തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി മുഖാന്തിരം നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള ഒരുക്കങ്ങളുമായി പിണറായി സർക്കാർ മുന്നോട്ട്. വരുമാന സ്രോതസ്സുകൾ സംബന്ധിച്ച ചർച്ചകൾ നടക്കുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം ഉടനെയുണ്ടാകുമെന്നാണ് കരുതുന്നത്.
50 കോടിക്ക് മുകളിൽ മുതൽ മുടക്കുള്ള റോഡുകളിലാണ് ടോൾ ഈടാക്കുക. ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചിട്ടുണ്ട്. നിയമ മന്ത്രി പി രാജീവും ധനമന്ത്രി കെ.എൻ. ബാലഗോപാലും യോഗത്തിൽ പങ്കെടുത്തു. ഇക്കാര്യം ഉടൻ മന്ത്രിസഭയുടെ പരിഗണനയിൽ വരും.
എന്നാൽ കിഫ്ബി നടപ്പാക്കുന്ന പദ്ധതികളിൽ യൂസർഫീ, ടോൾ എന്നിവ പിരിച്ച് വരുമാനം ലഭ്യമാക്കില്ലെന്നായിരുന്നു ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞിരുന്നത്. ഇതേസംബന്ധിച്ച് 2019 ൽ നിയമസഭാ ചോദ്യത്തിന് വി.ടി. ബൽറാം, ഐ.സി. ബാലകൃഷ്ണൻ, എ.പി. അനിൽകുമാർ, അനിൽ അക്കര എന്നിവരുടെ ചോദ്യത്തിനായിരുന്നു ടോൾ പിരിക്കല്ലെന്ന തോമസ് ഐസക്കിന്റെ മറുപടി. അങ്ങനെ ഇടത് സർക്കാരിന്റെ പ്രഖ്യാപിത നയത്തിൽ നിന്ന് മാറിയാണ് ഇപ്പോൾ ജനങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നതിന് ടോൾ പിരിവ് നടത്താൻ പിണറായി സർക്കാർ തയ്യാറെടുക്കുന്നത്. കിഫ്ബിയെക്കുറിച്ച് രണ്ട് പിണറായി സർക്കാറുകളും പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ന്യായീകരിക്കാൻ തോമസ് ഐസക്ക് പുതിയ വാക്കുകള്‍ തേടേണ്ടി വരും.

ടോൾ പിരിവ് അനുവദിക്കില്ല: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ തീരുമാനിച്ചാൽ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. സർക്കാരിന്റെ ധൂർത്തും അഴിമതിയും പിൻവാതിൽ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. ഇതിനു പുറമെയാണ് കിഫ്ബിയിലൂടെ വരുത്തിവച്ച ബാധ്യതകളും. ഇതെല്ലാം ജനങ്ങൾക്കു മേൽ വിവിധ മാർഗ്ഗങ്ങളിലൂടെ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
ബജറ്റിന് പുറത്ത് കടമെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന് പ്രതിപക്ഷം നിരവധി തവണ പറഞ്ഞതാണ്. വൻകിട പദ്ധതികളുടെ നടത്തിപ്പിനായി വിഭാവനം ചെയത കിഫ്ബി പക്ഷെ പൊതുമരാമത്ത് വകുപ്പ് ചെയ്തുകൊണ്ടിരുന്ന സാധാരണ പ്രവൃത്തികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സഞ്ചിതനിധിയിൽ നിന്നാണ് കിഫ്ബിക്ക് പണം നൽകുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പണിയുന്ന റോഡുകൾക്കും പാലങ്ങൾക്കും ടോൾ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതികേടുമാണ്.
കിഫ്ബിയിലെ തെറ്റായ ധനകാര്യ മാനേജ്മെന്റും ധൂർത്തും വരുത്തിവച്ച ബാധ്യതയുടെ പാപഭാരമാണ് ജനങ്ങളുടെ തലയിൽ ചുമത്താൻ ശ്രമിക്കുന്നത്. കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ട് ഇറക്കിയപ്പോഴും പ്രതിപക്ഷം ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതാണ്. ക്ഷേമപെൻഷൻ നൽകാനെന്ന വ്യാജേന ഇന്ധന സെസിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ച സർക്കാർ റോഡുകളുടെയും പാലങ്ങളുടെയും ഉപയോഗത്തിനു കൂടി പണം ഈടാക്കുന്നത് അനുവദിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.