കൊല്‍കത്ത: വിവാദങ്ങള്‍ക്കും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തു. മൂന്നു വര്‍ഷത്തേക്കാണ് നിയമം. ചുമതലയേറ്റ വിവരം സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് പങ്കുവച്ചത്.

കൊല്‍ക്കത്തയിലെത്തി ചുമതല ഏറ്റതിനു പിന്നാലെ സുരേഷ് ഗോപി ഇന്‍സ്റ്റിറ്റ്യൂട്ട് കൗണ്‍സിലുമായും കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയവുമായും ധനമന്ത്രാലയവുമായും ചര്‍ച്ചകള്‍ നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉള്ളില്‍ നിന്നുള്ള സെല്‍ഫിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ സുരേഷ് ?ഗോപിയെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിക്കുന്നത്. നിയമനക്കാര്യം അറിയിക്കാത്തതിലുള്ള അതൃപ്തി താരം വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വീണ്ടും സ്ഥാനാര്‍ഥിയാകും എന്നു പ്രതീക്ഷിച്ചിരിക്കെയായിരുന്നു നിയമനം.

ശമ്പളമുള്ള ജോലിയല്ലെന്നും പൂര്‍ണമായും രാഷ്ട്രീയക്കാരനായി തുടരാന്‍ സാധിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ ഉറപ്പു നല്‍കിയതിനാലാണു ചുമതലയേറ്റെടുക്കുന്നതെന്ന് അടുത്തിടെ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.