തിരുവനന്തപുരം : ഒടുവിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനൊപ്പം നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇടത് സർക്കാർ. ഇലക്ട്രിക് ബസുകൾ ലാഭം തരുന്നില്ലെന്നും ഡീസൽ ബസുകളാണ് കെഎസ്ആർടിസിക്ക് നല്ലതെന്നും വ്യക്തമാക്കി ഗണേഷ് കുമാറിന്റെ വാദം അംഗീകരിച്ച് തീരുമാനമെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് സർക്കാർ . അതിന്റെ ഭാഗമായി പുതിയ ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി രൂപ ബജറ്റിൽ കെഎസ്ആർടിസിക്ക് വകയിരുത്തി. അതേസമയം ഇലക്ട്രിക് ബസകളുടെ കാര്യത്തിൽ ബജറ്റിൽ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടുമില്ല.
വൻ നഷ്ടത്തിൽ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ ബുദ്ധിമുട്ടുന്ന കെ്എസ്ആർടിസിയ്ക്ക് ബജറ്റിൽ പ്രഖ്യാപിച്ചത് വൻ സാമ്പത്തിക സഹായങ്ങളാണ്. 128.54 കോടി രൂപ വകയിരുത്തിയ ധനമന്ത്രി കെഎസ്ആർടിസിക്കുള്ള ധനസഹായം ഈ സർക്കാർ കൂട്ടിയെന്നും മൂന്ന് വർഷം കൊണ്ട് 4917.92 കോടിയോളം അനുവദിച്ചതായും വ്യക്തമാക്കുകയുണ്ടായി. ഗതാഗത മേഖലയിൽ സമഗ്രമായ പരിഷ്കാരമാണ് കൊണ്ടുവരുന്നതെന്നും ധനമന്ത്രി പറഞ്ഞു.
കൂടാതെ ഗ്രാമീണ റോഡുകൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആയിരം കോടി. സംസ്ഥാന പാത വികസനത്തിന് 75 കോടി. തുറമുഖ വികസനത്തിനും, കപ്പൽ ഗതാഗതത്തിന് 74.7 കോടി. കൊല്ലം തുറമുഖ വികസനത്തിന് തുക വകയിരുത്തി. കെടിഡിസിയ്ക്ക് 12 കോടി അനുവദിച്ച ബജറ്റിൽ കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളിൽ സോളാർ ബോട്ട് വാങ്ങാൻ അഞ്ചു കോടിയും പ്രഖ്യാപിച്ചു. ചെറുകിട തുറമുഖങ്ങൾക്കും അഞ്ചുകോടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ശബരിമല ഗ്രീൻഫീൽഡ് -1.85 കോടി. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടിയും വകയിരുത്തി.