തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റേയും കുടുംബത്തിന്റേയും ചികിൽസക്ക് 3 ലക്ഷം രൂപ അനുവദിച്ചു. ആന്റണി രാജുവിന്റെ ചികിൽസക്ക് പുറമെ ഭാര്യയുടേയും മകളുടേയും മകന്റേയും അമ്മയുടേയും ചികിൽസയും സർക്കാർ ഖജനാവിൽ നിന്നുതന്നെയാണ്.

അനന്തപുരി ഹോസ്പിറ്റലിൽ ആണ് ആന്റണി രാജുവിന്റെ അമ്മ ചികിൽസ തേടിയത്. പല്ലിന്റെ ചികിൽസക്ക് തിരുവനന്തപുരം അപ്പോള ഡെന്റൽ സെന്റിലാണ് ആന്റണി രാജുവും മകനും ചികിൽസ തേടിയത്.

തിരുവനന്തപുരം ജി.ജി ആശുപത്രിയിലും സെറീൻ സ്കിൻ ആന്റ് ലേസർ സെന്ററിലും ആണ് ആന്റണി രാജുവിന്റെ മകൾ ചികിൽസ തേടിയത്. ഡോ. മോഹൻദാസ് ഡയബെറ്റിസ് സ്പെഷ്യാലിറ്റിസ് സെന്ററിലാണ് ആന്റണി രാജുവിന്റെ ഭാര്യ ചികിൽസ തേടിയത്.

21 സർക്കാർ ഉത്തരവുകളാണ് ആന്റണി രാജുവിനും കുടുംബത്തിനും ചികിൽസ സഹായം അനുവദിച്ച് പുറത്തിറങ്ങിയത്. ആന്റണി രാജു ചികിൽസ ചെലവ് ആവശ്യപ്പെട്ട് പണം ചോദിച്ചാൽ മുഖ്യമന്ത്രി ഉടൻ അനുവദിക്കും എന്ന് 21 ഉത്തരവുകളിൽ നിന്ന് വ്യക്തം.

നവകേരള സദസ് കഴിഞ്ഞാൽ പിണറായി മന്ത്രിസഭ പുനസംഘടനയിലേക്ക് കടക്കുമ്പോൾ ആന്റണി രാജുവിന് മന്ത്രി സ്ഥാനം നഷ്ടപെടും. പകരം ഗണേഷ് കുമാർ മന്ത്രിയാകും. നവകേരള സദസിന് പിണറായിയുടെ മനസ് അറിഞ്ഞ് ആഡംബര ബസ് ഒരുക്കിയ മന്ത്രിയാണ് ആന്റണി രാജു .

എ.ഐ ക്യാമറ അഴിമതിയിൽ പിണറായിക്ക് വേണ്ടി പ്രതിരോധം തീർത്ത ആന്റണി രാജുവിനെ പിണറായി മറ്റൊരു സുപ്രധാന പോസ്റ്റിൽ പ്രതിഷ്ഠിക്കുമെന്നാണ് സൂചന.

നവകേരള സദസിൽ ആരോഗ്യ കേരളത്തെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കുമ്പോഴും സർക്കാർ ആശുപത്രികളെ വിശ്വാസമില്ലാതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും.