ക്ലിഫ് ഹൗസിന് ചെലവഴിച്ച കോടികള്‍ എത്ര? ഊരാളുങ്കലിന് എത്ര കോടിയുടെ പ്രവൃത്തികള്‍ നല്‍കി? ഷാഫി പറമ്പിലിന്റെയും സി.ആര്‍. മഹേഷിന്റെയും ചോദ്യങ്ങള്‍ക്ക് മറുപടി തരാതെ മന്ത്രി റിയാസ്; പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ലഭിച്ച മറുപടി തടഞ്ഞുവെച്ച് റിയാസിന്റെ ഓഫിസ്

തിരുവനന്തപുരം: ഖജനാവ് കാലിയാണെങ്കിലും മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ചെലവഴിക്കുന്നത് കോടികളാണ്. ധനപ്രതിസന്ധിക്കിടയിലും ക്ലിഫ് ഹൗസിലെ കാലിതൊഴുത്ത്, ലിഫ്റ്റ്, നീന്തല്‍കുളം നവീകരണം തുടങ്ങിയ പ്രവൃത്തികള്‍ക്ക് ധനമന്ത്രി ബാലഗോപാല്‍ ഫണ്ട് അനുവദിച്ചിരുന്നു.

2016 ല്‍ പിണറായി മുഖ്യമന്ത്രിയായതിന് ശേഷം ക്ലിഫ് ഹൗസില്‍ 15 കോടിക്ക് മുകളിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടന്നു എന്നാണ് പൊതുമരാമത്ത് ടൂറിസം വകുപ്പുകളില്‍ നിന്ന് ലഭിക്കുന്ന സൂചന. പുതുപ്പള്ളിയിലെ പ്രധാന ചര്‍ച്ച വിഷയമായിരുന്നു ക്ലിഫ് ഹൗസിലെ ധൂര്‍ത്ത്.

ക്ലിഫ് ഹൗസിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച കോടികള്‍ എത്രയെന്ന ഷാഫി പറമ്പിലെ നിയമസഭ ചോദ്യത്തിന് മുഹമ്മദ് റിയാസ് മറുപടി നല്‍കിയില്ല.

പൊതു മരാമത്ത് വകുപ്പ് ഷാഫിയുടെ നിയമസഭ ചോദ്യത്തിന് നല്‍കിയ മറുപടി മന്ത്രി റിയാസിന്റെ ഓഫിസ് പിടിച്ചു വച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 11 നായിരുന്നു ഷാഫി പറമ്പിലിന്റെ ചോദ്യം.

ഏത് ഏജന്‍സിയാണ് ക്ലിഫ് ഹൗസിലെ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത് എന്ന ഉപചോദ്യവും ഷാഫി പറമ്പില്‍ ഉന്നയിച്ചിരുന്നു.

42.50 ലക്ഷമായിരുന്നു ക്ലിഫ് ഹൗസിലെ കാലി തൊഴുത്ത് നിര്‍മ്മിക്കാന്‍ ചെലവഴിച്ചതെങ്കില്‍ ലിഫ്റ്റ് നിര്‍മ്മിക്കാന്‍ ചെലവഴിച്ചതാകട്ടെ 25.50 ലക്ഷം. രണ്ട് നിലയുള്ള ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മ്മിക്കാനുള്ള പിണറായിയുടെ തീരുമാനം വന്‍ വിവാദമായി മാറിയിരുന്നു. നീന്തല്‍കുളം നവീകരിച്ചതും ഊരാളുങ്കല്‍ ആയിരുന്നു.

45 ലക്ഷം രൂപ നീന്തല്‍കുളത്തിനും നല്‍കി.സുരക്ഷയുടെ പേരില്‍ ക്ലിഫ് ഹൗസിലെ മതിലിന് ഉയരം വര്‍ധിപ്പിച്ചതിനും ചെലവായതും ലക്ഷങ്ങള്‍ ആയിരുന്നു. ക്ലിഫ് ഹൗസിന് ചെലവഴിക്കുന്ന കോടികളുടെ കണക്ക് പുറത്ത് വരാതിരിക്കാനാണ് റിയാസിന്റെ ഓഫിസ് നിയമസഭ മറുപടിക്കുള്ള ഫയല്‍ പിടിച്ചു വച്ചതെന്നാണ് സെക്രട്ടേറിയേറ്റ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.