തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നില മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് സിപിഎം. 2019 ല്‍ രാജ്യത്താകെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് സിപിഎമ്മിന് ജയിക്കാനായത്. ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന സിപിഎം പരമാവധി സീറ്റ് ജയിച്ച് ശക്തി തെളിയിക്കണമെന്നാണ് പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയുടെ നിര്‍ദ്ദേശം.

സിപിഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തില്‍ നിന്നാണ് യെച്ചൂരി സീറ്റ് കൂടുതല്‍ പ്രതീക്ഷിക്കുന്നത്. 2019ല്‍ ആലപ്പുഴ മാത്രമാണ് സി.പി.എമ്മിന് ജയിക്കാന്‍ കഴിഞ്ഞത്. സമ്പൂര്‍ണ്ണ പരാജയത്തിന്റെ നാണക്കേടില്‍ നിന്ന് സി.പി.എമ്മിന്റെ മുഖം രക്ഷിച്ചത് എ.എം. ആരീഫ് ആയിരുന്നു. കേരളത്തിലെ ഏക കനല്‍തരി ആയി ആരീഫ് മാറി.

20 ല്‍ പത്ത് സീറ്റാണ് കേരളത്തില്‍ നിന്ന് യെച്ചൂരി പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയില്‍ എത്തിയ പിണറായിയുമായി യച്ചൂരി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിക്കുന്നത് തടയണം എന്നാണ് യെച്ചൂരിയോട് പിണറായിയുടെ നിര്‍ദ്ദേശം. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് യെച്ചൂരി. ആ യെച്ചൂരിയെ കൊണ്ട് തന്നെ രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിക്കുന്നത് തടയുക എന്നതാണ് പിണറായിയുടെ ഉദ്ദേശം.

ഇന്ത്യാ മുന്നണിയുടെ നേതാവായ രാഹുല്‍ ഗാന്ധി ഇന്ത്യാ മുന്നണിയുടെ ഭാഗമായ സിപിഎമ്മിനെതിരെ മല്‍സരിക്കുന്നതിന്റെ അന്യായമാണ് പിണറായി ചൂണ്ടികാണിക്കുന്നത്. രാഹുല്‍ വീണ്ടും വയനാട് എത്തിയാല്‍ 20 സീറ്റും യു.ഡി.എഫ് വിജയിക്കും എന്ന് ഏറ്റവും നന്നായറിയാവുന്നത് പിണറായിക്കാണ്. അതുകൊണ്ട് തന്നെയാണ് രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് തടയാന്‍ പിണറായി ലക്ഷ്യമിടുന്നത്.

രാഹുല്‍ ഗാന്ധി വയനാട് വീണ്ടും മല്‍സരിക്കും എന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത് – 4,31,770 വോട്ടുകള്‍ക്കാണ് വയനാടില്‍ നിന്നു രാഹുല്‍ ഗാന്ധി വിജയിച്ചത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലപ്പുഴ സീറ്റും ജയിച്ച് 20 സീറ്റിലും വിജയിക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. പിണറായി സര്‍ക്കാരിനെതിരെയുളള ഭരണ വിരുദ്ധ തരംഗം ശക്തമാണ് എന്നാണ് യു.ഡി. എഫ് വിലയിരുത്തല്‍. പുതുപ്പള്ളിയിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനും ഭരണ വിരുദ്ധ വികാരം കാരണമായി എന്ന് എല്‍.ഡി.എഫും രഹസ്യമായി സമ്മതിക്കുന്നുണ്ട്.

മന്ത്രിസഭ പുനഃസംഘടന നടത്തി മുഖം മിനുക്കാനാണ് പിണറായി ഉദ്ദേശിക്കുന്നത്. നികുതി കൊള്ളയിലും വില കയറ്റത്തിലും ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ മന്ത്രിസഭ പുനഃസംഘടന നടത്തി മുഖം മിനുക്കാന്‍ സാധിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. അഴിമതിയിലും മാസപ്പടിയിലും മുങ്ങി കുളിച്ചിരിക്കുകയാണ് ഭരണം. മകളുടെ മാസപ്പടിയും മകന്റെ അമ്മായി അച്ചന്റെ എ.ഐ ക്യാമറ അഴിമതിയും മുഖ്യമന്ത്രിയുടെ നേര്‍ക്ക് തിരിച്ചു വിടാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു.

മുട്ടാപോക്ക് ന്യായികരണവുമായി നിയമസഭയില്‍ മറുപടി പറഞ്ഞ പിണറായിയുടെ ചിത്രം ദയനിയമായിരുന്നു. മരുമകന്‍ കൂടിയായ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എല്ലാ വകുപ്പിലും ഇടപെടുന്നു എന്ന പരാതി മറ്റ് മന്ത്രിമാര്‍ക്കും ഉണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് പൊതുമരാമത്ത് മന്ത്രി റിയാസിന്റെ നേതൃത്വത്തില്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ് എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം ഇതിന്റെ പശ്ചാത്തലത്തില്‍ ആണ്. മരുമകന്‍ ഭരണം ആണ് സംസ്ഥാനത്ത് എന്നത് പരസ്യമായ രഹസ്യം ആണ്.

രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്ന് മല്‍സരിപ്പിക്കാനുള്ള നീക്കം തടയാന്‍ യെച്ചൂരിയിലൂടെ പിണറായിക്ക് ചിലപ്പോള്‍ സാധിച്ചേക്കാം. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമായി അലയടിക്കുമ്പോള്‍ സമ്പൂര്‍ണ്ണ പരാജയമാണ് എല്‍.ഡി.എഫിനെ കാത്ത് കിടക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.