International

ഗാസയെ മുച്ചൂടും മുടിക്കുമെന്ന് ഇസ്രയേല്‍: കരയിലൂടെയും കടലിലൂടെയും വ്യോമമാര്‍ഗവും ആക്രമിക്കും

സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും ഗാസയെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍. കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്ന് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പതിനായിരക്കണക്കിന് സൈനികര്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ നാലു ദിവസമായി തമ്പടിച്ചിട്ടുണ്ട്. ഇവര്‍ ഏത് നിമിഷവും അതിര്‍ത്തി കടന്ന് യുദ്ധത്തിന് സജ്ജമാണ്.

ഗാസയെ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാനുള്ള നീക്കങ്ങളാണ് ഇസ്രയേല്‍ നടത്തുന്നത്. ഇവിടേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈനികരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്ദര്‍ശിച്ചു. കര വഴിയുള്ള സൈനിക നടപടി ഉടനെന്ന സൂചന നല്‍കി നെതന്യാഹു സൈനികരോട് സംസാരിക്കുകയും ചെയ്തു. അടുത്ത ഘട്ടം ഉടന്‍ എന്നാണ് സൈനികരോട് നെതന്യാഹു പറഞ്ഞത്. സൈനികര്‍ തയ്യാറാണോയെന്ന് ചോദിച്ചശേഷമാണ് അടുത്ത ഘട്ടം ഉടന്‍ എന്ന രീതിയില്‍ നെതന്യാഹു മറുപടി നല്‍കിയത്. ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ബെഞ്ചമിന്‍ നെതന്യാഹു എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. ഞങ്ങള്‍ എല്ലാവരും സജ്ജം എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

Israel PM Benjamin Netanyahu visits soldiers on Gaza periphery, asks, ‘Ready?’

കരയിലൂടെ വടക്കന്‍ ഗാസയിലേക്ക് യുദ്ധം ആരംഭിക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് നെതന്യാഹുവിന്റെ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്നും ഗാസ തുടച്ചുനീക്കുമെന്നും കഴിഞ്ഞ ദിവസം ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ആവശ്യം ഒരുഭാഗത്ത് ശക്തമാകുമ്പോഴാണ് കൂടുതല്‍ സൈനിക നടപടികളിലേക്ക് ഇസ്രയേല്‍ കടക്കുന്നത്. ഇതിനിടെ, ഗാസയില്‍ ഇതുവരെ 28 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പലസ്തീനിലെ ഇസ്രയേലിന്റെ സൈനിക നടപടി ശക്തമായ വിയോജിപ്പുമായി സൗദിയും നേരത്തെ രംഗത്തെത്തിയിരുന്നു. പലസ്തീന്‍ പൗരന്മാരോട് നിര്‍ബന്ധമായി ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട ഇസ്രയേല്‍ നടപടി സൗദി തള്ളി. ഗസയ്ക്ക് മേല്‍ ഉപരോധം അവസാനിപ്പിക്കണം എന്നും സൗദി ആവശ്യപ്പെട്ടു. സൗദിയില്‍ എത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കനുമായി നടത്തിയ ചര്‍ച്ചയില്‍ സൗദി വിദേശകാര്യ മന്ത്രി ഗാസയില്‍ വെടി നിര്‍ത്തല്‍ നടപ്പാക്കുന്നത് ഉന്നയിച്ചു.

മാനുഷിക ദുരന്തം ഒഴിവാക്കാന്‍ മുന്‍ഗണന നല്‍കണം എന്നാണ് സൗദി നിലപാട്. സംഘര്‍ഷം ഒഴിവാക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണം എന്ന് യു. എന്‍ സെക്യൂരിറ്റി കൗണ്‍സിലിന് മുന്നിലും സൗദി നിലപാട് വ്യക്തമാക്കി.അതേസമയം, ഇസ്രയേല്‍-പലസ്തിന്‍ യുദ്ധത്തിന്റെ പശ്ചാതലത്തില്‍ ഇസ്ലാമിക് ഓര്‍ഗാനൈസേഷന്‍ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച ജിദ്ദയിലാണ് ഓര്‍ഗനൈസേഷനിലെ മന്ത്രിമാരുടെ യോഗം ചേരുക. ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ അധ്യക്ഷ പദവി വഹിക്കുന്ന സൗദി അറേബ്യ ആണ് അടിയന്തിര യോഗം വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *