നവകേരള സദസ്സില്‍ സ്‌കൂള്‍ ബസും കുട്ടികളും വേണമെന്ന വിവാദ ഉത്തരവ് പിന്‍വലിക്കും

കൊച്ചി: നവകേരള സദസ്സില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍. വിവാദ ഉത്തരവ് പിന്‍വലിക്കും. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കും. സ്കൂള്‍ ബസ് വിട്ടു നല്‍കണമെന്ന ഉത്തരവും പിൻവലിക്കും

നവകേരള സദസ്സില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ സ്‌കൂള്‍ കുട്ടികളെ വഴിയരികില്‍ വെയിലത്ത് നിര്‍ത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ടതില്ലെന്ന് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലും സ്‌കൂള്‍ കുട്ടികളെ നവകേരള സദസ്സില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന നിലപാട് സര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം, നവകേരള സദസ്സിനു മുഖ്യമന്ത്രി കടന്നുപോകുമ്പോൾ അഭിവാദ്യം ചെയ്യാൻ സ്കൂൾ വിദ്യാർഥികളെ ഒരു മണിക്കൂറോളം പൊരിവെയിലിൽ നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷന്റെയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെയും ഇടപെടൽ. ദേശീയ കമ്മിഷൻ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തു. മാധ്യമവാർത്തകളുടെയും സമൂഹമാധ്യമങ്ങളിൽ ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണു നടപടി. എൽപി സ്കൂൾ കുട്ടികളെ പൊരിവെയിലത്തു നിർത്തുന്നതും മുദ്രാവാക്യം വിളിപ്പിക്കുന്നതും ശ്രദ്ധയിൽപെട്ടെന്നു കേരള ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനയച്ച കത്തിൽ പറയുന്നു. 5 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നു നിർദേശിച്ചിട്ടുണ്ട്.

മുസ്‍ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫ് നൽകിയ പരാതി സ്വീകരിച്ച സംസ്ഥാന കമ്മിഷൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ, സ്കൂൾ അധികൃതർ എന്നിവർക്കു നോട്ടിസയച്ചു. ഇവരുടെ വിശദീകരണം ലഭിച്ചശേഷം തുടർനടപടിയെടുക്കുമെന്ന് അധ്യക്ഷൻ കെ.വി.മനോജ് കുമാർ പറഞ്ഞു. നവകേരള സദസ്സിന് അച്ചടക്കമുള്ള വിദ്യാർഥികളെ എത്തിക്കണമെന്നു മലപ്പുറം തിരൂരങ്ങാടി ഡിഇഒ ഉത്തരവിട്ട സംഭവത്തിലും കമ്മിഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ഡിഡിഇ, തിരൂരങ്ങാടി ഡിഇഒ എന്നിവരിൽനിന്നു കമ്മിഷൻ റിപ്പോർട്ട് തേടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments