നിയമസഭയില്‍ അഴിമതി വിരുദ്ധ ക്ലാസെടുക്കുന്നതില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ഗംഭീരനാണ്. ‘കക്കാന്‍ പഠിക്കുമ്പോള്‍ നില്‍ക്കാന്‍ പഠിക്കണം’ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ 1974 ഏപ്രില്‍ 3 ന് നിയമസഭയില്‍ മരാമത്ത് മന്ത്രി ടി.കെ. ദിവാകരന് നല്‍കിയ ഉപദേശമാണിത്.

1974 -75 ലെ ബജറ്റ് ചര്‍ച്ചയില്‍ മരാമത്ത് വകുപ്പിന്റെ ധനാഭ്യര്‍ത്ഥനയെ എതിര്‍ത്ത് സംസാരിക്കുമ്പോഴാണ് പിണറായി വക ഉപദേശം ഉണ്ടായത്. ഒരു പാലത്തിന്റെ പണിയുമായി ബന്ധപ്പെട്ട് മന്ത്രി ദിവാകരന്‍ ആര്‍ബിട്രേറ്ററായി റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ആര്‍. ശങ്കരനാരായണ അയ്യരെ ആണ് നിശ്ചയിച്ചത്. ഇതാണ് പിണറായിയെ ചൊടിപ്പിച്ചത്. ജഡ്ജിയെ വാടകചരക്ക് എന്നാണ് പിണറായി വിശേഷിപ്പിച്ചത്.

പിണറായിയുടെ നിയമസഭ പ്രസംഗം ഇങ്ങനെ ‘മന്ത്രി ദിവാകരന്‍ വളരെ കഴിവും പ്രാഗല്‍ഭ്യവും ഉള്ള മന്ത്രിയാണ്. എന്റെ നാട്ടിലൊരു ചൊല്ലുണ്ട്. കക്കാന്‍ പഠിക്കുമ്പോള്‍ നില്‍ക്കാന്‍ പഠിക്കണം. ഇത് അക്ഷരാര്‍ത്ഥത്തില്‍ ദിവാകരനെ സംബന്ധിച്ചിടത്തോളം പറഞ്ഞാല്‍ ശരിയായിരിക്കും. നഷ്ടപരിഹാരം നിശ്ചയിക്കാന്‍ നമ്മുടെ സംസ്ഥാനത്ത് ജനങ്ങള്‍ പറയുന്ന ഒരു വാടക ചരക്കായ റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ആര്‍. ശങ്കരനാരായണ അയ്യരെ ആണ് കിട്ടിയത്.

T.K. Divakaran

സാധാരണഗതിയില്‍ ഇത്തരം കേസുകളില്‍ ആര്‍ബിട്രേറ്ററായി നിശ്ചയിക്കുക ചീഫ് എഞ്ചിനിയറെ ആണ്. കരാര്‍ പ്രകാരം ചീഫ് എഞ്ചിനിയറാണ് ആര്‍ബിട്രേറ്ററായി വരേണ്ടത്. ഉപജാപങ്ങളും പ്രത്യേക താല്‍പര്യങ്ങളും ആണ് ഇതിന് പിന്നില്‍ ‘ . പിണറായിയുടെ ആരോപണങ്ങളെ പൂര്‍ണമായും ഖണ്ഡിക്കാന്‍ മന്ത്രി ദിവാകരന്‍ ആയി എന്ന് നിയമസഭ രേഖകള്‍ വ്യക്തമാക്കുന്നു. ചീഫ് എഞ്ചിനിയര്‍ ഈ കാര്യത്തില്‍ ഒരഭിപ്രായം പറഞ്ഞിരിക്കുന്നതുകൊണ്ട് ആര്‍ബ്രിട്ടേഷന് വിടുന്നത് യുക്തിപൂര്‍വ്വം അല്ലെന്ന് തോന്നി. നിയമപരമായ തടസം ഇല്ലെങ്കില്‍ ആര്‍ബിട്രേഷന് വിടണമെന്ന് മറ്റൊരു കേസിലെ കീഴ് വഴക്കം ചൂണ്ടിയാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു മന്ത്രി ദിവാകരന്റെ മറുപടി.

അതേ പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസില്‍ പ്രതിയായി എന്നത് ചരിത്രം .35 തവണയാണ് സുപ്രിം കോടതിയില്‍ ലാവ്‌ലിന്‍ കേസ് മാറ്റിവച്ചത്. ഡോളര്‍ കടത്ത്, സ്വര്‍ണ്ണ കടത്ത്, ഡാറ്റ കച്ചവടം, ക്യാമറ അഴിമതി, ലൈഫ് മിഷന്‍ തട്ടിപ്പ് തുടങ്ങിയ നിരവധി അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം ആരോപിച്ചത്.

കേന്ദ്ര ഏജന്‍സികള്‍ പിണറായിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറെ പൊക്കി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചെങ്കിലും പിന്നീട് അന്വേഷണം വഴി മുട്ടി. കേന്ദ്രവും ആയി പിണറായി ഒത്തുതീര്‍പ്പ് നടത്തിയതാണ് ഇതിന് കാരണം എന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. മകള്‍ വീണ വിജയനെതിരെ മാസപ്പടി ആരോപണം ഉയര്‍ന്നു. വീണ വിജയന്റെ ഐ ജി എസ് ടി തട്ടിപ്പ് പരാതിയില്‍ ഒരു മാസമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് പോലും ആയില്ല. കക്കാന്‍ പഠിക്കുമ്പോള്‍ നില്‍ക്കാന്‍ പഠിക്കണം എന്ന പിണറായിയുടെ 1974 ലെ പ്രസംഗത്തിന്റെ പ്രസക്തി അടിവരയിടുന്ന സംഭവങ്ങളാണ് നാട്ടില്‍ നടക്കുന്നതെന്ന് ചുരുക്കം.