കെ.വി തോമസിന് ഓണറേറിയം ആയി 5,38,710 രൂപ നല്‍കിയെന്ന് മുഖ്യമന്ത്രി. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.വി തോമസിനെ 2023 ജനുവരി 19ന് ക്യാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയായി മുഖ്യമന്ത്രി നിയമിച്ചിരുന്നു. 1 ലക്ഷം രൂപയാണ് കെ.വി തോമസിന്റെ പ്രതിമാസ ഓണറേറിയം. കൂടാതെ ടെലിഫോണ്‍ ചാര്‍ജ്, വാഹനം, യാത്ര ബത്ത എന്നീ ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്.

ശമ്പളം ലഭിച്ചാല്‍ പെന്‍ഷന്‍ നഷ്ടപ്പെടും. അതുകൊണ്ട് ഓണറേറിയം മതിയെന്ന് കെ.വി. തോമസ് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. എം.എല്‍.എ പെര്‍ഷന്‍, എം.പി പെന്‍ഷന്‍, അധ്യാപക പെന്‍ഷന്‍ എന്നീ 3 പെന്‍ഷനുകളും കെ.വി തോമസിന് ലഭിക്കുന്നുണ്ട്. 2023 ജൂണ്‍ മാസം വരെയുള്ള കെ.വി തോമസിന്റെ ഓണറേറിയം ആണ് 5,38,710 രൂപ. എന്‍. ഷംസുദ്ദിന്‍ എം.എല്‍.എയുടെ നിയമസഭ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.

ഡല്‍ഹിയിലും കൊച്ചിയിലും കെ.വി തോമസിന് ഓഫിസുണ്ട്. 4 ജീവനക്കാരെയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഒരു മാസം ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ വേണ്ടത് 1.06 ലക്ഷം. 6 മാസം ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ ഖജനാവില്‍ നിന്ന് നല്‍കിയത് 6.36 ലക്ഷം. കെ.വി.തോമസ് എത്തിയതോടെ പിണറായിക്ക് കഷ്ടകാലം തുടങ്ങി. തുടര്‍വിജയം നേടി ചരിത്രത്തില്‍ സ്ഥാനം പിടിച്ച പിണറായിക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നതാണ് പിന്നിട് കേരളം കണ്ടത്.

തൃക്കാക്കരയിലും പുതുപ്പള്ളിയിലും റെക്കോഡ് വിജയം നേടി യു.ഡി.എഫ് തിരിച്ചു വന്നു. തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്താണ് പിണറായി പ്രവര്‍ത്തിച്ചത്. പിണറായിയോടൊപ്പം കെ.വി തോമസും രംഗത്തിറങിയതോടെ തൃക്കാക്കര പിടിക്കാം എന്ന മനക്കോട്ടയിലായിരുന്നു ഇടതുമുന്നണി. ഫലം വന്നപ്പോള്‍ 25000 വോട്ടിന്റെ റെക്കോഡ് പരാജയം. പുതുപ്പള്ളിയില്‍ കെ.വി. തോമസ് നേരിട്ടിറങ്ങാതെ പിന്നില്‍ നിന്ന് കളിക്കുക ആയിരുന്നു.

പിണറായി ആകട്ടെ എല്ലാ പഞ്ചായത്തുകളിലും എത്തി വോട്ട് തേടി . ചാണ്ടി ഉമ്മന്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന കാഴ്ച കണ്ട് പിണറായിയും കെ.വി തോമസും അമ്പരന്നു. കെ റയില്‍ കൊണ്ട് വരാനുള്ള അക്ഷീണ പരിശ്രമത്തിലാണ് കെ.വി തോമസ്. കെ റയിലിന് പച്ചക്കൊടി കാട്ടിയാല്‍ ലോകസഭയില്‍ നില മെച്ചപ്പെടുത്താം എന്ന ആത്മവിശ്വാസമാണ് കെ.വി തോമസ് പിണറായിക്ക് നല്‍കുന്നത്.

കേരളത്തിന്റെ രണ്ട് പ്രതിനിധികള്‍ ഡല്‍ഹിയിലുള്ളപ്പോഴാണ് ഖജനാവിന് അധികഭാരം നല്‍കി കെ.വി തോമസിനെ പിണറായി നിയമിച്ചത്. ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കേരള ഹൗസ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വേണു രാജാമണിയും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്.

ഡല്‍ഹിയിലെത്തിയ കെ.വി തോമസ് കേരള ഹൗസിലെ വേണു രാജാമണിയുടെ ഓഫിസ് കയ്യേറി. രാജാമണിയുടെ ബോര്‍ഡും നീക്കി. ഇതോടെ രാജാമണി കേരള ഹൗസില്‍ വരാതെ ആയി . മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുമ്പോള്‍ മുഖം കാണിക്കാന്‍ രാജാമണി എത്തും. കെ.വി തോമസിന്റെ പാര ഏറ്റതോടെ വേണു രാജാമണിയുടെ സേവനം അവസാനിപ്പിക്കാന്‍ പിണറായി തീരുമാനിച്ചു. സെപ്റ്റംബര്‍ 30 ന് വേണു രാജാമണി കസേര ഒഴിയണം എന്ന് സര്‍ക്കാര്‍ ഉത്തരവും ഇറക്കി.