തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വില വര്‍ദ്ധനവ് തടയാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍, പാര്‍ട്ടി പത്രത്തിനും പാര്‍ട്ടിക്കാര്‍ക്കും കൃത്യമായി പണം കൊടുത്ത് മാതൃകയാകുന്നു. ദേശാഭിമാനിക്കും ഡി.വൈ.എഫ്.ഐയ്ക്കും ഖജനാവില്‍ നിന്ന് നല്‍കുന്നത് ലക്ഷങ്ങളാണ്. ഓരോ മാസവും ടൂറിസം വകുപ്പില്‍ നിന്ന് ലക്ഷങ്ങള്‍ പാര്‍ട്ടി ചാനലിനും പത്രത്തിനും നല്‍കുന്നത് മലയാളം മീഡിയ ലൈവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നവംബര്‍ മാസം 2.50 ലക്ഷം രൂപയാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ദേശാഭിമാനിക്കും ഡി.വൈ.എഫ്.ഐയ്ക്കും നല്‍കിയത്. നവംബര്‍ 3 നാണ് ഡി.വൈ.എഫ്.ഐയ്ക്ക് 1 ലക്ഷം രൂപ നല്‍കിയത്. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗ്‌സറ്റ് 15 ന് സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് എന്ന പരിപാടിക്ക് ടൂറിസം വകുപ്പ് 1 ലക്ഷം രൂപയുടെ പരസ്യം അനുവദിച്ചിരുന്നു. ഈ തുകയാണ് നവംബര്‍ 3ന് ഡി.വൈ.എഫ്.ഐയ്ക്ക് നല്‍കിയത്. ഓണ്‍ലൈന്‍ പരസ്യത്തിനായി ദേശാഭിമാനിക്ക് 1.50 ലക്ഷം നല്‍കിയത് നവംബര്‍ 6ന് .

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ വരെ നിലച്ചിരിക്കുമ്പോഴും പാര്‍ട്ടി വളര്‍ത്താന്‍ ഖജനാവിലെ ഫണ്ട് യഥേഷ്ടം ഒഴുകുകയാണ് എന്ന് വ്യക്തം. ഒരു വശത്ത് പാര്‍ട്ടി വളര്‍ത്താന്‍ ഖജനാവിലെ ഫണ്ട് നല്‍കുമ്പോള്‍ വിവിധ മേഖലകളില്‍ കോടികളുടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ തടഞ്ഞ് വച്ചിരിക്കുകയാണ്. കരാറുകാര്‍ക്ക് 16000 കോടി രൂപയാണ് കൊടുക്കാനുള്ളത്.

പണം കൊടുക്കാത്തതുമൂലം റോഡുകള്‍ കുളമായി കിടക്കുകയാണ്. 40,000 കോടി രൂപയാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൊടുക്കാനുള്ളത്. 3.86 ലക്ഷം കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ 1 വര്‍ഷമായി ക്ഷേമനിനി പെന്‍ഷനും കിട്ടുന്നില്ല.

3 മാസമായി കെ.എസ്.ആര്‍.ടി.സിയിലെ 45000 പേര്‍ക്ക് പെന്‍ഷന്‍ കൊടുത്തിട്ട്. 3700 കോടി സപ്ലൈക്കോയ്ക്കും നല്‍കാനുണ്ട്. കെ.എസ്.ആര്‍.ടി.സിയെപ്പോലെ പ്രതിസന്ധിയിലാണ് സപ്ലൈകോയും. സര്‍വ്വ മേഖലകളും സാമ്പത്തിക പ്രതിസന്ധിയില്‍ നിശ്ചലമാകുമ്പോഴും സര്‍ക്കാര്‍ സഹായത്തോടെ ദേശാഭിമാനി വളരുന്ന കാഴ്ചയാണ് കാണുന്നത്.