Kerala Government News

എം.ആർ അജിത് കുമാർ ഡിജിപിയാകും; നടപടികൾ ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്ത പോലീസ് ഉദ്യോഗസ്ഥൻ എഡിജിപി എംആർ അജിത് കുമാറിന് സ്ഥാനക്കയറ്റത്തിന് കളമൊരുങ്ങുന്നു. ഡിജിപി ആയി സ്ഥാനക്കയറ്റം നാൽകാനുള്ള സർക്കാർ നടപടികൾ ആരംഭിച്ചു. ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റി എംആർ അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നൽകി. UPSC യാണ് ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. എങ്കിലും സംസ്ഥാന സർക്കാരിന്റെ താൽപര്യങ്ങൾക്കെതിരെ യുപിഎസ്സി തീരുമാനങ്ങൾ കൈക്കൊള്ളില്ലെന്നതാണ് ചരിത്രം.

പൂരം കലക്കൽ, ആർഎസ്എസ് കൂടിക്കാഴ്ച്ച, ആഡംബര വീട് പണിയൽ, പി.വി. അൻവർ എംഎൽഎ ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങൾ, തുടങ്ങീ പലവിധ വിവാദങ്ങളിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥനാണ് എംആർ അജിത് കുമാർ. എന്നാൽ ആരോപണങ്ങളിൽ അന്വേഷണം നടന്നുവരുന്നതേയുള്ളൂ. ഇതിലൊന്നും കേസുകളൊന്നും തന്നെ അജിത്കുമാറിനെതിരെ രജിസ്റ്റർ ചെയ്തിട്ടുമില്ല. ഇതുകൊണ്ടുതന്നെ സ്ഥാനക്കയറ്റം പോലുള്ള കാര്യങ്ങളിൽ തടസ്സമുണ്ടാകില്ലെന്നാണ് കരുതുന്നത്.

ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റി. അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്.

നിലവിൽ ഒരുവിവാദങ്ങളിലും അജിത്കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയെങ്കിലും സസ്പെൻഷൻ അടക്കമുള്ള നടപടികൾ അജിത്കുമാർ നേരിട്ടിട്ടില്ല. ഒരു ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റിയതേയുള്ളൂ.

ഈ മാറ്റം ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി മെമ്മോ നൽകിയിട്ടുമില്ല. അതിനാൽ സ്ഥാനക്കയറ്റം ലഭിക്കാൻ അജിത്കുമാറിന് വെല്ലുവിളികൾ ഉണ്ടാവില്ല. അനധികൃത സ്വത്ത് സമ്പാദന കേസിൽ രണ്ടാഴ്ച കൊണ്ട് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *