കൊല്ലം ജില്ലാ സമ്മേളന വേദിയിൽ ബിയർ ബോട്ടിലിന്റെ രൂപത്തിലുള്ള ചില്ലുകുപ്പിയിൽ വെള്ളം കുടിച്ചതിനെ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം (Dr. Chintha Jerome). ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ പാർട്ടി നേതൃത്വവുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചു.
തവിട്ടു നിറത്തിലുള്ള ചില്ലു കുപ്പികളിലാണ് സമ്മേളന വേദിയിൽ കരിങ്ങാലിവെള്ളം എത്തിച്ചത്. ഇവ ബിയർ കുപ്പികളാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം പ്രചാരണം നടത്തിയത്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നത് ദൗർഭാഗ്യകരമാണെന്ന് ചിന്ത പറഞ്ഞു. ”പാർട്ടിയെ ആക്രമിക്കാനുള്ള മോശപ്പെട്ട ശ്രമമാണ് ഉണ്ടായത്. മൂന്നു ദിവസമായി ഞാൻ പാർട്ടി സമ്മേളനത്തിലായിരുന്നു. ബിയർ കുപ്പി വിവാദമാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ചൂടുവെള്ളം കുപ്പിയിൽ കൊടുത്തതാണ്.
മനോനില പരിശോധിക്കണം
തൻ്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിന്ത ജെറോം നല്‍കിയ മറുപടി ഇങ്ങനെ: –
കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം.
സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയിൽ ആണ് സംഘടിപ്പിപ്പെടുന്നതു. ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂർവം അർത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമർശനങ്ങളുമായി ഒരുകൂട്ടർ ഇറങ്ങി പുറപ്പെടുന്നത്.
വരുംകാലത്തിൻ്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിർണയിക്കാനുള്ള പ്രധാനപ്പെട്ട ചർച്ചകളുടെ ഇടമാണ് പാർട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനവും. പ്രയോഗത്തിൻ്റെ പ്രത്യയശാസ്ത്ര രൂപമാണ് മാർക്സിസം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിൻ്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.
അതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിൻ്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ‘ നന്നാക്കികൾ’ പ്രചരിപ്പിക്കുന്നത്. സത്യാനന്തര രാഷ്ട്രീയത്തിൽ എങ്ങനെയാണ് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിൻ്റെ സാക്ഷ്യമാണ് നിലവിലെ ബിയർ കുപ്പി പരിഹാസം.
പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല എന്ന് ബോർഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർ – അസത്യ പ്രചാരകർ കള്ളങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അവർ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാൻ തയ്യാറാവണം.