തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അതിന്റെ ഏറ്റവും വലിയ ആഘോഷത്തിന് തയ്യാറെടുക്കുകയാണ്. കേരളീയം 2023 എന്ന് പേരിട്ടിരിക്കുന്ന സര്‍ക്കാര്‍ ആഘോഷ പരിപാടി അരങ്ങേറുന്നത് നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്താണ്. കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും ജനങ്ങള്‍ക്ക് മനസ്സിലാകാനാണ് ഇത്തരമൊരു ആഘോഷ പരിപാടിയെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്.

കേരളീയം 2023ന് ചെലവാക്കേണ്ട തുക അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. 27 കോടി രൂപ ചെലവിട്ടാണ് സര്‍ക്കാര്‍ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി 27,12,04,575 രൂപയുടെ ബജറ്റ് അംഗീകരിച്ച് ധനവകുപ്പ് ഇന്നലെ (13-10-2023) ഉത്തരവിറക്കി.

ആഘോഷത്തിന് ഏറ്റവും കൂടുതല്‍ തുക എക്‌സിബിഷന്‍ കമ്മിറ്റിക്കാണ്. 9.39 കോടി രൂപയാണ് എക്‌സിബിഷന്‍ കമ്മിറ്റിയുടെ ചെലവ്. നാലുകോടിയോളം രൂപയാണ് മീഡിയ ആന്റ് പബ്ലിസിറ്റിക്ക് അനുവദിച്ചിരിക്കുന്നത്. കള്‍ച്ചറല്‍ കമ്മിറ്റിക്ക് 3.14 കോടിയും ഇലൂമിനേഷന്‍ കമ്മിറ്റിക്ക് 2.97 കോടിയുമാണ് ചെലവ്.

40 വേദികളിലായാണ് കേരളീയം പരിപാടി. 9 വേദികളില്‍ ട്രേഡ് ഫെയറുണ്ട്. 6 വേദികളില്‍ ഫ്‌ളവര്‍ ഷോ. മൂന്നുകോടി രൂപയ്ക്ക് തലസ്ഥാന നഗരം അലങ്കരിച്ചും മാധ്യമപ്രചാരണങ്ങള്‍ക്ക് നാല് കോടി രൂപയും ചെലവാക്കിയാല്‍ പിണറായി വിജയന്‍ സര്‍ക്കാറിന്റെ നേട്ടങ്ങളും പരിശ്രമങ്ങളും ജനങ്ങളില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

വിവിധ തീമുകളിലായി 9 എക്‌സിബിഷനുകളുണ്ട്. 4 പ്രധാന വേദികള്‍, രണ്ട് നാടക വേദി, ഒരു ഗ്രൗണ്ട് വേദി, 11 ചെറിയ വേദികള്‍, 10 തെരുവ് വേദികള്‍ എന്നിവയാണ് കലാപരിപാടികള്‍ക്ക്. പ്രത്യേക തീം അടിസ്ഥാനമാക്കിയുള്ള ദീപലാങ്കാരവുമുണ്ട്. പ്രധാന വേദികളില്‍ എല്‍.ഇ.ഡി ഇന്‍സ്റ്റലേഷനും. തട്ടുകട ഭക്ഷണം മുതല്‍ പഞ്ചനക്ഷത്ര ഭക്ഷണം വരെ ലഭിക്കുന്ന 11 ഭക്ഷ്യമേളകളുണ്ടാവും. ഫുഡ് ഫെസ്റ്റിവെല്‍ കമ്മിറ്റിക്ക് 85 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്.

9 ലക്ഷം പേര്‍ ലൈഫ് മിഷന്‍ വീടിന് വേണ്ടി ക്യൂ നില്‍ക്കുമ്പോഴാണ് കോടികള്‍ ചെലവാക്കി സര്‍ക്കാര്‍ വക മാമാങ്കം. ഒരു ലൈഫ് മിഷന്‍ വീടിന് 4 ലക്ഷം ആണ് അനുവദിക്കുന്നത്. 675 ലൈഫ് മിഷന്‍ വീടുകള്‍ വയ്ക്കാനുള്ള തുകയാണ് സര്‍ക്കാര്‍ കേരളീയം പരിപാടി എന്ന പേരില്‍ ധൂര്‍ത്തടിച്ച് കളയുന്നത്.