഷ.
തിരുവനന്തപുരം സിപിഎമ്മിലെ പ്രമുഖരായ വി.കെ. പ്രശാന്ത് എം.എല്‍.എ, കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ, രാജ്യസഭ എം.പി എ.എ. റഹീം, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ. ഷിജുഖാന് എന്നീ പേരുകളാണ് സിപിഎം സ്ഥാനാര്‍ത്ഥി പരിഗണനാ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. ഇതില്‍ വി.കെ. പ്രശാന്തിന് വിജയസാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ ഇപ്പോഴൊരു ഉപതെരഞ്ഞെടുപ്പിനെ നേരിടാനുള്ള സാഹചര്യം പാര്‍ട്ടിക്കില്ലെന്നതാണ് പ്രശാന്തിനെ പരിഗണിക്കുന്നതില്‍ നിന്ന് സിപിഎമ്മിനെ പിന്നോട്ട് വലിക്കുന്നത്.
ബാക്കി 3 പേര്‍ക്കും അടൂര്‍ പ്രകാശിനെ പോലെ കരുത്തനായ സ്ഥാനാര്‍ത്ഥിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്നതാണ് സമ്പത്തിനുള്ള മെറിറ്റായി മുഖ്യമന്ത്രി കണക്കാക്കുന്നത്. ആറ്റിങ്ങലില്‍ ചിരപരിചിതനാണ് സമ്പത്ത്. രണ്ട് തവണ ആറ്റിങ്ങലില്‍ നിന്നും ഒരു തവണ ചിറയില്‍കീഴില്‍ നിന്നും എം.പി ആയി ജയിച്ച സമ്പത്ത് 2019 ല്‍ അടൂര്‍ പ്രകാശിനോട് തോറ്റത് 38,247 വോട്ടിനാണ്.
തോറ്റെങ്കിലും പിണറായിയുടെ ഗുഡ് ബുക്കിലുള്ള സമ്പത്തിനെ അദ്ദേഹം കൈവിട്ടില്ല. ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ സമ്പത്തിനെ പിണറായി നിയമിച്ചു. ലക്ഷങ്ങള്‍ ശമ്പളവും യാത്രപ്പടിയും വാങ്ങിയെങ്കിലും ഡല്‍ഹിയിലേക്കാള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു സമ്പത്തിന്റെ പ്രവര്‍ത്തനം.
കോവിഡ് കാലത്ത് മലയാളികള്‍ ഡല്‍ഹിയില്‍ തമ്പടിച്ചപ്പോള്‍ സമ്പത്തിന്റെ പൊടി പോലും കാണാനില്ലായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ കോവിഡ് ജാഗ്രതയില്‍ ഉണ്ടുറങ്ങി കഴിയുകയായിരുന്നു സമ്പത്ത്. സമ്പത്തിന്റെ തിരുവനന്തപുരം താമസം വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയെങ്കിലും സമ്പത്ത് കുലുങ്ങിയില്ല.
തുടര്‍ഭരണം പിടിച്ചതോടെ സമ്പത്തിനെ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി പിണറായി നിയമിച്ചു. എന്നാല്‍ ഡല്‍ഹിക്ക് പുറത്ത് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സമ്പത്തിന് അത്ര താല്പര്യമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിനെ സംഘടന തരംതാഴ്ത്തിയിരുന്നു.
കെ. രാധാകൃഷ്ണനെ ഉപദേശിച്ച് കാലം കഴിക്കുമ്പോഴാണ് ആറ്റിങ്ങലില്‍ ഇറങ്ങാന്‍ പിണറായിയുടെ വിളി എത്തുന്നത്. പിണറായി വിളിച്ചാല്‍ നോ പറയുന്ന സ്വഭാവമില്ലാത്ത സമ്പത്ത് അപ്പോള്‍ തന്നെ രാജിവച്ച് പുറത്തിറങ്ങി. രണ്ടര വര്‍ഷം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നതു കൊണ്ട് പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷനും സമ്പത്തിന് കിട്ടും.
10 ലക്ഷം രൂപയുടെ മറ്റാനുകൂല്യങ്ങള്‍ വേറെയും. സമ്പത്തിന്റെ വരവ് സീറ്റ് മോഹിച്ച ഷിജുഖാനെ നിരാശപ്പെടുത്തിയിരിക്കുകയാണ്. റഹീമിന്റെ പിന്തുണയാണ് ഷിജുഖാന് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മരുമകന് കൂടിയായ മരാമത്ത് മന്ത്രി റിയാസിനെ മുന്നില്‍ നിറുത്തി ഷിജുഖാനെ മല്‍സരിപ്പിക്കാന്‍ അരയും തലയും മുറുക്കി റഹീം രംഗത്തുണ്ട്. സമ്പത്തിന്റെ ആറ്റിങ്ങലിലേക്കുള്ള വരവ് മുടക്കാന്‍ റഹീമിന് ആകുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.
- മദ്രാസ് റേസ് ക്ലബ് പാട്ടം അവസാനിപ്പിച്ച കേസ്: ഹൈക്കോടതി അടിയന്തര അപ്പീൽ ഇന്ന് പരിഗണിക്കും
- ചൊവ്വയിലെ സ്മൈലി ഫെയ്സ് കണ്ട് അമ്പരന്ന് ശാസ്ത്രജ്ഞര്‍
- ആസ്ത്രേലിയന്‍ മന്ത്രിസഭയില്‍ മലയാളി സാന്നിധ്യം
- ‘രാക്ഷസൻ’ ചിത്രത്തിൻ്റെ നിര്‍മാതാവ് ദില്ലി ബാബു അന്തരിച്ചു
- ഡോക്ടർമാരുടെ സുരക്ഷയ്ക്കായി ബംഗാൾ എന്ത് നടപടികളാണ് സ്വീകരിച്ചത് ; വിമർശിച്ച് സുപ്രീം കോടതി