ഡേറ്റിംഗ് ആപ്പില്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് യുവാവിനെ കുരുക്കി തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഘം അറസ്റ്റില്‍. ഇന്നലെ രാത്രിയിലാണ് ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഒരു യുവതിയെ കാണാനെന്നുപറഞ്ഞ് ഇടപ്പള്ളി സ്വദേശിയായ യുവാവിനെ പടമുകൾ ഭാഗത്തേക്ക് വിളിച്ചുവരുത്തിയത്.
അവിടെയെത്തിയ ഇയാളെ ഒരുസംഘം ആളുകൾ ചേർന്ന് തടഞ്ഞുവെയ്ക്കുകയും മർദ്ദിക്കുകയുമായിരുന്നു. പിന്നീട് ഇയാളുടെ ഫോണിലുണ്ടായിരുന്ന സ്വകാര്യ വിവരങ്ങളടക്കം ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യിപ്പിച്ചു.
അതിനുശേഷം മുറിയിൽ പൂട്ടിയിടുകയും ഒരുലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ന് രാവിലെയാണ് ഇയാളെ ഇവർ പുറത്തേക്ക് വിട്ടത്. നേരെ പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് സംഭവിച്ച കാര്യങ്ങൾ പറയുകയും അക്രമിസംഘത്തിന്റെ ലൊക്കേഷൻ കണ്ടെത്തി പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത്തരം നിരവധി പേരിൽ നിന്ന് പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമികമായി അറിയുന്നത്. വിശദമായ അന്വേഷണം തുടരുകയാണ്.