നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോര് വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന് ബസ് വിട്ട് നല്കി. ബസുടമയായ ഗിരീഷ് റാന്നി കോടതിയെ സമീപിച്ചാണ് ബസ് തിരിച്ചിറക്കിയത്. നിയമ നടപടികള് തുടരും.
പെറ്റി അടയ്ക്കണമെന്ന എം.വി.ഡിയുടെ ആവശ്യം കോടതിയില് ബസുടമയായ ഗിരീഷ് നിരാകരിക്കുകയായിരുന്നു. നിയമവിരുദ്ധമായി ഒരുകാര്യവും ചെയ്തിട്ടില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും ബസുടമ കോടതിയെ അറിയിച്ചു.
എം.വി.ഡിയുടെയും കെ.എസ്.ആര്.ടി.സി എം.ഡിയുടെയും നിലപാടിനെ വെല്ലുവിളിച്ചാണ് റോബിന് ട്രാവല്സ് ഉടമ ബസ് തിരിച്ചിറക്കിയത്. ഒരുമാസത്തോളം ബസ് പിടിച്ചിട്ടിരുന്നതിനാല് ബാറ്ററിക്ക് ചെറിയ പ്രശ്നങ്ങളുണ്ടെന്നും അതൊക്കെ പരിഹരിച്ച് മൂന്ന് ദിവസത്തിനകം വീണ്ടും സര്വീസ് പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് ബസുടമ ഗിരീഷ്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപമായിരുന്നു പോലീസ് ബസ് സൂക്ഷിച്ചിരുന്നത്. സാധാരണ പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള് സ്റ്റേഷന് വളപ്പിലോ റോഡിലോ ഇടുകയാണ് പതിവ്. എന്നാല് കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സംരക്ഷണം നല്കിയിരുന്നത്.
പത്തനംതിട്ടയില്നിന്ന് കോയമ്പത്തൂരിലേക്ക് സര്വീസ് ആരംഭിച്ചു റാന്നിയില് എത്തിയപ്പോഴാണ് വാഹനം പിടിച്ചെടുക്കുന്നത്. ഇതിനായി കണ്ടെത്തിയ കാരണങ്ങള് അമിതവേഗത, കൂടുതല് ലൈറ്റുകള്, പെര്മിറ്റ് ലംഘനം എന്നിവയായിരുന്നു. എന്നാല് ഇതിന് ദിവസങ്ങള് മുന്പ് വാഹനം ടെസ്റ്റിങ്ങിന് ഹാജരാക്കിയപ്പോള് ഉണ്ടായിരുന്നതില് അധികമായി ഒന്നും സ്ഥാപിച്ചിട്ടില്ലെന്ന് ബസുടമ ഗിരീഷ് പറയുന്നു. ബസ് മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥര് ബസ് ഓടിച്ചു നോക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വീഡിയോയില് പകര്ത്തിയിട്ടുമുണ്ട്.
കേന്ദ്ര നിയമ പ്രകാരം ഫീസ് അടച്ചു സര്വീസ് നടത്തിയതിനാല് പെര്മിറ്റ് ലംഘനവും ഉണ്ടായിട്ടില്ലെന്നാണ് ഉടമയുടെ വാദം. ഈ മൂന്ന് കുറ്റങ്ങള്ക്കുമായി 10,500 രൂപ ആണ് അധികൃതര് പിഴ ചുമത്തിയത്. എന്നാല് ഇത് നിയമാനുസൃതമല്ലാത്തതിനാല് അടക്കാന് കഴിയില്ലെന്ന് കാട്ടി ഗിരീഷ് കോടതിയെ സമീപിക്കുകയായിരുന്നു.
അന്യസംസ്ഥാന സര്വീസ് നടത്താനുള്ള റോബിന് ബസിന്റെ രണ്ടാമത്തെ ഉദ്യമമാണ് വെഹിക്കിള് ഉദ്യോഗസ്ഥര് റാന്നിയില് തടഞ്ഞത്. മോട്ടോര് വാഹന വകുപ്പിന്റെ അനവധി വാഹനങ്ങളും ഉദ്യോഗസ്ഥരും പോലീസും അടങ്ങിയ സംഘമാണ് പുലര്ച്ചെ 5:30ന് കോയമ്പത്തൂര് ബോര്ഡ് വെച്ചുകൊണ്ട്, യാത്രക്കാരെയും കയറ്റിവന്ന ബസ് തടഞ്ഞത്.
സുപ്രീംകോടതിയുടെ അനുമതിയോടെയാണ് സര്വീസ് നടത്തിയത് എന്നാണ് ഗിരീഷ് പറയുന്നത്. യാത്രക്കാരുടെയും ബസ് ജോലിക്കാരുടെയും ബസുടമയുടെയും മൊഴി എടുത്തുകൊണ്ടാണ് ഉദ്യോഗസ്ഥര് കേസെടുത്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര് പറയുന്നു. പമ്പയിലേക്ക് ഉള്പ്പെടെ സര്വീസ് നടത്തുന്നതിനായി സ്വകാര്യ ബസ് ഉടമകള് തയ്യാറാകുമ്പോഴാണ് റാന്നിയില് വീണ്ടും ബസ് തടഞ്ഞത്. കേന്ദ്രസര്ക്കാറിന്റെ പുതിയ ട്രാന്സ്പോര്ട്ട് നിയമത്തിലാണ് അന്യ സംസ്ഥാന സര്വീസിനുള്ള കളം ഒരുങ്ങിയത്.
- ഓണാവേശമായി എആര്എം എത്തുന്നു: ടൊവിനോ ചിത്രത്തിന്റെ സെന്സറിംഗ് പൂര്ത്തിയായി
- വിവാഹത്തിന് നാല് ദിവസം മുൻപ് കാണാതായ; നവവരനെ ഊട്ടിയിൽ കണ്ടെത്തി
- ദില്ലിയില് പടക്കത്തിന് പൂര്ണ വിലക്ക്; നിര്മിക്കാനോ വില്ക്കാനോ വാങ്ങാനോ പാടില്ല സർക്കാർ ഉത്തരവ്
- സിമൻ്റ് കട്ടകള് പാളത്തില്വെച്ച് ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴക്ക്
- ഷംസീർ ഇറങ്ങിയത് മുഖ്യൻറെ ‘രക്ഷാപ്രവർത്തനത്തിനല്ല’; സിപിഎമ്മിലെ നാടകങ്ങളെക്കുറിച്ച് വിഡി സതീശൻ