തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തില്‍ ഇപ്പോഴത്തെ ഏറ്റവും പ്രധാന ചെലവ് എയര്‍കണ്ടീഷനുകള്‍ വാങ്ങുന്നതിനാണ്. ഉദ്യോഗസ്ഥര്‍ എ.സി മഹാമേളയിലെന്ന പോലെയാണ് ഓരോ പുതിയ എ.സിക്കും ഉത്തരവിടുന്നത്.

എ.സി യുടെ തണുപ്പ് കുറഞ്ഞാല്‍ പുതിയ എ.സി ഉടന്‍ വേണമെന്ന് ശാഠ്യം പിടിക്കുന്നവരാണ് സെക്രട്ടേറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും മാതൃകയാക്കുന്നവരാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും. സാമ്പത്തിക പ്രതിസന്ധിയൊന്നും ഇവര്‍ക്ക് പ്രശ്‌നമല്ല.

സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് പണം കൊടുക്കാന്‍ ഇല്ലെങ്കിലും തണുപ്പ് കുറഞ്ഞാല്‍ പുതിയ എ.സി ഇക്കൂട്ടര്‍ക്ക് കിട്ടിയേ തീരൂ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളവും പെന്‍ഷനും മാത്രമാണ് ട്രഷറികളില്‍ സെപ്റ്റംബര്‍ 1 മുതല്‍ മാറുന്നത്. ബാക്കി എല്ലാ ബില്ലുകളും ക്യൂവിലാണ്. ഇതിനിടയിലും സെക്രട്ടേറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുതിയ എ.സി വാങ്ങാന്‍ 5.52 ലക്ഷം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കി എന്നതാണ് വിരോധാഭാസം.

സെപ്റ്റംബര്‍ 11 നാണ് പുതിയ എ.സി വാങ്ങാന്‍ 5.50 ലക്ഷം നല്‍കിയത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം. എബ്രഹാമിന് എ.സി വാങ്ങാന്‍ നല്‍കിയത് 1.02 ലക്ഷം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനാണ് കെ എം എബ്രഹാം . മൂന്നര ലക്ഷമാണ് എബ്രഹാമിന്റെ ശമ്പളം. മറ്റ് ആനുകൂല്യങ്ങള്‍ വേറെയും.

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എ.സി വാങ്ങാന്‍ 1.73 ലക്ഷവും ഐ. റ്റി ഡെപ്യൂട്ടി സെക്രട്ടറിക്ക് എ.സി വാങ്ങാന്‍ 1.03 ലക്ഷവും നല്‍കി. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് 97,000 രൂപയും പൊതുഭരണ ജോയിന്റ് സെക്രട്ടറിക്ക് 77000 രൂപയും എ.സി വാങ്ങാന്‍ നല്‍കി.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സാമൂഹ്യ ക്ഷേമ പദ്ധതികളെല്ലാം നിലച്ചിരിക്കുമ്പോഴാണ് സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥരെ തണുപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് എ.സി വാങ്ങി കൂട്ടുന്നത്.